Thursday, August 21, 2008

ഒരു വെടിക്ക് രണ്ട് പുലി...

ചെട്ട്യേരുടെ ചായക്കട പതിവ് പോലെ ... മാതൃഭൂമി പത്രത്തിലെ ചരമക്കോളത്തില്‍ തലതാഴ്ത്തി മരിച്ചവരുടെ കണക്കെടുക്കുന്ന കുട്ടന്‍ നായര്‍. തൊട്ടപ്പുറത്ത് പുട്ടിനും ചായയ്ക്കും കൂട്ടിന് എന്ത് ബഡായി പറയണം എന്ന് അലോചിക്കുന്ന പോക്കര്‍. പച്ച വിറകിനെ ശപിച്ച് അടുപ്പില്‍ ഊതുന്ന ചെട്ട്യേര്‍...

ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് കാലാട്ടിയിരിക്കുന്ന മമ്മദ് പോക്കരെ പതുക്കെ തോണ്ടി.

“ഇജ്ജ് ന്താടാ ഇന്നലെ പുറത്തൊന്നും ഇറങ്ങീലേ... “

“ഇല്ല... “

“അതെന്താ...”

“ന്നലെ വല്യാപ്പ മരിച്ച ആണ്ട് ആയിരുന്നു”

“അത് ഏത് വല്യാപ്പ...” തലേ ദിവസം പോക്കര്‍ നൈറ്റ് ഡ്യൂട്ടിയില്‍ ആണെന്ന് അറിയാവുന്ന മമ്മത് അന്വേഷിച്ചു.

“അനക്കറീല്ലേ... നമ്മുടെ കോയിക്കോട്ടെ പട നയിച്ച വല്യാപ്പാനെ...”

“ജ്ജ് പറഞ്ഞിട്ട്ണ്ടല്ലോ മൂപ്പരെ പസിയ്യത്ത്... “

“അന്നോട് ഞാന്‍ മുയുവന്‍ പറഞ്ഞിട്ടില്ല്യല്ലോ... ആരായിരുന്നൂന്ന് അറിയോ വല്യാപ്പ.”

“ആരായിരുന്നു...”

“കോയിക്കോട് കീയടക്കാന്‍ വന്ന പട്ടാളക്കാരെ ഓടിച്ചത് വല്യാപ്പ അല്ലയിരുന്നോ... “

കുട്ടന്നായര്‍ പേപ്പര്‍ മടക്കി... “ഉം... നീ പറഞ്ഞത് ഓര്‍മ്മയുണ്ട്. രണ്ട് തോളിയും തെങ്ങും പുടിച്ച് പാഞ്ഞ് വന്ന ആ കഥ.”

“അത് തന്നെ. അയിന് ശേഷം ഒരു പാട് കാലം... പണ്ട് വല്യാപ്പ പുലിയെ പുടിച്ച കഥ ഞാന്‍ പറഞ്ഞിട്ടുണ്ടോ...”

“ഈശ്വരാ...” ഇതും പറഞ്ഞ് കുട്ടന്‍ നായര്‍ എണീറ്റു. പോക്കര്‍ പറഞ്ഞു... “ചെട്ട്യേരെ മ്മടെ നായര്‍ക്കും കൊടുക്കീ ഒരു ചായ” എണീറ്റ നായര്‍ ഒന്ന് സംശയിച്ച് അവിടെ തന്നെ ഇരുന്നു.

“അതെങ്ങനേടാ പുലിയെ പുടിച്ചത്... “ മമ്മത് അന്വേഷിച്ചു തുടങ്ങി.

“പുലിയെ പിടിച്ചതാവില്ല... പുലി പിടിച്ചതാവും” കുട്ടന്നായരും വിട്ട് കൊടുത്തില്ല.

“ന്റെ അര്‍കീസ് നായരേ... ഇങ്ങക്ക് അല്ലങ്കി ന്താ അറിയാ... “

"ജ്ജ് പറ ന്റെ പോക്കരെ... “ മമ്മത് നിര്‍ബന്ധിച്ചു.

“ന്നാ പറയാം.. “ കുട്ടന്‍ നായര്‍ ഇളകിയിരുന്നു. പോക്കര്‍ ചായ ഒന്ന് കൂടി മോന്തി... പറഞ്ഞ് തുടങ്ങി.

