Saturday, July 21, 2007

പോക്കരും പൈപ്പും

പോക്കര്‍ സൌദിയില്‍ നിന്ന് ലീവിനെത്തിയ കാലം. എന്നും രാവിലെ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസം ഹോട്ടലിലെ കാലിളകിയ ബെഞ്ചില്‍ ചായക്കെത്തുമായിരുന്നു. പുട്ടും ചായയും കൂടെ ഫ്രഷ്‌ ബഡായികളും ഫ്രീയയി കിട്ടും എന്നതിനാല്‍ കുട്ടന്നായരടക്കം എല്ലാവരും എന്നും പോക്കരേയും കാത്തിരുന്നു.

പതിവ്‌ പോലെ അന്നും ചൂടുള്ള പുട്ട്‌ വായിലേക്കിടും മുമ്പ്‌ കുട്ടന്നായര്‍ തുടങ്ങി വെച്ചു. "അല്ല പോക്കരേ ഇജ്ജ്‌ സൌദീല്‍ എല്ലായിടത്തും പോയിട്ടുണ്ടോ... ?"

"ഉം.. സൌദീലും പിന്നെ കുവൈത്തിലും"

"അത്‌ രണ്ടും രണ്ട്‌ രാജ്യങ്ങളല്ലേ...?"

"അതെ... ഞാന്‍ അറിയാതെയാ കുവൈത്തില്‍ എത്തിയത്‌."

"ഹൊ... അതെങ്ങനെ..."

"അതൊരു കഥയാ..."

കുട്ടന്നായര്‍ മാതൃഭൂമി മടക്കി. ബാക്കി ശ്രോതാക്കള്‍ ഇളകിയിരുന്നു.

ഇതിനിടയില്‍ അകത്ത്‌ നിന്ന് ചെട്ട്യാര്‍ ചോദിച്ചു.
"പോക്കരേ എല്ലാര്‍ക്കും ഓരൊ പഴം കൂടി കൊടുത്താലോ..."

ട്രിപ്പിള്‍ ഫൈവിന്റെ പാക്കറ്റ്‌ തുറന്ന് എല്ലാവര്‍ക്കും വേണ്ടി നീട്ടവേ പോക്കര്‍ "ങ്ങള്‌ കൊടുക്കീ ചെട്ട്യേരെ..." എന്ന് മറുപടിയും കൊടുത്തു.

"ന്നാ പറ ന്റെ പോക്കരേ ഇജ്ജ്‌ എങ്ങെനെ കുവൈത്തില്‍ എത്തീത്‌..."

"ഇങ്ങക്കറിയോ നായരേ... ഞമ്മളെ നാട്ടിലെ കിണറ്‌ പോലെ പച്ചവെള്ളം മാത്രം അല്ല അവുടെ."

"പിന്നെ"

"അവുടെ പല ടൈപ്പ്‌ കിണറുണ്ട്‌... മൊത്തത്തില്‍ എണ്ണക്കിണറ്‌ എന്നും വെള്ളക്കിണറ്‌ എന്നും രണ്ട്‌ ഐറ്റം."

"ആണോ...?"

"അതെ... നമ്മളെ നാട്ടില്‍ കിണറ്‌ കുഴിക്കുമ്പോലെ അവിടേം കിണറ്‌ കുഴിക്കും. വെള്ളം കാണുന്നത്‌ പെട്രോള്‍ ആണെങ്കില്‍ പെട്രോള്‍ കിണര്‍... ഡീസല്‍ ആണെങ്കില്‍ ഡീസല്‍ കിണര്‍. മണ്ണണ്ണ കിണര്‍, ഇനി പച്ചവെള്ളമാണെങ്കില്‍ വെള്ളക്കിണര്‍."


"ഈ കിണറ്റില്‍ നിന്ന് തൊട്ടടുത്ത സ്ഥലങ്ങളിലേക്കൊക്കെ പൈപ്പുണ്ട്‌. ദൂരെ സ്ഥങ്ങളിലേക്ക്‌ എണ്ണ കൊണ്ട്‌ പോവാന്‍ വല്ല്യ ടാങ്കിലേക്ക്‌ മോട്ടറിടിച്ച്‌ നിറക്കും. ഇത്‌ വിറ്റാണ്‌ അറബികള്‍ ബല്ല്യ പണക്കാരായത്‌... ഇങ്ങക്ക്‌ തിരിഞ്ഞോ ?."


"ആണോ... പിന്നെ ഇജ്ജ്‌ എങ്ങനെയാ കുവൈത്തില്‍ എത്തിയത്‌. അത്‌ പറ."

പോക്കര്‌ കുറച്ച്‌ നേരം അലോചിച്ചു... മറുപടിക്കായി എല്ലാവരും ശ്രദ്ധിച്ചിരുന്നു.

"അത്‌ പിന്നെ വേറെ ഒരു കഥ"

"പറ..." കുട്ടന്നായര്‍ മാതൃഭൂമി മടക്കി.

"എല്ലാവര്‍ഷവും നമ്മള്‍ കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ഒക്കെ മണ്ണെടുക്കാറില്ലേ. അത്‌ പോലെ എണ്ണകിണറ്റില്‍ നിന്നും മണ്ണെടുത്ത്‌ വൃത്തിയാക്കും."

"ആ വര്‍ഷം ഞാനും ഒരു പാക്കിസ്ഥാനിയും ആയിരുന്നു മണ്ണെടുക്കാന്‍ കരാറെടുത്തത്‌. ഞാന്‍ കിണറ്റിലറങ്ങി മണ്ണ്‍ കൊട്ടയിലാക്കി കയറ്‌ കെട്ടികൊടുക്കും. അവന്‍ കരക്ക്‌ വലിച്ച്‌ കയറ്റി ദൂരെ കൊണ്ട്‌ പോയി കളയും."


"അങ്ങനെ മണ്ണെടുത്ത്‌ കോട്ടയില്‍ മുകളിലേക്ക്‌ അയച്ച്‌ കൊണ്ടിരിക്കെ കിണറിന്റെ ഏകദേശം തെക്കേ ഭഗത്ത്‌ ഒരു വലിയ പാറ കണ്ടു"

"എന്നിട്ട്‌"

"കൈക്കോട്ടിലെ മണ്ണ്‍ കളയാന്‍ ഞാന്‍ ആ പാറയില്‍ വെറുതേ ഒന്ന് തട്ടി... അത്‌ പതുക്കേ ഇളകി. ഏതായാലും ഇളകിയതല്ലേ... ഈ മണ്ണെടുക്കുന്ന കൂട്ടത്തില്‍ ഈ കല്ലുകൂടി എടുക്കാം എന്ന് കരുതു അത്‌ ഇളക്കിയെടുത്തു."

"പൊന്നു നായരേ... അപ്പോഴല്ലേ ആ കാഴ്ച കണ്ടത്‌."

"അതിന്റെ ചോട്ടീന്ന് തോട്ടിലൂടെ കര്‍ക്കിടമാസം വെള്ളം വരും പോലെ പെട്രോള്‌... ഞാന്‍ അതില്‍ മുങ്ങി പൊങ്ങാന്‍ തുടങ്ങി."

"എന്നിട്ടോ..."

"അപ്പ്പോഴാണ്‌ എനിക്ക്‌ ഒരു ഐഡിയ തോന്നിയത്‌. എണ്ണക്കിണറില്‍ നിന്ന് കുവൈത്തിലേക്കും ഇറാഖിലേക്കും ഒക്കെ വലിയ കുഴല്‌ വഴിയാണ്‌ എണ്ണ കൊണ്ടുപോവാറുള്ളത്‌... ഞാന്‍ ആ കുഴലില്‍ കയറി ഇരുന്നു... കിണറില്‍ എണ്ണ കയറുന്നതനുസരിച്ച്‌ കുഴലിലൂടെ ഒഴുകി വേറെ എവിടെയോ എത്തി."

"ഒരു അറബി അയാളുടെ തലയില്‍ കെട്ടുന്ന കയറില്‍ തൂങ്ങി ഞാന്‍ കരയിലെത്തി."

"അത്‌ എവിടെ..."

"അത്‌ കുവൈത്ത്‌ ആയിരുന്നു..."

"ശ്ശോ... അപ്പോ സൌദി രക്ഷപ്പെട്ടു" ഇതും പറഞ്ഞ്‌ കുട്ടന്നായര്‍ വീണ്ടും മാതൃഭൂമി നിവര്‍ത്തി.

