Friday, November 17, 2006

പോക്കരിന്റെ ഭാഗ്യം....

ആയിടക്കാണ്‌ പോക്കര്‌ സൌദിയില്‍ നിന്ന് ലീവില്‍ തിരിച്ചെത്തിയത്‌. ചെട്ട്യാരുടെ പീടികയിലിരുന്ന് ആ വകയില്‍ ഫ്രീയായി കിട്ടിയ പുട്ടില്‍ കടലക്കറിയൊഴിച്ച്‌ നന്നായി കുഴച്ച്‌ വയിലേക്കിട്ട്‌ ഒരു സപ്പോര്‍ട്ടിനായി എരുമപ്പാലൊഴിച്ച ചായയും കുടിച്ച് പോക്കരിന്റെ സൌദിവിശേഷങ്ങളും കേട്ട്‌ കുട്ടന്നായരക്കമുള്ള നാട്ടുക്കാര്‍ രസിച്ചിരുന്നു.


ഇടയ്കെപ്പഴോ കുട്ടന്‍ നായര്‍ ചോദിച്ചു... "അല്ല പോക്കരാപ്ലേ ഇങ്ങക്കെന്താ അവിടെ പണി."

"അതൊന്നും പറയണ്ട ഇന്റെ നായരേ .... ഞാന്‍ നമ്മള്‌ അവിടെ അറബിയുടെ സ്വന്തം ആളല്ലേ."

"അതെങ്ങനെ..."

"അത്‌ ഒരു വല്ല്യ കഥയാ... വേണങ്കില്‍ ഞാന്‍ ചുരുക്കി പറയാം"

"പറയ്‌"

"അറബിയും ഞാനും കൂടി ഒരിക്കല്‍ കിണറ്‌ കണാന്‍ പോയതായിരുന്നു."

"കിണറോ..."

"നമ്മളെ നാട്ടിലെ പോലെ പച്ചള്ളം കിട്ട്‌ണ കിണറല്ല... സൌദീലെ കിണറ് കണ്ടാല്‍ ഇതൊക്കെ ഒരു കിണറാണോ... ബയങ്കര ബട്ടവും ബയങ്കര ആഴവും... പിന്നെ പച്ചള്ളത്തിന് പകരം ഒരോ കിണറ്റിലും മണ്ണണ്ണ പെട്രോള്‍ ഡീസല്‍ അങ്ങനെ പലതരം കിണറുകള്‍... അതിന് അവിടെ എണ്ണക്കിണര്‍ന്ന് പറയും... ഇന്റെ അറബിന്റെ തൊടൂല്‌ പത്തിരുപത്തഞ്ച്‌ എണ്ണക്കിണറുണ്ട്‌."

"എന്നിട്ട്‌"

"നടക്കുന്നതിനടയില്‍ കന്തൂറ തട്ടി പുള്ളി കിണറ്റില്‍ വീണു... ഒരു മണ്ണെണ്ണ കിണറില്‍"

"എന്നിട്ടോ..." പോക്കരിന്റെ പോക്കറ്റിന്റെ ബലത്തില്‍ അരകുറ്റി പുട്ടിന്‌ കൂടി ഓര്‍ഡറിട്ട്‌ കുട്ടന്നായര്‍ അത്ഭുതപെട്ടു.

"ഇന്ന്ട്ട്‌ എന്താ അറബിക്ക്‌ ആണെങ്കില്‍ നീന്തനും അറിയില്ല... രണ്ട്‌ വട്ടം മുങ്ങിപൊന്തിയപ്പോള്‍ ഞാന്‍ അവിടെ കിടന്നിരുന്ന ഒരു ഈത്തപ്പന മട്ടല്‍ കൂട്ടികെട്ടി ഇട്ട്‌ കൊടുത്തു... അതിമ്മ പുടിച്ച്‌ കിടന്നു."

പിന്നെ എണ്ണകിണറ്‌ വറ്റിച്ചേ പുറത്തിറക്കാന്‍ പറ്റൊള്ളൂന്ന് പോലീസ്‌... എന്നാല്‍ മിഷീന്‍ വെച്ച്‌ വറ്റിക്കാനും പറ്റില്ല... അങ്ങനെ അവരാകെ ബേജാറയപ്പോള്‍ ഞാന്‍ ഒരു ഐഡിയ പറഞ്ഞ കൊടുത്തത്."

"എന്ത്‌ വഴി.."

"നാല്‍ വല്ല്യ കമ്പകയര്‍ എണ്ണ കിണറിലേക്കിട്ട്‌ അതിന്റെ തലക്കെ തീ കൊടുത്തു. വെളക്കിലെ എണ്ണവറ്റും പോലെ കിണറ്റിലെ എണ്ണ വറ്റി അറബിനെ പുറത്തെടുത്തു. അതിന്‌ ശേഷം മൂപ്പര്‍ക്ക്‌ ഇന്നെ വല്ല്യ ഇഷ്ടാ..."