“അന്ന് കോയിക്കോട്ട് പുലി എറങ്ങി... അത് ആള്‍ക്കാരെ അക്രമിച്ചു.. പൈക്കളെ കൊന്നു... ആകെ കൂടി പ്രശ്നം. ഈ പരാതിയുമായി നാട്ടുകാര്‍ എത്തിയപ്പോള്‍ കോയിക്കോട്ടെ കോയി തമ്പുരാന്‍ വല്യാപ്പാനെ വിളിച്ചു. പുള്ളി വല്യ സൈനാധിപന്‍ ആയിരുന്നല്ലോ... “

“വല്യ കോയിത്തരുമ്പുരാന്‍ വിവരം പറഞ്ഞപ്പോ വല്യാപ്പ സമ്മയ്ച്ചു... ഞാന്‍ പോയി അതിനെ കൊന്ന് വരാം എന്ന് പറഞ്ഞു... പക്ഷേ അപ്പോ വേറെ ഒരു പ്രശ്നം ഉണ്ടായി”

“അത് എന്താ... “ മമ്മതും കുട്ടന്നായരും ബോണ്ട അടുക്കിവെച്ചിരുന്ന ചെട്ട്യേരും ഒന്നിച്ചാ ചോദിച്ചത്.

“വേറെ ഒരു പട്ടാളക്കാരന്‍ പാഞ്ഞ് വന്ന് പറഞ്ഞു... മൈസൂരിലെ പട പിന്നേം കോയിക്കോട് ആക്രമിക്കാന്‍ വരുന്നുന്ന്... വല്ല്യാപ്പ ആകെ ബുദ്ധിമുട്ടിലായി... ഒരു ഭഗത്ത് പുലി... മറ്റെ ഭാഗത്ത് മൈസൂരിലെ സൈന്യം... രാജാവ് വല്യാപ്പനോട് പറഞ്ഞു .. ‘ഇജ്ജ് പണ്ട് ഐറ്റ്ങ്ങളെ ഒടിച്ച പോലെ ഓടിക്കണം... ‘ എന്ന്”

“വല്ല്യാപ്പ വാള്‍ എടുക്കാന്‍ ചെന്നപ്പോല്‍ വല്ല്യുമ്മ പറഞ്ഞു... ഇങ്ങള് വരുമ്പോ ആ പുലിടെ പല്ല് കൊണ്ടുവരണം... കുട്ട്യേക്ക് ഉണ്ടാവുന്ന അസുഖത്തിന് അത് അരച്ച് കൊട്ത്താല്‍ മതീന്ന് കേട്ടിട്ടുണ്ട്.. “
“ന്ന്ട്ട് അന്റെ വല്യാപ്പ പോയൊ... “ ചെട്ട്യേരുടേതായിരുന്ന് ചോദ്യം.

“പിന്നെ ല്ല്യാണ്ട്... വല്യാപ്പ ആദ്യം കുതിരപ്പൊറത്ത് കയറി പുലി ള്ള കാട്ടിലെത്തി... പുലി നല്ല ഒറക്കം... വല്യാപ്പ പതുക്കെ അയിന്റെ ബാല് ഒരു മരത്തിനോട് കൂട്ടിക്കെട്ടി... പിന്നേം കുതിരപ്പെറത്ത് കേറി”

“ന്നട്ട്.. കുന്തത്തിമ്മേ കുറച്ച് എലകളൊക്കെ കെട്ടി പുലിയെ ഇക്കിളിയാക്കി... പുലി ഇക്കിളി കൊണ്ട് ചാടി മറിഞ്ഞു... പിന്നെം പിന്നേം ഇക്കിളിയാക്കി...“

“അപ്പോ അത് കടിച്ചൂല്ലേ... കുട്ടന്നായര്‍ ചോദിച്ചു...“

“ഈ നായര്‍ക്ക് ഒരു ചുക്കും അറീല്ല... ചിരിക്കുമ്പോ കടിക്കാന്‍ കഴിയോ നായരേ... പിന്നെ വല്ല്യാപ്പ കുതിരപ്പുറത്ത് അല്ലെ.. “

“ന്ന്ട്ട് ...ജ്ജ് പറ..” മമ്മത് സജീവമായി...”