"പിന്നെ അത്‌ കൊണ്ട്‌ ഒരു നഷ്ടം ഉണ്ടായി. സൌദീലെ എണ്ണകിണറില്‍ വളത്തിയിരുന്ന വരാലുകളെ മുഴുവന്‍ ആ പാക്കിസ്ഥാനി ഒറ്റക്ക്‌ തിന്നേണ്ടി വന്നിരിക്കും. നല്ല ഒന്നാം നമ്പ്രര്‍ മീനായിരുന്നു. ചുട്ടെടുക്കാന്‍ തീ പോലും വേണ്ട."

"അതെന്താ..."


പെട്രോളിന്‍ നിന്നായത്‌ കൊണ്ട്‌ വെറുതെ ഒരു തീപ്പെട്ടി കൊള്ളി കത്തിച്ചിട്ടാല്‍ മതി... വേവ്‌ പാകമാവുമ്പോള്‍ ഊതി കെടുത്തിയാല്‍ മതി.

പക്ഷേ പിന്നെ തിരിച്ച്‌ സൌദീക്ക്‌ പോവാന്‍ അതിലും ബുദ്ധിമുട്ടി..."

അടുത്ത ബഡായി കേള്‍ക്കാനായി കുട്ടന്നായര്‍ മതൃഭൂമി പിന്നെയും അടച്ചു.

Tuesday, May 22, 2007

കള്ളന്‍ ജബ്ബാറും പോക്കരും

മമ്മത്‌ രാവിലെ ചെട്ട്യാരുടെ പീടികയിലൊന്ന് പോയി ഒന്ന് കറങ്ങി തിരിച്ച്‌ വരുമ്പോഴാണ്‌ പോക്കരെ കണ്ടത്‌.

"ഇജ്ജ്‌ എങ്ങട്ടാ..."

"ഞാന്‍ ആ ചെട്ട്യാരെ പീട്യ വരെ..."

"എന്നും ജ്ജ്‌ നേരത്തെ പോണതല്ലേ... ഇന്ന് ന്താ പോക്കരെ ഇത്ര വൈകിയത്‌ ...?"

"ഹോ അതൊന്നും പറയണ്ട ന്റെ മമ്മതേ... ഇന്നലെ രാത്രി വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി... തിരിച്ച്‌ വന്നപ്പോ മൂന്ന് മണി. പിന്നെ ഒന്ന് ഒറങ്ങി എണീറ്റപ്പോ നേരം ഇത്ര അയ്‌ക്‍ണ്‌. ഇഞ്ഞ്‌ ആ ചെട്ട്യാരുടെ പീട്യേല്‍ ഒന്ന് പോണം... ആ നായരുണ്ടോ അവ്‌ടെ..."

"ന്ത്‌നാ അയാള്‌.... ?

"ആ മണുക്കൂസന്‍ നായര്‌ ഇന്നലെ വൈന്നേരം ന്നെ പറ്റിച്ചു."

"ന്തേ..."

"അയാള്‍ ന്നലെ വൈന്നാരം ചെട്ട്യാരെ പീടില്‍ വെച്ച്‌ പറഞ്ഞ്‌ മ്മടെ കുഞ്ഞന്റെ പെരീല്‌ ആരും ഇല്ല്യാ... അത്‌ കേട്ടപ്പോ ഇന്ന് രാത്രി ആ വയിക്ക്‌ പോയാ വല്ലതും തടയുമ്ന്ന് കരുതിയാ പോയത്‌."

"ന്ന്ട്ടോ...?"

"ഇന്നലെ അന്തിക്ക്‌ ചോറും കഴിഞ്ഞ്‌ അതിന്‌ പോയതായിരുന്നു. കുഞ്ഞനും മക്കളും ഇല്ല്യങ്കിലും ഒരു പണ്ടാര നായി ഉണ്ട്‌ അവ്‌ടെ... ന്നെ കണ്ടതും കൊരച്ചോണ്ട്‌ പിന്നാലെ ഓടി... എന്തോര്‌ ഒച്ചെണന്നോ ആ ഇബലീസിന്‌. പിന്നെ ബയങ്കര സ്പീഡും... "

"ന്നട്ട്‌ അന്നെ കടിച്ചോ..."

"ഉം ഉം ... ഞാന്‍ മണ്ടി കെയ്ച്ചിലായി. ഓന്‍ പിന്നാലെണ്ടായിരുന്നു. പള്ളിക്കാട്ടിന്റെ ഔടെ എത്തിയപ്പോ ഒനെ കണ്ടില്ല... അങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ നേരം വെളുക്കാറായി വീടെത്തിയപ്പോ..."

"ഒഹോ..."

"പിന്നെ ഇന്നലെ ഞാന്‍ നമ്മുടെ കള്ളന്‍ ജബ്ബാറിനേം കൂട്ടരേം കണ്ട്‌. പള്ളീക്കാട്ടില്‍ വെച്ച്‌..."

"ഇന്റള്ളാ... ഇന്ന്ട്ട്‌ ആ ശൈത്താന്‍ അന്നെ വല്ലതും ചെയ്തോ..."

"ഞാന്‍ പള്ളിക്കാട്ട്ക്ക്‌ ഓടിക്കേറി കൊറെ നേരം ഒളിച്ചിരുന്നു. ആ പണ്ടാരം കുഞ്ഞന്റെ നായി പോയോ എന്നറിയാന്‍..."

"ന്ന്ട്ട്‌..."

"അവ്‌ടെ ഇര്ന്ന് ഒരു ബീഡി വലിക്കുമ്പോയാണ്‌ കള്ളന്‍ ജബ്ബാറും കൂട്ടരും ആ വയിക്ക്‌ വന്നത്‌. ഓല്‌ അവ്‌ടെ ഇരന്ന് ബര്‍ത്താനം പറയാന്‍ തുടങ്ങി..."

"ന്ന്ട്ട്‌"

"ഓല്‌ ന്നെ കണ്ടാള്ള കഥ അറിയാല്ലോ... ചെലപ്പോ ബെട്ടിക്കൊല്ലും. ഇക്ക്‌ ആദ്യം കരച്ചില്‌ ബന്നു. പിന്നെ ഓല്‌ കാണാതെ പുറത്ത്‌ക്ക്‌ നടക്കേരുന്നു."

"ഉം"

"അങ്ങനെ നടക്‌ക്‍മ്പോഴാണ്‌ മിഞ്ഞാന്ന് മരിച്ച അയമു കക്കന്റെ കബറ്‌ കണ്ടത്‌... ദുന്‍യാവ്ന്ന് ഞമ്മളെ ഒരുപാട്‌ സഹായിച്ച ആളല്ലേ... ഒന്ന് സലാം പറയാന്‍ വെച്ചു."

"ഉം"

"അയമു കാക്കന്റെ കബറിന്റെ തലഭാഗത്ത്‌ ഇരുന്ന് ഞാന്‍ കബാറാളിക്ക്‌ സലാം പറഞ്ഞു. പക്ഷേ ആ ചെയ്താന്മാര്‌ അത്‌ കേട്ടു."

"ന്റള്ളോ... ന്ന്ട്ടോ..."

"ജബ്ബാറ്‌ ഒറ്റച്ചോദ്യം... ആരാടാ അത്‌. ഞാന്‍ തോര്‍ത്ത്‌ തലയിലിട്ടിരുന്നു. ഒന്നും മറുപടി പറഞ്ഞില്ല. ഓന്‍ പിന്നേം ചോദിച്ചു... ആരാന്ന ചോദിച്ചത്‌. മര്യാദയ്ക്ക്‌ പറാഞ്ഞോ..."

"ന്ന്ട്ട്‌"

"ഇക്ക്‌ ആകെ പേടി ആയി. ഓല്‌ എല്ലാരും കൂടെ ന്റെ അടുത്തേക്ക്‌ വന്നപ്പോ ഞാന്‍ തല കുനിച്ച്‌ ഇരുന്നു. അടുത്ത്‌ വന്ന് ന്നോട്‌ ചോദിച്ചു ആരാ..."

ഞാന്‍ പറഞ്ഞ്‌ "അയമു വാ..."

"ന്ത്‌നാ ഇവിടെ ഇരിക്കുന്നത്‌..."

"കബറ്ക്ക്‌ ചൂണ്ടി ഞാം പറഞ്ഞു അകത്ത്‌ ബയങ്കര ചൂടും പൊയിം സഞ്ചാരും... കാറ്റ്‌ കൊള്ളാന്‍ ബേണ്ടി പുറത്ത്‌ എറങ്ങി ഇരുന്നതാ..."

പിന്നെ ജബ്ബാറും കൂട്ടരും കരഞ്ഞ്‌ കൊണ്ട്‌ ഒറ്റ ഓട്ടായിരുന്നു."

Tuesday, April 17, 2007

മമ്മതിന്റെ ഇന്റര്‍വ്യൂ...