കഴിച്ച പുട്ടിന്റെ പേമന്റ്‌ കഴിയാത്തതിനാല്‍ എല്ലാവരും മിണ്ടാതിരുന്നു... തൂങ്ങി നില്‍ക്കുന്ന പഴക്കുലയില്‍ നിന്ന് ഒന്ന് വലിച്ചെടുത്ത്‌ കുട്ടന്നായര്‍ ചോദിച്ചു... "നന്താ മ്മളെ മമ്മതിന്റെ വിവരം"


"ഓന്‍ അവിടെ സുജായി അല്ലേ... പക്ഷേ ഞാനാ പണി ശരിയാക്കിയത്‌. ആ കഥ നാളെ പറയാം... ഇന്ന് ഇഞ്ഞ് ഇച്ചിരി പണിയുണ്ട്." പോക്കര് എഴുന്നേറ്റു.

നിറഞ്ഞവയറിന്റെ സിഗ്നലുമായെത്തിയ ഏമ്പക്കവുമായി കൂടെ കുട്ടന്നായരും എഴുന്നേറ്റു...

Sunday, November 12, 2006

പ്ലാവില പുരാണം...

ഇത്‌ കുറേയേറെ വര്‍ഷം മുമ്പ്‌ നടന്നെന്നു പറയപ്പെടുന്ന ഒരു നാടോടി കഥ. അതിനാല്‍ ഈ കഥയില്‍ ചോദ്യമില്ല.
--------------------------------------------------


ജമാലും ജലാലും കന്നുകാലികച്ചവടക്കാരായിരുന്നു. നല്ല കൂട്ടുകച്ചവടക്കാര്‍. അനാഥരായതിനാല്‍ ഊണും ഉറക്കവും ഒരുമിച്ച്‌. നാട്ടുകാര്‍ക്കെല്ലാം അവരുടെ ഒരുമയെ കുറിച്ചു പറയാനേ സമയമുണ്ടായിരുന്നോള്ളൂ...


അങ്ങനെ ഒരു ബലിപെരുന്നള്‍ കഴിഞ്ഞ സമയം. കച്ചവടത്തില്‍ ഒത്തിരി ലാഭം കിട്ടി. കാര്യമായി ചെലവൊന്നുമില്ലാത്ത അവര്‍ ഒരു തീരുമാനമെടുത്തു. ക്ഷാമകാലമായതിനാല്‍ നാട്ടുക്കാര്‍ക്കെല്ലാവര്‍ക്കും ഒരു ദിവസം ഉച്ചക്ക്‌ കഞ്ഞിയും കപ്പയും വിതരണം ചെയ്യണം.


അങ്ങനെ ഒരു ഒരു വെള്ളിയാഴ്ച ഉച്ചക്ക്‌ ശേഷം ജാതിമത ഭേദമന്യേ നാട്ടുകാരെ നിരത്തിയിരുത്തി ജോലിക്കാര്‍ കഞ്ഞിവിളമ്പുന്നത്‌ രണ്ടാളും നോക്കിനിന്നു. കഴിച്ചവര്‍ നന്ദി പറഞ്ഞു തിരിച്ച്‌ പോയി. ഏറ്റവും അവസാനം പാടത്ത്‌ തണലില്‍ മാറിയിരിക്കുന്ന അവരുടെ മുമ്പില്‍ മണ്‍ചട്ടിയില്‍ വിളമ്പിയകഞ്ഞി ജോലിക്കാരന്‍ കൊണ്ടുവെച്ചു.


അടുത്ത്‌ ഒഴുകുന്ന തോട്ടില്‍ നിന്ന് കയ്യും മുഖവും കഴുകി കഞ്ഞികുടിക്കാനിരുന്നപ്പോഴാണ്‌ ഒരു പ്രശ്നം അവരുടെ ശ്രദ്ധയില്‍ പെട്ടത്‌. കഞ്ഞികുടിക്കാന്‍ കയില്‍ (തവി)യില്ല. ഇനി പ്ലവിലയെടുത്ത്‌ ഒരുഭാഗം മടക്കി ഈര്‍ക്കിള്‍ ഉപയോഗിച്ച്‌ ഒരു കയിലുണ്ടാക്കണം. ജമാല്‍ ജലാലിനോട്‌ പറഞ്ഞു ജലാലെ നീ പോയി രണ്ട്‌ പ്ലാവിലയെടുത്തു വാ..

ജലാല്‍ : എനിക്കുവയ്യ.. നീ ചെല്ല്
ജമാല്‍ : നിനക്കെന്താ കൊണ്ടുവന്നാല്‍
ജലാല്‍ : നിനക്കതിനു പറ്റില്ലേ...