“കുറച്ച് കഴിഞ്ഞപ്പോ പുലി ചിരിച്ച് ചാവും എന്നായി... അപ്പോ വല്യാപ്പ കെട്ടഴിച്ചു ബിട്ടു... പുലി പാഞ്ഞ് രക്ഷപ്പെട്ടു... പിന്നാലെ കുതിരപ്പൊറത്ത് വല്ല്യാപ്പയും... അങ്ങനെ പുലി ചെന്നത് മൈസൂര്‍ പട കിടക്കുന്ന സ്ഥലത്തേക്കാ... വല്യാപ്പയും കൂടെ പുലിയേയും കണ്ടപ്പോല്‍ മൈസൂര്‍ കാര്‍ ഓടി രക്ഷപ്പെട്ടു... രക്ഷപ്പെടാത്ത പട്ടാളക്കാരെ പുലി തിന്നു...”

“ഹോ... ന്ന്ട്ട് പുല്യോ...” വയറ് നറഞ്ഞപ്പോ അയ്ന്‍ നടക്കാന്‍ ബയ്യാണ്ടായി.. അപ്പോ വല്യാപ്പ വാല് പിടിച്ച് കറക്കി മരത്തില്‍ അടിച്ച് കൊന്നു....”

“ഈശ്വരാ... “ കുട്ടന്നായര്‍ നീട്ടിവിളിച്ചു...

“പക്ഷേ .. ഈ കാര്യത്തിനാണ് വല്യാപ്പയും വല്ലിമ്മയും തെറ്റീത്... “

“അത് എന്തിന്‍..”

“വല്ലുമ്മ പുലിയുടെ പല്ല് കൊണ്ട് വരാന്‍ പറഞ്ഞിരുന്നല്ലോ... മരത്തില്‍ വെച്ച് അടിച്ചപ്പോ പല്ലോക്കെ തെറിച്ച് പോയി.. വല്ലിപ്പ പുലിപ്പല്ല് ഇല്ലാതെ വന്നപ്പോ വല്ലിമ്മ പേരീല്‍ കേറ്റിയില്ല... പിന്നെ കാട്ടില്‍ പോയി ഒരു കരടിനെ പുടിച്ച് അയിന്റെ പല്ല് പുലിപ്പല്ല് ആണെന്ന് പറഞ്ഞ് പറ്റിച്ചിട്ടാ വല്ലിപ്പാനെ വീട്ടില്‍‍ കേറ്റിയത്...

“കുട്ടന്നായര്‍ എണീറ്റു... ഒന്നും സംഭവിക്കാത്ത പോലെ ചെട്ട്യേര് അടുക്കളയിലേക്ക് നീങ്ങി... “

ഖാജ ബീഡി വലിച്ചൂതി മമ്മത് പതുക്കെ പറഞ്ഞു “ആ രാജാവിനെ തച്ച് കൊല്ലണം... “

Wednesday, February 06, 2008

പോക്കര്‍ ഗുണ്ട...

നേരം വെളുത്തതതേ ഉള്ളൂ... എന്നാലും പതിവ് പോലെ ചെട്ട്യാരുടെ ചായപ്പീടികയില്‍ പോക്കരും കുട്ടന്നായരും ഹാജര്‍ വെച്ചു... വേണ്ടത്ര ഉണങ്ങാത്തതിനാല്‍ പുകയുന്ന വിറകിനേയും അത് വെട്ടിയ അച്ചൂട്ടിയേയും ഒരു പോലെ ചീത്ത വിളിക്കുന്നതിന്റെ ഇടവേളകളില്‍ അടുപ്പില്‍ ഊതികൊണ്ടിരിക്കുന്ന ചെട്ട്യാര്... തൊട്ടടുത്ത് നാട്ടിലെ ‘കൊസ്രാകൊള്ളി’ സുലൈമാന് വായും വരമ്പത്ത് കൂടെ പോവുന്നവരുടെ കണക്കെടുക്കുന്നു‍... മെടഞ്ഞ തെങ്ങോല കൊണ്ട് ചെരിച്ച് കെട്ടിയ ശ്രീകൃഷ്ണവിലാസം ഹോട്ടലിലേക്ക് കയറുന്ന വഴിയില്‍ കുന്തിച്ചിരുന്ന് മാതൃഭ്രൂമി പത്രത്തിലെ ചരമക്കോളം അരിച്ച് പെറുക്കുന്ന കുട്ടന്നായര്‍...