അന്ന് പോക്കര്‍ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസത്തിലേക്ക്‌ കയറുമ്പോള്‍ കൂടെ കുറച്ചാളുകള്‍ കൂടി ഉണ്ടായിരുന്നു. മാതൃഭൂമി പത്രം തന്റെ കണ്ണോട്‌ അടുപ്പിച്ച്‌ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന കുട്ടന്നായര്‍ ഒന്ന് കണ്ണുയര്‍ത്തി നോക്കി... പോക്കരൊന്ന് ചിരിച്ചു.

"നായരേ ഇതൊക്കെ നമ്മളെ കൂട്ടുകാരാ... "

മൂക്കിന്റെ അറ്റത്തിരിക്കുന്ന കണ്ണടക്ക്‌ മുകളിലൂടെ കുട്ടന്നായര്‍ ഓരുത്തരയായി നോക്കി... 'ഇതൊക്കെ ആരാ പോക്കരേ' എന്നൊരു ചോദ്യവും...

പോക്കര്‌ വിശദീകരിച്ചു.

"ഇത്‌ നമ്മളെ അമ്മോന്റെ മോനാ. പേര്‌ മമ്മു ബോംബീലാ ജോലി... പിന്നെ ഇത്‌ ഓന്റെ കൂട്ടുകാരാ... നാസറ്‌, തോമ, കുഞ്ഞാപ്പു, ബാലന്‍, രാജന്‍"

എല്ലാവരേയും കുട്ടന്നായരൊന്ന് ഇരുത്തി നോക്കി. അടുപ്പില്‍ പുകയൂതുന്ന ചെട്ട്യാര്‌ ഒന്ന് തലയുയര്‍ത്തി...

"അല്ല പോക്കരേ ഇങ്ങക്കൊന്നും വേണ്ടേ"

"പിന്നെ ... എല്ലാര്‍ക്കും വേണം. ബേണ്ടത്‌ ഇന്താച്ചാ ചോയ്ച്ച്‌ ബാങ്ങിക്കൊളീ..."

"ചിക്കനും മട്ടനും ഒന്നും കിട്ടില്ലേ ഇവിടെ... ?" കൂട്ടത്തിലാരോ ചോദിച്ചു."

"ഇബടെ പുട്ടും കടലീം കിട്ടും. പിന്നെ പപ്പടം, പഴംപൊരി, ഉണ്ട, പരിപ്പ്‌ വട ഇതൊക്കണ്ട്‌" ചെട്ട്യാര്‍ അവസാനിപ്പിച്ചു.

"ഹോ... അല്ലെങ്കിലും ഇങ്ങനത്തെ സ്ഥലത്ത്‌ ഒന്നും കിട്ടില്ലാന്നേ..." ആരോ ഒരാള്‍ കൂടി പറഞ്ഞു.

"ഏതായാലും പുട്ടും കടലയും തന്നേക്കൂ..."

"ചായ വേണ്ടേ..." ചെട്ട്യേര്‌.

"ഇക്കൊരു സാദാ ചായ." പോക്കര്‌ പറഞ്ഞു.

"ഇവിടെ ഒരു ലെയ്റ്റ്‌"

"ഇവിടെ ഒരു സ്ട്രൊങ്ങ്‌"

"ഇവിടെ ഒരു മധുരം കുറവ്‌"

"ഇവിടെ ഒരു സുലൈമാനി"

"ഇവിടെ ഒരു ഓപ്പണ്‍..."

ചെട്ട്യേര്‌ ഒരു നിമിഷം അടുപ്പില്‍ ഊതുന്നത്‌ നിര്‍ത്തി എണീറ്റു... എല്ലാവരേയും മാറി മാറി നോക്കി... എന്നിട്ട്‌ ചായ അരിപ്പയും അതിന്റെ പാത്രവും കയ്യിലെടുത്തു... അരിപ്പ്‌ ഉയര്‍ത്തി അതിലേക്ക്‌ കുറച്ച്‌ ചായപൊടി കൂടി ഇട്ടു എന്നിട്ട്‌ പറഞ്ഞു...

"പിന്നേയ്‌... ഒരു കാര്യം... ഈ സഞ്ചിയിലൂടെ വരുന്ന ഒരു ചായ ണ്ടാവും... സൌകര്യണ്ടെങ്കില്‍ കുടിച്ച്‌ എണീറ്റ്‌ പൊയ്‌ക്കൊള്ളണം..." ഇരിക്കുന്നവരുടെ മുഖത്തെ സൈക്കിളില്‍ നിന്ന് വീണ ചിരികണ്ട് കൂട്ടന്നായര്‍ ഉള്ളില്‍ ചിരിച്ചു.


അപ്പോഴാണ്‌ മമ്മു ചോദിച്ചത്‌... "അല്ല പോക്കരേ നമ്മുടെ മമ്മതിന്റെ ഹാല്‌ ഇപ്പോ എന്താ..."

"ഓന്‍ വല്ല്യ സുജായി അല്ലേ സൌദീല്‌... കൊറേ കാലം ഒരു പണീം ഉണ്ടായിരുന്നില്ല. അവസാനം ഞാന്‍ എടപെട്ടാ ഒരു പണി ശരിയാക്കിയത്‌."

"അതെങ്ങനെ"

"കുട്ടാന്നായര്‍ മാതൃഭൂമി മടക്കി."

"ഞനറിണ അറബിണ്ട്‌ അവിടെ... അയാളാണ് പണികൊടുത്തത്."

"എന്തായിരുന്നു ജോലി"

"ഈത്തപ്പഴം പറിക്കലാണ് ജോലി"

"അതിന്‌ മമ്മതിന്‌ അത്‌ അറിയോ ?"

"ഹേയ്‌... അത് അറീല്ല.. ന്നാലും ഇവിടെ നിന്ന് എടയ്ക്‌ ഇന്റെ ഒപ്പം ജോലിക്ക്‌ പോരുമായിരുന്നു. അതോണ്ട് തെങ്ങ് കയറാന്‍ അറിം... ഏത് ഇരുട്ടത്തും."

"ന്ന്‌ട്ട്"

"ന്ന്‌ട്ട്‌ന്താ... ആദ്യം ഓനോട്‌ ഇന്തപ്പനയില്‍ കേറാന്‍ പറഞ്ഞു."

" ഓന്‍ കൊറച്ച് ബുദ്ധിമുട്ടി അതിമേ കേറി.... തായത്ത് അറബിം ഞാനും ഉണ്ട്...”“

“ന്നാ ഞ്ഞ് എറങ്ങട്ടേ...” അറബി പറഞ്ഞു. ഞാന്‍ അത് മലയാളത്തിലാക്കി ഓനോട് പറഞ്ഞു“

“ന്നാ ഒന്‍ എറങ്ങാതെ ഈന്താപ്പന മട്ടലും പിടിച്ചങ്ങനെ നിന്നപ്പോ ഞാന്‍ ചോദിച്ചു...“

“ന്താ മമ്മതേ കൊയപ്പം”


“ഇക്ക്‌ എറങ്ങാന്‍ പറ്റ്ണില്ലാ... പോക്കരേ... കയ്യും കാലും വെര്‍ക്കുന്നൂ... ഞാന്‍ ചാടട്ടേ... ?"

"ന്ന്ട്ട്‌"

"പോക്കര്‌ പറീണത്‌ അറബിം കേട്ട്‌... ന്ന്ട്ട്‌ ന്നോട്‌ അറബീല്‍ ചോയ്ച്ചു... " ന്താ പോക്കരേ ഓന്‍ പര്‍ണത്‌... എന്ന്"

"അപ്പൊ ഇജ്ജ്‌ ന്താ പറഞ്ഞേ..."

ആദ്യം മമ്മതിനോട് പുടിച്ച് നിക്കന്‍ പറഞ്ഞു... എന്ന് അറബിനോട് പറഞ്ഞു

" ഓന്‍ ആ ഈന്ത മരത്തീന്ന് അപൊറത്ത്‌ കാണുന്ന ഈന്തമരത്ത്‌ക്ക് ചാടിക്കോട്ടേ ന്ന് ചോയ്ച്ചതാ....”

അറബി ആകെ അജബായി.... പിന്നെ പറഞ്ഞു...

ഇഞ്ഞ് മുതല്‍ മമ്മാതാണ്‌ ഇത്തപ്പഴം പറിക്കുന്നവരുടെ മുദീറ്‌...."

“അന്ന് മുതല്‍ ആ പഹയന്റെ കാര്യം കുശാലാ....“

പതിവ്‌ പോലെ നിറഞ്ഞ വയറുമായി കുട്ടന്നായരെഴുന്നേറ്റു....

Tuesday, April 10, 2007

തോക്കിന്റെ ഉപയോഗങ്ങള്‍.

ശ്രീകൃഷ്ണവിലാസത്തിലെ ഇളകുന്ന ബെഞ്ചിലിരുന്ന് കുട്ടന്നായര്‍ പതിവ്‌ പോലെ മാതൃഭൂമി പത്രത്തിന്റെ ചരമക്കോളം അരിച്ച്‌ പെറുക്കി വായിക്കുന്നതിനിടയിലാണ്‌ പോക്കര്‍ പുട്ടും കടലയും തട്ടാനെത്തിയതായത്‌. ചരമക്കോളത്തില്‍ ഏതോ എക്സ്‌ മിലിറ്ററിയുടെ ചരമ വാര്‍ഷികം കണ്ടപ്പോള്‍ നായര്‍ പോക്കരോട്‌ ചോദിച്ചു.

"അല്ല പോക്കരെ... അന്റെ അളിയന്‍ ഇപ്പോഴും പട്ടാളത്തിലല്ലേ...?"

വായില്‍ നിറഞ്ഞ പുട്ട്‌ ഇത്തിരി ചായയെഴിച്ച്‌ ചവച്ചിറക്കി പോക്കര്‍ ഒന്ന് ഇളകിയിരുന്നു.

"പിന്നെ... ഓന്‍ ആങ്കുട്ട്യല്ലേ. ആങ്കുട്ട്യേക്കേ പട്ടാളത്തീ ചേരാന്‍ പറ്റൂ. അതിനൊക്കെ ഒരുപാട്‌ പരീക്ഷകളുണ്ട്‌"

"ന്ത്‌ പരീക്ഷ."

"ന്റെ അളിയന്‍ പരീക്ഷ കോയിക്കോട്ട്‌ ആയിരുന്നു. ചോദ്യം ചോയ്ക്കാന്‍ വന്നത്‌ ബയങ്കര താടിം ഹലാക്ക്‌ പിടിച്ച തലേക്കെട്ടും ഉള്ള ഒരു മൊയ്‌ല്യാരായിരുന്നു. മലയാളത്തില്‍ ഒരച്ചരം മുണ്ടൂല്ല... എന്ത്‌ പറഞ്ഞാലും അവസാനം ‘ഹെ‘... ന്ന് മലയാളത്തില്‍ പറയും."

"എന്തിനാ... ഈ ‘ഹെ’"

"ഇപ്പ നമ്മള്‌ മലയാളത്തീ പറയറില്ലേ... എന്താണ്‌ ‘ഹെ‘ അന്റെ പേര്‌ ന്ന്. അയാള്‌ 'എന്താണ്‌ അന്റെ പേര്‌ ന്ന് ആര്‍ക്കും മനസ്സിലാകാത്ത ഭഷയില്‍ പറഞ്ഞ്‌ പിന്നെ ഹെ ന്ന് മലയാളത്തില്‍ പറയും."

"ഓഹോ..."

"പക്ഷേ ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാരും ആ മൊയ്‌ല്യാരും ചില്ലറ വ്യാത്യാസണ്ട്‌."

"അതെന്താ"

"ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാര്‌ പാന്റിട്ടാല്‍ തലേക്കെട്ട്‌ കെട്ടൂല്ല... അയാള്‌ പാന്റിട്ട്‌ തലേക്കെട്ട്‌ കെട്ടീട്ടുണ്ട്‌. പിന്നെ ഇവിടെ വെള്ള തലേക്കെട്ടാ... അയാളുടെ തലേല്‌ ഒരു പച്ചക്കളറ്‌ കെട്ടായിരുന്നു. പിന്നെ ഇബടള്ള മോയ്‌ല്യാമാര്‍ക്ക്‌ ചെവിണ്ട്‌... അയാക്ക്‌ ചെവിയില്ല. ന്നാലും കേള്‍ക്കും ന്നാ തോന്നണത്‌."

"അങ്ങനെ കൊറേ കഷ്ടപ്പെട്ടാ ഓന്‍ പട്ടാളത്തില്‍ ചേര്‍ന്നത്‌. ഇങ്ങള്‌ സരിക്കും തോക്ക്‌ കണ്ടിട്ട്‌ ണ്ടോ നായരെ..."

"ഉം..."

"എപ്പോ..."

"മ്മളെ തറേലെ അയമ്മുട്ടി കൊക്കിനെ കൊല്ലാന്‍ കൊണ്ടന്ന തോക്ക്‌."

"ഹും... അതൊക്കെ ഒരു തോക്കാണോ നായരേ... സരിക്കുള്ള തോക്ക്‌ കണ്ടാ അപ്പോ ഇങ്ങള് അയിനെ ന്താ വിളിക്ക്ആ..."

"ഇത്രേം വലുതാണോ... ശരിക്കുള്ള തോക്ക്‌"

"പിന്നെ ബയങ്കര ബല്‍പ്പം ആണ്‌..."

"എങ്ങനെയാ അത് ഉപയോഗിക്കുന്നത്..."

"അയമുട്ടി കൊക്കിനെ കൊല്ലുമ്പോ എങ്ങനെയാ... ആ തോക്ക്‌ മൂക്കിന് നെരെ പിടിച്ച്‌ അയിന്റെ മോളിലുള്ള ഓട്ടയില്‍ കൂടി കൊക്കിനെ സൂക്ഷിച്ച്‌ നോക്കും... പിന്നെ തായെ ഒരു കൊള്ളീല്ലേ അതീ പിടിച്ച്‌ വലിക്കും. കൊക്കിന്‌ ഭാഗ്യല്ല്യങ്കില്‍ കൊക്ക്‌ ചാവും... ഇങ്ങനല്ലേ..."

"ഉം... അങ്ങനെ തന്നെ"

"എന്ന ഇന്റെ ആളിയന്റെടത്ത്‌ള്ള തോക്കിന്റെ കൊയല്‌ തന്നെ ഒരു ഒന്നൊന്നര കൊയലാ... പിന്നെ തായെള്ള കൊള്ളീല്‌ പിടിച്ചാല്‍ സറസറാ.... ന്ന് ബെടി പൊട്ടും. ഒരു ബട്ടം നെക്കിയാല്‍ ഒരു നൂറ്‌ ഉണ്ടയെങ്കിലും ആ കൊയലിലൂടെ പോവും.

"പിന്നെ... ഇജ്ജ്‌ കണ്ടട്ടണ്ടോ...?"

"പിന്നെ കാണാതെ..."

"എങ്ങനെ..."

"കയിഞ്ഞ തവണ ബീവാത്തൂന്റെ വീട്ടില്‍ പോയപ്പോ അളിയന്‍ ഉണ്ട്‌ അവടെ... ആ തോക്കുണ്ട്‌."

"എന്നിട്ട്‌"

"ബീവാത്തു പറഞ്ഞു. ചമന്തിയരക്കാന്‍ കുറച്ച്‌ മാങ്ങവേണന്ന്. ഞാന്‍ കൊറേ എറിഞ്ഞ്‌ നോക്കി. ഭയങ്കര ഉയരള്ള മൂച്ചി ആയതിനാല്‍ കല്ല് എത്തണ്ടേ..."

"എന്നിട്ട്‌"

"അപ്പോ അളിയനാ പറഞ്ഞത്‌... ആ തോക്കേയറ്റ്‌ മാങ്ങ പറിക്കാം എന്ന്."

"തോക്കോണ്ടോ... ?"

"ഉം അതേന്നെ... ഞമ്മള്‌ തോക്കേയ്റ്റ്‌ മൂച്ചിന്റെ തായത്ത്‌ നിന്നു. എന്നിട്ട്‌ മൂച്ചിന്റെ നടൂലെ കൊമ്പിലെ ഒരു മാങ്ങ‌ ഉന്നം നോക്കി തോക്കിന്റെ തായത്തെ കോല്‌ ഒറ്റവലി... അതോടെ വെടിപൊട്ടി. പിന്നെ സറസറാ... ന്ന് മാങ്ങ കൊയിഞ്ഞു."

"ഈശ്വരാ...."

"അതല്ല രസം... ആ മുച്ചിമ്മ പിന്നെ ഒറ്റ മാങ്ങ ബാക്കിണ്ടായിരുന്നില്ല... പക്ഷേ ഒര് എലക്കും കേട് പറ്റീല്ല. അന്ന് അളിയന്‍ പറഞ്ഞു. 'പോക്കരേ അനക്ക്‌ നല്ല ഉന്നാണല്ലോ... പട്ടാളത്തില്‍ കേറിയാല്‍ പാക്കിസ്താന്‍ കാരെ നെരത്തി കൊല്ലായിരുന്നു."

ഇത്തിരി ദേഷ്യത്തോടെ കുട്ടന്നയര്‍ അന്വേഷിച്ചു. "ന്ന്ട്ട്‌ ഇജ്ജ്‌ ന്താ പട്ടാളത്തീ ചേരാഞ്ഞേ..."