തന്റെ വാക്ക് കേള്‍ക്കാന്‍ ഒരാളും ഇല്ലല്ലോ എന്ന മനസ്ഥാപത്തോടെ ഖാജബീഡി ആഞ്ഞ് വലിക്കുന്നിതിനിടെ പോക്കര്‍ പറഞ്ഞു...

“അല്ല നായരേ... ഇങ്ങക്ക് വേറെ ഒരു പണീം ല്ലേ... മനുസമ്മാര് മരിച്ചത് അറിയാന്‍ ന്ത്നാ ങ്ങള് പേപ്പറ് നോക്ക്ണത്...”

കുട്ടന്നായര്‍ ഒന്ന് തിരിഞ്ഞ് പോക്കരെ രൂക്ഷമായി നോക്കി... “പിന്നെ ഇജ്ജ് പറഞ്ഞ് തര്വോ ചെയ്ത്താനേ...” എന്നും പറഞ്ഞ് മാതൃഭൂമിയിലേക്ക് മടങ്ങി..

“ഇങ്ങക്ക് അല്ലങ്കിലും ബുദ്ധി ഇല്ല്യാന്ന് പറീണത് വെറ്തെ അല്ല... അയ്നല്ലേ ഇബടെ മൈക്ക കെട്ടി വിളിച്ച് പറയുന്നത്...”

“ഉം... അത് നമ്മടെ ചുറ്റുപാട് ഉള്ളോര് മരിച്ചാലല്ലേ പോക്കരേ...” കുട്ടന്നായര്‍ അസഹനീയതയോടെ പറഞ്ഞു...

“ന്റെ നായരെ ഇങ്ങക്ക് ന്ത് ഒലക്കയാ അറിയാ.... ഇങ്ങക്ക് മരണം ന്താന്ന് അറിയോ... ഇങ്ങള് ആരെങ്കിലും മരിക്കുന്നത് കണ്ടിട്ടുണ്ടോ... അല്ല ഇങ്ങളെ ആരെങ്കിലും കൊല്ലാന്‍ നോക്കീട്ടുണ്ടോ...”

“നിര്‍ത്ത് നിര്‍ത്ത് അന്റെ ചോദ്യം ഒന്ന് നിര്‍ത്ത്...” കുട്ടന്നായര്‍ എണീറ്റു... “ന്നെ ആരും കൊല്ലാന്‍ നോക്കീട്ടില്ല... പക്ഷേ എനിക്ക് ഒരാളെ കൊല്ലണം ന്ന്ണ്ട്...”

സംസാരം മുറുകുന്നതില്‍ പോക്കരിനും ഹാപ്പിയായി... “അതാരെ...”

“അന്നെത്തന്നെ....”

“അയ് ന് ഇങ്ങളെക്കാളും വല്യ ഇഫ് രീത്ത് ബിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല്യാ... ഇന്ന്ട്ടല്ലേ ഇങ്ങള്...”

“അതാരാ അന്നെ കൊല്ലാന്‍ നോക്കീത്... ഓനെ കണ്ടാ കൊറച്ച് പൈസ കൊടുക്കായിരുന്നു” പത്രം വായിക്കാന്‍ ഈ ദുഷ്ടന്‍ അനുവദിക്കില്ലെന്ന് അറിയാവുന്ന നായര്‍ എഴുന്നേറ്റു... പോക്കരിനും ഹാപ്പിയായി... “ചെട്ട്യേരെ ന്നാല്‍ രണ്ട് ചായപോരട്ടേ.... ഞങ്ങക്ക് ഒരോ കണ്ടം പുട്ടും...” ഇതും പറഞ്ഞ് പോക്കര്‍ ഒന്ന് ഒതുങ്ങി ഇരുന്നു.

“നായരെ ഇങ്ങക്ക് അറിയോ ഈ ഇഫ് രീത്ത് ആരാന്ന്...”

‘അതാരാ പോക്കരേ... അന്റെ അളിയനാണോ... ?"

“ന്നെക്കോണ്ട് ന്തെങ്കിലും പറയിക്കണ്ട ഇങ്ങള്... ഇഫ് രീത്ത് ന്നാല്‍ ജിന്ന്... ബെറും ജിന്നല്ല... ജിന്നേളെ കൂട്ടത്തിലെ ഒരു ഗുണ്ട ജിന്ന്...”

“ന്ന്ട്ട്...”