"ഞാന്‍ പട്ടാളത്തീ ചേരുന്ന് കേട്ടപ്പോല്‍ ബീവാത്തും കുട്ട്യാളും ഒരേ കരച്ചില്‍... ഞാന്‍ കൊല്ലുന്ന പാക്കിസ്താന്‍ പട്ടാളക്കാര്‍ക്കും ബീവിം കുട്ട്യേളും ണ്ടാവൂലേ എന്ന് പറഞ്ഞ്‌. അത്‌ കേട്ടപ്പോ ഞാനും വിചാരി‍ച്ചു... ഞമ്മളായിട്ട്‌ അയ്റ്റ്ങ്ങളെ അന്നം മുട്ടിക്കണ്ടാന്ന്..."

ഇതിലും നല്ലത്‌ ചരമക്കോളം എന്ന് കരുതി പത്രത്തിലേക്ക്‌ മുഖം താഴ്‌ത്തുമ്പോള്‍ കുട്ടന്നായര്‍ പിറുപിറുത്തു..."അത്‌ ഏതായാലും നന്നായി."

Wednesday, March 07, 2007

പോക്കരുടെ അപരന്മാര്‍...

പോക്കര്‍ ഗജപോക്കിരിയായി വിലസിയിരുന്ന കാലം... ചുറ്റുവട്ടത്തുള്ള നാലു ഗ്രാമങ്ങളിലായി പോക്കരുടെ രൂപവും ഭാവവും ഉള്ള വേറെ മൂന്ന് ഡ്യൂപ്ലിക്കേറ്റ്‌ പോക്കേഴ്സ്‌ ജീവിച്ചിരുന്നു. അത്‌ സാക്ഷാല്‍ പോക്കര്‍ക്കോ നാട്ടുകാര്‍ക്കോ ഈ പറഞ്ഞ ഡ്യൂപ്ലികേറ്റുകള്‍ക്കോ അറിയില്ലായിരുന്നു. ഇവര്‍ നാലാളും തമ്മില്‍ പല കാര്യങ്ങളിലും അപാരമായ സാമ്യം ഉണ്ടായിരുന്നുന്നു എന്ന് പറഞ്ഞില്ലെങ്കില്‍ ഈ നുണക്കഥ പറയാനാവില്ല.

രൂപത്തിലും ഭാവത്തിലും ഒരേ പോലെയുള്ള നാല്‌ പോക്കര്‍മാരില്‍ ഒര്‍ജിനല്‍ പോക്കരൊഴിച്ച്‌ ബാക്കി മൂന്ന് ഡ്യൂപ്ലികേറ്റുകളും അവരവരുടെ നാട്ടില്‍ അറിയപ്പെട്ട മണ്‍പാത്ര കച്ചവടക്കാരായിരുന്നു. ആയിടക്കാണ്‌ നന്നാവണം നന്നാവണം എന്ന മനസ്സാക്ഷിയുടെ വിളികേട്ട്‌ പോക്കരും മണ്‍ചട്ടി വില്‍പന തുടങ്ങിയത്‌.


രാവിലെ നിറഞ്ഞ കുട്ടയുമായി ബീവാത്തു വിത്ത്‌ ക്ടാങ്ങളോട്‌ യാത്ര പറഞ്ഞാല്‍ പിന്നെ അന്നോ പിറ്റേന്നോ അല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞോ പോക്കര്‍ തിരിച്ച്‌ ലാന്റ്‌ ചെയ്യും. അത്‌ വരെ ബീവാത്തുവും പിള്ളാരും പോക്കര്‍ ഏല്‍പ്പിച്ച്‌ പോയ കാശ്‌ കോണ്ട്‌ വാങ്ങിയ ഉണക്ക സ്രാവും കൂട്ടി കഞ്ഞികുടിച്ച്‌ സസുഖം വാണു. കയ്യില്‍ ഇത്തിരി കാശ്‌ കിട്ടിയപ്പോള്‍ ബീവാത്തു ചെറിയ ഒരു ഫൈനാന്‍സ്‌ കമ്പനിയും പോക്കരിറിയാതെ സ്റ്റാര്‍ട്ട്‌ ചെയ്തു.


അങ്ങനെ കാര്യങ്ങള്‍ നടന്ന് പോവുന്ന ഒരു കര്‍ക്കിടകക്കാലം. രാവിലെ ഇത്തിരി പനിയുമായി മടി പിടിച്ച്‌ കിടന്നിരുന്ന പോക്കരേ ബീവാത്തു വിളിച്ചുണര്‍ത്തി മണ്‍ചട്ടികളുമായി പുറത്തേക്ക്‌ പറത്തി. തന്റെ ജോലികളുമായി ചടഞ്ഞ്‌ കൂടി.

യാദൃച്ഛികമായി പോക്കരുടെ മറ്റ്‌ മൂന്ന് ഡ്യൂപ്ലിക്കേറ്റുകളും അന്ന് പോക്കരുടെ നാട്ടിലെത്തിയിരുന്നു... പരസ്പരം അറിയാതെ.

മുട്ടയിടാനായി മാത്രം മമ്മതിന്റെ തൊടിയിലേക്ക്‌ പോവാറുള്ള കറുത്ത കോഴിയെ ഓടിച്ചിട്ട്‌ കൂട്ടില്‍ കയറ്റുമ്പോഴാണ്‌ ബീവാത്തു ഭര്‍ത്താവ്‌ (ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ വണ്‍) വീടിനടുത്തേക്ക്‌ വരുന്നത്‌ കണ്ടത്‌. വീടിലേക്ക്‌ ശ്രദ്ധിക്കാതെ പോവുന്ന ഭര്‍ത്താവിനെ ബീവാത്തു നീട്ടി വിളിച്ചു.

"ഏയ്‌... ഇങ്ങക്ക്‌ പനി കൊറവുണ്ടോ... ഇഞ്ഞ്‌ കഞ്ഞി കുടിച്ചിട്ട്‌ പോവാം... ഇങ്ങട്‌ പോരീ..."

ആദ്യം ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ വണ്‍ അത്ഭുതപെട്ടു. പിന്നെ ഏതായാലും വെറുതെ കിട്ടുന്ന കഞ്ഞിയല്ലേ... കുടിച്ച്‌ ഒന്ന് വിശ്രമിച്ച്‌ പോവാം എന്ന് തീരുമാനിച്ചു...

ബീവാത്തു അലൂമിനിയം പാത്രത്തില്‍ കഞ്ഞി വിളമ്പി... കഞ്ഞി കുടിക്കാനായി പ്ലാവിലെ എടുക്കാന്‍ പോയപ്പോഴാണ്‌ പോക്കര്‍ (ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ ടു) വീടിനടുത്തു കൂടെ പോവുന്നത്‌ കണ്ടത്‌... ബീവാത്തു ഞെട്ടിപോയി. ഒരു ഭര്‍ത്താവ്‌ അകത്ത്‌ കഞ്ഞി പാത്രത്തിന്‌ മുമ്പിലിരിക്കുന്നു. വേറെ ഒരാള്‍ വീട്‌ ലക്ഷ്യമാക്കി നടന്ന് വരുന്നു.

ബീവാത്തു അകത്തേക്കോടി... കഞ്ഞിപാത്രത്തിന്‌ മുമ്പിലിരിക്കുന്നവന്റെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ പത്തായത്തിലാക്കി പാത്തായമടച്ചു. പുറത്തിറങ്ങി ഭര്‍ത്താവാണെന്ന് കരുതി ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ ടു വിനെ വീടിനകത്തേക്ക്‌ വിളിച്ചു. പുള്ളിക്കാരന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അടുക്കളയിലെ ജനലിലൂടെ മറ്റൊരു പോക്കര്‍ വരുന്നത് ബീവാത്തു‌ കണ്ടത്‌. മറ്റൊന്നും ചിന്തിക്കാതെ കഞ്ഞിക്കുടിക്കുന്ന ഡ്യൂപ്ലിക്കേറ്റിനെ പത്തായത്തിലേക്ക്‌ തള്ളി.

മൂന്നാമനെ ക്ഷണിച്ച്‌ കൊണ്ട്‌ വന്ന് കഞ്ഞിപാത്രത്തിന്‌ മുമ്പിലിരുത്തിയപ്പോഴാണ്‌ പുറത്ത്‌ നിന്നൊരു വിളി "ബീവാത്ത്വോ..." അതോടെ ബീവാത്തുവിന്‌ ഒരു കാര്യം ബോധ്യമായി. ഇപ്പോള്‍ കഞ്ഞികുടിക്കുന്നവനും പത്തായത്തിലെ രണ്ടാളെ പോലെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്നും പുറത്ത്‌ നിന്ന് വിളിക്കുന്നതാണ്‌ തന്റെ ഭര്‍ത്താവായ ഒര്‍ജിനല്‍ പോക്കര്‍ എന്നും. പിന്നെ കൂടുതല്‍ അലോചിച്ച്‌ തല പുണ്ണാക്കാതെ മൂന്നാമനേയും പത്തായത്തിലടച്ചു.

ഒര്‍ജിനല്‍ പോക്കര്‍ സ്ഥലത്തെത്തി. കഞ്ഞിപാത്രത്തിന്റെ മുമ്പിലിരിക്കേ തനിക്ക്‌ പനി കൂടിയ വിവരം ഭാര്യയോട്‌ പറഞ്ഞു. കഞ്ഞി കുടിച്ച്‌ ഒരു ഏമ്പക്കവും വിട്ട്‌ പോക്കര്‍ പത്തായത്തില്‍ കയറിക്കിടന്നു. നല്ല പനിയുണ്ടായിരുന്നു...

കര്‍ക്കിടക മാസത്തിലെ പനിയുമായി പത്തായത്തിലായ പോക്കര്‍ പിന്നീട്‌ മണ്‍പാത്ര കുട്ടയുമായി ജോലിക്കിറങ്ങിയത് ഒരാഴ്ചയ്ക്‌ ശേഷമായിരുന്നു. പത്തായത്തിനുള്ളിലെ മൂന്നാളും പവനായി ശവമായ പോലെ ശവമായെന്നും ജലദോഷം കൊണ്ട്‌ മൂക്കടച്ചത്‌ കൊണ്ടാവും പോക്കര്‍ അത്‌ മനസ്സിലാക്കത്തത്‌ എന്നും ബീവാത്തു ഊഹിച്ചു.

അന്ന് രാവിലെ ഖബര്‍ കിളക്കുന്ന കുട്ട്യാലി ഫൈനാന്‍സ് ആവശ്യങ്ങള്‍ക്കായി ആ വഴിക്ക്‌ വന്നപ്പോള്‍ ബീവാത്തു വിളിച്ച്‌ വരുത്തി. അമ്പത് രൂപക്കായി വന്ന കുട്ട്യാലിയോട്.
"കുട്ട്യാല്യേ അനക്ക്‌ ഒരു നൂറ്‌ ഉറുപ്യ തരട്ടേ..." എന്ന് ഒറ്റചോദ്യമെറിഞ്ഞാണ് ബീവാത്തു നേരിട്ടത്.
ജീവിതത്തില്‍ അന്നേവരെ നൂറ്‌ രൂപ കാണാത്ത കുട്ട്യാലി അന്തം വിട്ട്‌ ചോദിച്ചു. "ന്ത്‌ന്‌"

"ഒര്‌ ചെറിയ പണിണ്ട്‌"

"അതെന്താ..."

"ഇവിടെ വീട്ടില്‍ ഒരു മയ്യത്ത്‌ണ്ട്‌. അത്‌ ആരും കാണാതെ പള്ളിക്കാട്ടില്‍ കൊണ്ടോയി അടക്കണം. അവടെ അഞ്ചെട്ട്‌ ഖബറുകള്‍ മുമ്പേ കുഴിച്ചിടാറില്ലേ..."

"അയ്‌ക്കോട്ടെ... ന്നാല്‍ നൂറ്‌ ഉറുപ്യ തരോ... ?"

"ഉം..."

ബീവാത്തു ഒരു ഡ്യൂപ്ലിക്കേറ്റിന്റെ ഒര്‍ജിനല്‍ ഡെഡ്‌ ബോഡി പുറത്തെടുത്ത്‌ വെച്ചു... എന്നിട്ട്‌ മമ്മതിനെ വിളിച്ചു. മമ്മത്‌ കുട്ട്യാലി പള്ളിക്കാട്ടിലെത്തി... ആദ്യ ഡ്യൂപ്ലിക്കേറ്റിനെ ഖബറടക്കി നൂറ്‌ രൂപയെന്ന മധുര സ്വപനങ്ങളുമായി പോകരുടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി... അതേ ശവ ശരീരം അതേ സ്ഥാനത്തിരിക്കുന്നു. ഒന്നും പറയാതെ അതുമായി വീണ്ടും പള്ളിക്കാട്ടിലേക്ക്‌ നടന്നു. കയ്യിലെ മണ്ണ്‍ കഴുകി പോക്കരുടെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും അതേ ബോഡി...

കുട്ട്യാലിയുടെ തലകറങ്ങി. ജീവിതത്തില്‍ ആദ്യമായാണ്‌ കുഴിയില്‍ കിടത്തിയാല്‍ ഏണിറ്റുപോരുന്ന ശരീരം കാണുന്നത്‌. കൂടുതല്‍ ചിന്തിക്കാതെ അതും താങ്ങിയെടുത്ത്‌ പള്ളിക്കാട്ടിലെത്തി... മറവ്‌ ചെയ്ത്‌ തിരിഞ്ഞതേയുള്ളൂ... അതേ ശവശരീരം അതാ റോഡിലൂടെ തലയില്‍ ഒരു കുട്ടയുമായി... കുട്ട്യാലി ഒന്നും പറയാതെ പിന്നില്‍ നിന്ന് പോക്കരെ അടക്കിപ്പിടിച്ചു. എന്നിട്ട്‌ പറഞ്ഞു.

"ഇത്‌ വരേ ഇജ്ജ്‌ ആ വീട്ടില്‍ പൊങ്ങുകയായിരുന്നു... ന്നാ ഇപ്പോ റോഡിലൂടെ നടക്കാനും തുടങ്ങിയോ.... ബാ... ഇവടെ... ഇന്റെ നൂറ്‌ രൂപ കളയാനായി ഒരോ സൂത്രങ്ങളേയ്‌..."
പോക്കരെ ബലമായി പിടികൂടി കുട്ട്യാലി പള്ളിക്കാട്ടിലേക്ക്‌ നടന്നു.

Sunday, February 25, 2007

പോക്കരുടെ അപേക്ഷ.

പതിവ്‌ പോലെ പോക്കര്‍ കുട്ടന്നായരുടെ ശ്രീകൃഷ്ണവിലാസത്തിലെ പുട്ടും കടലയും തട്ടുന്നതിനിടയിലാണ്‌ തലേന്ന് രാത്രി താടിക്കോയ പോത്ത്‌ വാങ്ങാനായി പെരുമ്പിലാവ്‌ ചന്തയ്ക്ക്‌ പോയെന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങൂ എന്നും കുട്ടന്നായര്‍ പറഞ്ഞറിയുന്നത്‌. അപ്പോള്‍ തന്നെ അന്നത്തെ ഈവനിംഗ്‌ വാക്ക്‌ താടിക്കോയയുടെ വീടുവഴിയാകട്ടേ എന്ന് പോക്കര്‍ തീരുമാനിക്കുകയും ചെയ്തു.

ഇത് പറയുമ്പോള്‍ തന്നെ കുട്ടന്നായര്ക്ക് അറിയാമായിരുന്നു പോക്കര്‍ ഇന്ന് ആ വഴി പോവുമെന്നും ഇന്ന് തന്നെ തിരിച്ചെത്തുന്ന താടിക്കോയയുടെ പിടിയില്‍ പെടുമെന്നും... എല്ലാം ഓര്‍ത്തപ്പോള്‍ നായരുടെ മനസ്സിലും ചുണ്ടിലും ചിരി പൊടിഞ്ഞു.

മത്തിച്ചാറൊഴിച്ച ചോറുണ്ട്‌ സഹചാരിയായ ചാക്കുമായി പോക്കര്‍ താടിക്കോയയുടെ വീട്‌ ലക്ഷ്യമാക്കി നീങ്ങി.

താടിക്കോയയ്ക്‌ രണ്ട്‌ ഭാര്യമാരായിരുന്നു. പരസ്പരം സ്റ്റണ്ട്‌ നടത്തിയിട്ട്‌ ഒരു കാര്യവുമില്ലന്ന് ബോധ്യമായി രമ്യതയില്‍ കഴിയുന്ന അവര്‍ ഏത്‌ സമയവും തിരിച്ചെത്താവുന്ന ഭര്‍ത്താവിനെ കാത്തിരുന്ന് ചെറുതായി ഉറക്കം പിടിച്ചതേയുള്ളൂ.