“കയിഞ്ഞ മാസം മ്മടെ മൂസദിന്റെ പോത്തുകളെ വിക്കാന്‍ പോയില്ലേ ... ഞാന്‍.... അന്നാണ് സംഭവം...”

“ആണോ...” കൊസ്രാകൊള്ളി സുലൈമാന്റെ തായിരുന്നു അന്വേഷണം.

“എടാ കൊസ്രാകൊള്ളീ അനക്ക് ജിന്ന് കളെ പറ്റി വല്ല വിവരൂം ണ്ടോ.... ഇത് ജിന്നേളെ കളിയാ...”

“ഇജ്ജ് പറയ് പോക്കരേ...” കുട്ടന്നായര്‍ സ്ക്രൂ ചെയ്തു.

“ഞാന്‍ മൂസദിന്റെ പതിനഞ്ച് പോത്ത്കളേയും വിറ്റ് തിരിച്ച് പോരാന്‍ ആയപ്പോഴേക്കും ഇരുട്ടായിരുന്നു... അവിടെ എവിടെയെങ്കിലും അന്ന് കിടന്ന് ഉറങ്ങി പിറ്റേന്ന് പുറപെടാം എന്ന് കരുതി ഒരു വീട്ടിലേക്ക് ചെന്നു. അന്ന് അവിടെ കിടക്കട്ടേ... നേരം വൈകീട്ടാണ്... അതിരാവിലെ പൊയ്ക്കൊള്ളാം ന്ന് പറഞ്ഞു... “ഇവിടെ പ്രായമായ പെണ്‍കുട്ട്യോളുള്ള വീടാ... വേറെ എവിടെയെങ്കിലും നോക്ക് “എന്നായി അവുട്ത്തെ കാരണോര്. അടുത്ത വീട്ടിലും പോയി അവിടെയും ഇതേ കാരണം... മൂന്നമത്തെ വീട്ടിലും ഈ പെങ്കുട്ട്യേള് കാരണം നമ്മടെ കെടത്ത പസാദായി... അവസാനം നാലാമത്തെ വീട്ടിലെത്തി കാരണോരെ കണ്ടപ്പോള്‍ ആദ്യം തന്നെ പെണ്‍കുട്ടികളുള്ള വീടാണോ എന്ന് ചോദിച്ചു ... ഞാന്‍. “എന്തിനാ...” എന്ന് അയാള്‍ ചോദിച്ചപ്പോള്‍ “ഇവിടെ ഇന്ന്‍ ഒന്ന് ഉറങ്ങാനാ ന്ന് പറഞ്ഞു.. അതോടെ ആ പടുകിഴവന്‍ കുത്തി നടക്കുന്ന ചൂരല്‍ കൊണ്ട് ഒറ്റയടി.... ഞാന്‍ അവിടെ നിന്ന് മണ്ടി കെയ്ച്ചിലായി.....”

“അനക്ക് അത് കീട്ടില്ലങ്കിലേ അത്ഭുതമുള്ളൂ... ന്ന് ട്ട്”

“ന്ന്ട്ട് ന്താ ഞാന്‍ ഇരുട്ടത്ത് നടക്കാന്‍ തൊടങ്ങി... അങ്ങനെ ഒരു അമ്പത് മൈല് നടന്ന് കാണും....”

“അമ്പതോ...” കൊസ്രാകൊള്ളി ഇടയ്ക്ക് കയറി...

“ന്നാ അനക്ക് വേണ്ടി ഒരു പത്ത് കൊറക്കാം.... ഞ്ഞ് കൊറക്കാന്‍ പറയര് ത്...”

“ഇല്യാ... ങ്ങള് ആ പൂജ്യം കൊറച്ചാളീ ...”

“ഒന്ന് മുണ്ടാണ്ടിരിക്ക് ... പോക്കരേ ഇജ്ജ് പറ” കുട്ടന്നായര്‍ പുട്ടിന്‍ കഷ്ണത്തില്‍ ഒന്ന് നുള്ളി വായിലിട്ട് പറഞ്ഞു.

“ഭയങ്കര ഇരുട്ട്... അങ്ങനെ നടക്കുമ്പോ ദൂരെ ഒരു വെളിച്ചം കണ്ടു... ആ സ്ഥലത്തേക്ക് ഞാന്‍ നടന്നു.”

“അത് ഏതാ അങ്ങാടി...” കുട്ടന്നായര്‍ക്ക് ജിജ്ഞാസ.

“ങ്ങള് ഒന്ന് അടങ്ങി നായരേ... അതല്ലേ പറീണത്...”

“അതൊരു പുത്യേ അങ്ങാടി ആയിരുന്നു... നെറച്ച് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... അവിടെ ചെന്ന് ആദ്യം കപ്പയും കഞ്ഞിയും തിന്നു... ഈ ചെട്ട്യേരെ കടയിലെ വെള്ളം മാത്രം ള്ള കഞ്ഞി പോലൊന്നും അല്ല... ബയങ്കര ചാദ്... പൈസയും കൂടുതലാ ട്ടാ...”

“ഉം”

കടക്കാരന്‍ വയറ് വരെ നീണ്ട് കിടക്കുന്ന വെളുത്ത താടിയുള്ള ഒരു വയസ്സന്‍ ആയിരുന്നു... പള്ള നറച്ച് കയിഞ്ഞ് പൈസ കൊടുത്തു. അവിടെ തന്നെ കൊറച്ച് നേരം ഒറങ്ങട്ടേ... സുബയി ബാങ്ക് കൊട്ത്തിട്ട് ഞാന്‍ പൊയ്കോളാം ന്നും പറഞ്ഞു...”

“ഓഹോ...”

“അങ്ങനെ പോത്ത്കളെ വിറ്റ പൈസ സഞ്ചി ആ താടിപ്പാപ്പാന്റെ കൈയില്‍ കൊട്ത്ത് ഞാന്‍ കൊറച്ച് അപ്പുറത്ത് കെടന്ന് ഞാന്‍ ഒറങ്ങി...”

“ഇതാപ്പോ കഥ...” കൊസ്രാകൊള്ളി കളിയാക്കി.

“അല്ലടാ പോത്തെ... ഇജ്ജ് മുണ്ടാണ്ടിരിക്ക്... പള്ള നെറഞ്ഞിരുന്നത് കൊണ്ട് ഞാന്‍ വേഗം ഉറങ്ങി... നേരം വെളുത്ത ശേഷം ആണ് ഉണര്‍ന്നത്... അപ്പോ അവിടെ അങ്ങനെ ഒരു അങ്ങാടിയേ ഇല്ല... പകരം ഞാന്‍ കിടക്കുന്നത് ഒരു കാട്ടിലെ പാറപ്പൊറത്താണ്”

“ന്ന്ട്ട്..” കുട്ടന്നായര്‍ കുടിക്കാന്‍ എടുത്ത ചായ തിരിച്ച് വെച്ചു.

“ഞാന്‍ ആകെ ബേജാറായി നായരെ... ന്റെ ട്ത്ത് ണ്ടായീന്ന പൈസീം പോയി... ഞാന്‍ ഇപ്പോ എവിടെന്ന് അറിയുന്നുല്യാ... അങ്ങനെ ബേജാറായപ്പോഴാണ് ആ നാട്ടുകാരനായ ഒരാളെ കണ്ടത്... എല്ലാം പറഞ്ഞപ്പോ അയാള്‍ പറഞ്ഞു.. അത് ജിന്ന് കളുടെ ചന്തയാണ് ... അടുത്ത ആഴ്ച ഇതേ ദിവസം വന്നാല്‍ ആ കട അവിടെ കാണും... അപ്പോ പണ സഞ്ചി ചോദിച്ചാ സാധനം കിട്ടും....”

“ന്ന്ട്ട് നീ പിന്നേം പോയോ...”

“പിന്നെ ഇല്ല്യാതെ....”

“പിറ്റത്തെ ആഴ്ച ഞാന്‍ അവിടെ പോയി... അവിടെ ചന്തയില് കച്ചോടം നടക്കുന്നു... ഞാന്‍ ആ താടിപ്പാപ്പന്റെ ഹോട്ടലില്‍ ചെന്നു. ന്റെ പണസഞ്ചി ചോദിച്ചു... അയാള്‍ അത് മേശീന്ന് എടുത്ത് തന്നു... തിരിച്ച് പോരുമ്പോള്‍ ഒരു സംഭവം ഉണ്ടായി...”

“അത് എന്താ...”