ഭര്‍ത്താവിന്റെ കാല്‍ പെരുമാറ്റം. ഇരുട്ടില്‍ എത്തിയ ഭര്‍ത്താവിനെ ഒന്നാം ഭാര്യ കൈപിടിച്ച് പതുക്കെ തന്റെ അരികിലേക്ക്‌ വലിച്ചടുപ്പിച്ചു. അപ്പോഴാണ്‌ എതിര്‍ വശത്ത്‌ നിന്ന് മറ്റൊരാള്‍ അങ്ങോട്ടും പിടിച്ച്‌ വലിക്കുന്നത്‌ മനസ്സിലായത്‌. അവള്‍ക്കുറപ്പായി അത്‌ തന്റെ സപത്നിയാണെന്ന്. അതോടെ അവര്‍ കൂടുതല്‍ ശക്തിയായി വലിച്ചു. അതിനനുസരിച്ച്‌ എതിര്‍വശത്ത്‌ നിന്നുള്ള വലിയും ശക്തമായി. ഇരുവശത്തേക്കുമുള്ള വലിയുടെ ശക്തി കൂടികൂടി വന്നതോടെ തന്റെ കൈ പറിഞ്ഞ്‌ പോവുമെന്ന് തോന്നിയ പോക്കര്‍ അലറി വിളിച്ചു. ശബ്ദം കേട്ടപ്പോഴാണ്‌ ഇത്‌ ഭര്‍ത്താവല്ലന്നും മറ്റാരോ ആണെന്നും താടിക്കോയയുടെ ഭാര്യമാര്‍ക്ക്‌ ബോധ്യമായത്‌.


വീട്ടില്‍ വിളക്ക്‌ തെളിഞ്ഞപ്പോഴാണ്‌ ഒടിഞ്ഞ്‌ തൂങ്ങിയ കൈകളുമായി ഒരാള്‍ ബോധമറ്റുകിടക്കുന്നത്‌ കണ്ടത്‌. അതോടെ അവരും അലറി വിളിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ ആദ്യം നാട്ടുവൈദ്യന്റെ വൈദ്യശാലയിലും പിന്നീട്‌ പോലീസ്‌ സ്റ്റേഷനിലും എത്തിച്ചു.

അന്ന് പോക്കരിന്റെ കേസിന്റെ വിധി പറയുന്ന ദിവസം. പ്രതിക്കൂട്ടിലെ പോക്കരെ നോക്കി ജഡ്ജി ചോദിച്ചു. "താങ്കള്‍ക്ക്‌ ശിക്ഷ വിധിക്കാന്‍ പോവുന്നു. അതിന്‌ മുമ്പ്‌ പ്രതിക്ക്‌ കോടതിയുടെ മുമ്പാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ...?"

പോക്കര്‍ തന്റെ രണ്ട്‌ കൈകളും കൂപ്പി " പൊന്ന്നേമാനേ... ഞാന്‍ കള്ളനാണ്‌. അന്നവിടെ കക്കാന്‍ കേറിയതായിരുന്നു. അതിന്‌ അങ്ങ്‌ തരുന്ന എന്ത്‌ ശിക്ഷയും പോക്കര്‌ എറ്റുവാങ്ങാം... പക്ഷേ ഒരപേക്ഷയുണ്ട്‌... എന്നെക്കൊണ്ട് രണ്ട്‌ കല്ല്യാണം കഴിപ്പിക്കുന്ന എന്ന ശിക്ഷമാത്രം വിധിക്കരുത്‌... എനിക്ക്‌ വേറെ ഒന്നും പറയാനില്ല.

കോടതിയില്‍ ഉയര്‍ന്ന ചിരിയമര്‍ന്നപ്പോള്‍ തന്റെ ചിരിയുമടക്കി ജഡ്ജി ശിക്ഷാവാചകങ്ങള്‍ വായിക്കാന്‍ തുടങ്ങി...

Sunday, January 14, 2007

പോക്കറിന്റെ സങ്കടം...

അന്ന് നേരത്തെ തന്നെ പോക്കര്‌ ചെട്ട്യാരുടെ ശ്രീകൃഷ്ണ വിലാസം ഹോട്ടലിലെത്തി. ചൂടുള്ള പുട്ടില്‍ നാല്‌ കദളി പഴങ്ങള്‍ ഉടച്ച്‌ ചേര്‍ത്ത്‌ നന്നായി കുഴച്ച്‌ ഒരറ്റത്ത്‌ നിന്ന് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ കുട്ടന്നായര്‍ ഹാജര്‍ വെച്ചത്‌. വന്നപാടെ ഒരു കുറ്റി പുട്ടിനും നാല് പഴത്തിനും ഓര്‍ഡറിട്ട്‌ പോക്കരേ നോക്കി മയത്തില്‍ ചിരിച്ചു.

"അല്ല പോക്കരേ ന്താ ഇന്ന് ഇത്ര നേരത്തെ ?"

"നായരേ ഇന്ന് കോയിക്കോട്‌ വരേ പോണം..."

"അത്‌ എന്തിനാ..."

"ഇക്ക്‌ തിരിച്ച്‌ പോവാനുള്ള ടിക്കറ്റടുക്കാനാ..."

"ടിക്കറ്റോ... അതിന്‌ സിനിമാ ടാക്കീസിക്കാണോ ഇങ്ങള് പോണത്‌..."

"ഇന്റ മണുകൂസന്‍ നായരേ... സിന്മാ ടാക്കീസ്‌ക്കല്ലാ... സൌദീക്ക്‌... അയിന്‌ ബിമാനത്തീ പോണ്ടേ... ബീമാനത്തീ കേറ്റണേങ്കി ടിക്കറ്റ്ബേണം. ബെറും ടിക്കറ്റല്ലാ... പൊര്‍ത്ത്‌ കൊമ്പന്‍ മീശവെച്ച മൊയ്‌ല്യാരുടെ പോട്ടം ഉള്ള ടിക്കറ്റ്ബുക്ക്‌. അതാണ്‌ നായരേ ശരിക്കും ടിക്കറ്റ്‌... അല്ലാതെ ഈ സില്‍മാ ടാക്കീസില്‍ കിട്ട്‌ണ ഒരു കള്ളാസിന്‍ കഷ്ണല്ല...

പോക്കരിന്റെ വെടിക്കെട്ട്‌ കേട്ട്‌ പന്തം കണ്ട എന്തോ ഇരിക്കുന്നപോലെ കുട്ടന്നായര്‍ അന്തം വിട്ടിരുന്നു.

എരുമപ്പാലൊഴിച്ച ചായ ഗ്ലാസ്സില്‍ നിന്നൊന്ന് മോന്തി പോക്കര്‍ ദുഃഖത്തോടെ പറഞ്ഞു.

"അല്ല... ഇങ്ങളെ പറഞ്ഞിട്ടും കാര്യൊന്നൂല്ല്യാ... അല്ലെങ്കിലും വിവരം ഇണ്ടോ ഈ നാട്ടേര്‍ക്ക്‌. ഇങ്ങള്‍ എപ്പോഴേങ്കിലും ഈ ബീമാനം അട്ത്ത്ന്ന് കണ്ട്‌ട്ട്‌ണ്ടാ..."

ഇത്തിരി വിഷമത്തോടെ കുട്ടന്നായരടക്കം കൂടി നിന്നവര്‍ തലകുനിച്ചു.

"ഇല്ല്യാ... ദൂരന്ന് കണ്ട്‌ട്ട്‌ണ്ട്. ഒരു തെങ്ങിന് കൊതുമ്പിന്റെ അത്ര ബല്‍പ്പത്തില്‍. പിന്നെ തീവണ്ടി കണ്ടിട്ടണ്ട്‌... ഒരിക്കെ അതീ കേറീട്ടുണ്ട്‌."

"തീവണ്ടിം ബീമാനും എത്ര വ്യത്യാസണ്ടെന്നറിയാമോ ?"

" ഉം "

"ന്നാ പറ" പോക്കര്‌ കുട്ടന്നായരേ രൂക്ഷമായി നോക്കി.

"ബൂമീക്കൂടി പോണത്‌ തീവണ്ടി. മാനത്ത്‌ കൂടെ പോണത്‌ ബീമാനം."

"അത്‌ മാത്രല്ല... ബീമനത്തിന് വേറെ ഒരു പാട്‌ വ്യത്യാസങ്ങളുണ്ട്‌."

"ന്ന ജ്ജ്‌ പറ പോക്കരേ"

" ന്നാ കേട്ടോളീ... ഒന്ന് ബീമാനത്തില്‍ കേറാന്‍ ടിക്കറ്റ്‌ ബുക്ക്‌ വേണം. തീവണ്ടീ കേറാന്‍ ഒരു ചട്ടകലാസിന്റെ കഷ്ണം മതി."

"രണ്ട്‌ തീവണ്ടീല്‌ ചായ കച്ചോടം നടത്ത്ന്നത്‌ വൃത്തില്ലാത്ത ചെക്കാമാരാ... ബീമാനത്തില്‌ അത്‌ പെണ്ണ്‍ങ്ങളാ..."

"മൂന്ന് തീവണ്ടീലെ ചായക്ക്‌ അപ്പോ കാശ്‌ കൊടുക്കണം. എന്നാ ബിമാനത്തില്‌ ആദ്യം കായി വാങ്ങും. പിന്നെ ചായ തരും"

"നാല്‌ തീവണ്ടീല്‌ ചായിം കാപ്പിം അല്ലേ കീട്ടൂ... ബീമാനത്തില്‌ ചാരയം കൂടി കിട്ടും"
“പിന്നെ ബീമാത്തീന്ന് ചോറ് ബെയിക്കാന്‍ കൊള്ളീം കൊള്ത്തും തരും.”

“കൊളുത്തോ...”

“ഉം... ചങ്കിലോ മറ്റോ തടഞ്ഞാല്‍ തോണ്ടിയെടുക്കാനാ...”

“പിന്നെ ബീമാനത്തീ കേറ്യാ കൊര്‍ച്ച് നേരത്തിന് ഒരു ബെല്‍ട്ട് കെട്ടാന്‍ തരും... അങ്ങനെ പറ്യേണങ്കി ഒരുപാട് പറയാണ്ട് ഇന്റെ നായരേ...”


തീവണ്ടി വിമാന കമ്പാരിസണ്‍ പുരോഗമിക്കവേ കുട്ടന്നായര്‍ ചോദിച്ചു...

"അല്ല പോക്കരേ ബീമാത്ത്ന്ന് കുന്നും മലീം പെരിം കുടീം ഒക്കെ കാണോ ?"

"പിന്നീല്ലാതെ... കയിഞ്ഞ പ്രാവശ്യം പോയപ്പോള്‍ ണ്ടായ കത കേക്കണോ ഇങ്ങക്ക്‌..."

നാട്ടുകാര്‍ കുലുങ്ങിയിരുന്നു. ഇനി വരാന്‍ പോവുന്ന ബഡായിയുടെ ആഴവും പരപ്പും അറിയാതെ.

"ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോവുമ്പോള്‍ ബിമാനത്താവളത്തില്‍ എത്തിയ ശേഷമാണ്‌ ഒരു കാര്യം ഓര്‍മ്മ വന്നത്‌."

"ബിമാനത്താവളോ... ?"

"അതേന്നേ...ബീമാനത്താവളം. അതായത്‌ ബിമാനം നിര്‍ത്തിടുക, വെള്ളം കാട്ടുക, പൊടിതട്ടുക, ടയറില്‍ കാറ്റുണ്ടോ എന്ന് നോക്കുക, അതിനെ കുളിപ്പിക്കുക ഇതെല്ലാം ചെയ്യന്നത് ബീമാനത്താവളത്തില്‍ വെച്ചല്ലേ... പിന്നെ ഞമ്മളേ ബസ്സ് സ്റ്റാന്റ് ഇല്ലേ... അത് പോലെയുള്ള ബിമാന സ്റ്റാന്റാണ് ബിമാനത്താവളം. ബിമാന സ്റ്റാന്റിനെ ഇംഗ്ലീഷില്‍ ബിമാനത്താവളം എന്നാ പറയാ... ഇതിനൊക്കെ പൊറമേ അതിനെ നോക്കി കോണ്ട് നടക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ കുളിക്കാനും തുണിയും കുപ്പായവും മാറ്റാനും കെടന്നൊറങ്ങാനും ഒക്കേ സൌകര്യം ബീമാനത്താവളത്തില്‍ ഉണ്ടായിരിക്കും. ഇബടെ തിരോന്തരത്ത്‌ ഒന്ന്ണ്ട്‌"

"എന്നിട്ട്‌"

"അവടെ ചെന്നപ്പളാ ഒരു കാര്യം ഓര്‍മ്മ വന്നത്‌. "

"എന്ത്‌ കാര്യം"

"നമ്മടെ പത്തായത്തിന്റെ ചാവി എന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍ പെട്ടിരിക്കുന്നു. തിരിച്ച്‌ വീട്ടീല്‍ കൊണ്ടക്കൊടുക്കാന്‍ നേരല്ല്യാ... ചാവില്ല്യാതെ പത്തായം തൊറക്കാനും പറ്റൂല്ല..."

"ന്ന്ട്ട്‌." കുട്ടന്നായരടക്കം കൂടി നില്‍ക്കുന്നവര്‍ ഒന്നിച്ചന്വേഷിച്ചു.

" അവസാനം ഇക്കൊരു ബുദ്ധി തോന്നി. ഇങ്ങള്‌ കണ്ടിട്ടുണ്ടോ ഫറൂക്ക്‌ ഓട്‌ ഫാക്ടറിന്റെ പൊക കൊയല്... ഞമ്മളെ ബീവാത്തൂന്റെ ആങ്ങളയോട്‌ അതിന്റെ അടുത്ത്‌ വന്ന് നിക്കാന്‍ ഫോണ്‍ചെയ്ത്‌ പറഞ്ഞു."

"ന്ന്ട്ട്‌..."

"ന്ന്ട്ട്‌ എന്താ... തിരൊന്തരത്ത്‌ നിന്ന് ബിമാനം പൊങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ ബീമനത്തിലേ കുളിമുറിയിലേക്ക്‌ നടന്നു. അവുടെ താഴേക്കും നോക്കിയിരുന്നു"

"അതെങ്ങനെ..."

"ങ്ങള്‌ തീവണ്ടീ കേറീട്ടില്ലേ നായരേ..."

"ഉം..."

"അതിലെ കുളീമുറീ കേറി മൂത്രം ഒഴിച്ചാ എങ്ങോട്ടാ പോവാ..."

"അത്‌ താഴത്തേക്ക്‌... റെയിലിലേക്ക്‌"

"അതീ കൂടി തായേക്ക്‌ നോക്കിയാല്‍ റെയില്‍ കാണോ..."

"കാണാം."

"നാ അതേ പോലെ തന്നെ ബിമാനത്തിലും... കക്കൂസീ കയറി താഴേക്ക്‌ നോക്കിയാല്‍ നമ്മളെ നാടൊക്കെ കാണാം പറ്റും. അങ്ങനെ ഞാന്‍ ഇങ്ങനെ താഴേക്ക്‌ നോക്കി നിന്നു."

"ന്ന്ട്ട്‌"

"അതീകൂടി വല്ല്യൊരു പൊക കൊയല്‌ കണ്ടപ്പോ ഞാന്‍ ചാവി താഴേക്ക്‌ ഇട്ട്‌ കൊടുത്തു..."

"ന്ന്ട്ട്‌ ചാവി കിട്ടിയോ...“

“ഹേയ്... കിട്ടീല്ല...”

“അത് എന്തേ...?”

“ഫറൂക്ക്‌ ഓട്‌ കമ്പനിയുടെ പൊക കൊയലാണെന്ന് കരുതി ഞാന്‍ താക്കോല്‍ ഇട്ടത്‌ കൊടക്കല്ല് ഓട്ട്‌ കമ്പനിയുടെ പൊക കൊയലിനടുത്തായി. പിന്നെ താക്കോല് കിട്ടാതായപ്പോള്‍ വീട്ട്‌ക്കാര് പത്തായം കുത്തിതൊറന്നു... പിന്നെ ഇപ്പോ ആകെ ഒരു സങ്കടേ ഉള്ളൂ... അന്ന് താക്കോല്‌ ഏതേങ്കിലും പാവത്തിന്റെ തലീല്‌ വീണോ ആവോ?... ഇനി അയാള് വല്ല കഷ്ണ്ടിയുമാണെങ്കില്‍... ഹോ... അലോചിക്കാന്‍ കൂടി വയ്യ."

പോക്കര്‍ പറഞ്ഞ്‌ നിര്‍ത്തിയപ്പോഴാണ്‌ തന്നെ തുറിച്ച്‌ നോക്കുന്ന പട്ടാളം ബാപ്പുട്ടിയെ കണ്ടത്‌. ചമ്മലടക്കി ചെട്ട്യാരെ നോക്കി പോക്കര്‌ പറഞ്ഞു.

"ചെട്ട്യാരേ ബാപ്പുട്ടിന്റെ കായി ഞമ്മള്‍ തരാട്ടാ... ഇന്റെ കണക്കില്‍ എഴുതിക്കോളീ... ഞാന്‍ കോയിക്കോട് ഒന്ന് പോയി ബരട്ടേ..."

എല്ലാവരേയും ഒന്ന് കൂടി നോക്കി പോക്കര്‍ പതുക്കേ ഇറങ്ങി നടന്നു.