“തിരിച്ച് പോരുമ്പോ എന്റെ മുമ്പില് ആകാശത്തോളം ബല്‍പ്പം ഉള്ള ഒരു ജിന്ന്... ഓന്റെ കാലൊക്കെ ആനന്റെ കാലിന്റെ വണ്ണം ണ്ട്... തൊള്ളീന്ന് രണ്ട് പല്ല് ... രണ്ട് കൈമലും അഞ്ഞൂറ് വെരല്.... ബര്‍ത്താനം പറീണത് ബേന്റ് മുട്ടും പോലെ...”

ഓന്‍ ന്നോട് പറഞ്ഞു... “ഞാനാണ് ഇഫ് രീത്ത്... ഈ ചന്തയിലേ റൌഡിയാ... മര്യാദയ്ക്ക് പൈസ തന്നോ... അല്ലങ്കില്‍ പോക്കരേ അന്നെ നമ്മള് കൊല്ലും ന്ന്”

“ന്ന്ട്ട് ഇജ്ജ് ന്ത് പറഞ്ഞു...”

“ഇച്ച് ണ്ട നായരേ ഓനെ വല്‍പ്പം ഏറോ... ഞാന്‍ പറഞ്ഞു ... ഇഫ് രീത്തെ വെറ്തെ മനുഷ്യന് പണിണ്ടാക്കര് ത്... ഇജ്ജ് എറച്ചിമ്മെ പൂയി ആക്കാതെ പോ ചെക്കാ...”

“പോക്കരേ ഇജ്ജ് പൈസ തരുന്നോ അതോ ഞാന്‍ ബാങ്ങണോ എന്ന് ഓന്‍... കൊടുക്കൂല്ലാന്ന് ഞാനും. അപ്പോ ഓന് പണസഞ്ചീല് പിടിച്ചു... ഞാന്‍ വിട്വോ... ചെവികുറ്റി നോക്കി ഒന്ന് കൊടുത്തിട്ട് മറ്റേ ചെവീക്കൂടി ചോര വന്നു... പിന്നെ കാലിന്റെ മുട്ടിന് ഒരു ചവിട്ട് കൊടുത്തു... അതോടെ ഓന്‍ വീണു... ബീണ് കെടക്ക്ണ ഓറ്റെ നീണ്ട മുടിയില്‍ പീടിച്ച് പമ്പരം പോലെ കറക്കീട്ട് ഒറ്റ ഏറ് കൊടുത്തു...”

“ഹാവൂ...” കുട്ടന്നായര്‍ ദീര്‍ഘനിശ്വാസമയച്ചു... കൊസ്രാകൊള്ളി പതുക്കെ എഴുന്നേറ്റു.

“അല്ല നായരെ ഇപ്പോ ഒരു പ്രശ്നം ണ്ട്...”

“അത് എന്താ... “

“അല്ല്യേയ്... ആ ചന്തയിലെ റൌഡിയെ അല്ലേ നമ്മള് അടിച്ച് പാപ്പറാക്കിയത്... ഇപ്പോ ആ ജിന്നേളെ ചന്തയിലെ വല്യറൌഡി ആരാന്നാ ഇങ്ങളെ വിചാരം...”

“ആരാ...”

“അത് ഞമ്മള് തന്നെ... “

“അവുടെ പോറോട്ടെം ബീഫും കച്ചോടം ചെയ്യണന്ന് മോന്‍ ജമാല് പറീണ് ണ്ട്... ഞമ്മള് ള്ളപ്പോ ഓനും പേടിക്കാതെ കച്ചോടം ചെയ്യാലോ..... യേത്...

“ഉം.... ഉം....” കൊസ്രാകൊള്ളി നീട്ടി മൂളി.

“ഇബനൊരു സ്പെഷ്യല്‍ ചായ കൊടുക്കീ ചെട്ട്യേരെ... അനക്കൊന്നും അതൊക്കെ മനസിലാകാന്‍ മാത്രം പ്രായം ആയിട്ടില്ല... ഇജ്ജ് ഇപ്പളും ചെക്കനെല്ലേ....” ഇതും പറഞ്ഞ് പോക്കര്‍ എഴുന്നേറ്റു... കുട്ടന്നായര്‍ വീണ്ടും ചരമക്കോളം തുറന്നു.... ‘ഇത് തന്നെ കൂടുതല്‍ നല്ലത്...‘ എന്ന ആത്മഗതത്തോടെ...