അതോടെ തര്‍ക്കം മുറുകി. അടിയുടെ വക്കിലെത്തിയപ്പോള്‍ അവര്‍ ഒരു തീരുമാനമെടുത്തു ഇനി ആദ്യം മിണ്ടുന്നവന്‍ പ്ലാവില കൊണ്ടുവരണം. രണ്ടാളും രണ്ടുസൈഡിലും മിണ്ടാതിരുന്നു. വൈകുന്നേരം വരെ പാടവക്കിലൂടെ കടന്ന് പോയവര്‍ അവരെ കണ്ടിരുന്നു. പങ്കുകച്ചവടം നടത്തുവരല്ലേ... എന്തെങ്കിലും ഡിസ്കഷനിലായിരിക്കും ശല്ല്യപ്പെടുത്തേണ്ട എന്ന് കരുതി മിണ്ടാതെ കടന്നു പോയി


പിറ്റേന്ന് അതിരാവിലെ പള്ളിയിലേക്ക്‌ ബാങ്ക്‌ വിളിക്കാന്‍ പോവുന്ന അവറാനാണ്‌ രണ്ടാളും പാടത്ത്‌ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. അവറാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. നട്ടുകാര്‍ ഓടികൂടി. രണ്ടാളുടെയും മൃതദേഹം അവരുടെ വീട്ടില്‍ കൊണ്ടുവന്നു. അവസാനമായി അവരെ കാണാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടി. ഒന്നിച്ച്‌ ജീവിച്ച്‌ ഒന്നിച്ചുമരിച്ച അവരെ കുറിച്ച്‌ സങ്കടത്തോടെ സംസാരിക്കാന്‍ തുടങ്ങി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പള്ളിയിലേക്കെടുത്തു.


അവസാന പ്രാര്‍ത്ഥനക്കായി പള്ളിയില്‍ കൊണ്ടുവന്ന ഈ നല്ലമനുഷ്യരുടെ പഴയ കാലചെയ്തികളിലോ വാക്കുകളിലോ വല്ല വിഷമവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ക്ഷമിക്കണമെന്ന് പള്ളിപ്രസിഡന്റ്‌ ഉമ്മറാജി ഉദ്ബോധിപ്പിച്ചു. എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുകള്‍ ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് അദ്ദേഹത്തെ കാണാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.


പ്രാര്‍ത്ഥനക്ക്‌ ശേഷം പിന്നെ ഖബറക്കത്തിനായി പള്ളിക്കാട്ടിലെത്തി. അടുത്തത്തടുത്ത്‌ കുഴിച്ച ഖബറുകളിലൊന്നില്‍ ജമാലിനെ വെച്ചു. മൃതശരീരത്തില്‍ മണ്ണുവീഴാതിരിക്കാനയി കാല്ലുകളടുക്കുമ്പോഴാണ്‌ കബര്‍ കുഴിക്കുന്ന മമ്മു ഒരു കാഴ്ചകണ്ടത്‌. മൃതശരീരത്തിന്റെ കാലുകളില്‍ ഒന്ന് ഇത്തിരി ഉയര്‍ന്ന് നില്‍ക്കുന്നു. മരിച്ച ഉടന്‍ ശരിക്ക്‌ കിടത്തതിനാല്‍ മരവിച്ചതായിരിക്കും എന്ന് അയാള്‍ കരുതി. ചുറ്റുഭാഗവും നോക്കി ആരും കാണുന്നില്ലന്നുറപ്പുവരുത്തി കയ്യിലിരിക്കുന്ന പിക്കാസ്‌ കൊണ്ട്‌ ചെറുതായി അതില്‍ ഒന്ന് കുത്തി. പെട്ടോന്ന് കബറിനക്കത്തുനിന്ന് ഒരു അട്ടഹാസം ' ഹാവൂ ... ആരാ കാലേയ്‌..........' ആ ശബ്ദം അവസാനിക്കും മുമ്പേ തൊട്ടടുത്തുണ്ടായിരുന്ന ശവമഞ്ചത്തില്‍ നിന്ന് മറ്റൊരു ശബ്ദം മുഴങ്ങി.." എടാ.. ജാമാലേ... നീ തോറ്റു.. വേഗം പോയി പ്ലാവിലയുമായി വാ..."


ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ഒത്തിരി സംശയങ്ങള്‍ ഉണ്ടെന്നന്നറിയാം... എല്ലാത്തിനും കൂടി ഒരേ ഒരു മറുപടി. കഥയില്‍ ചോദ്യമില്ല... എന്നാലും... എന്നു തോന്നിയെങ്കില്‍ വീണ്ടും അതേ മറുപടി മാത്രം കഥയില്‍ ചോദ്യമില്ല... ഒരിക്കലും..

--------
ഇത് ഇത്തിരിവെട്ടത്തില്‍ മുമ്പ് പബ്ലിഷ് ചെയ്താണ്. ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു എന്ന് മാത്രം.
------

At 1:43 PM, September 04, 2006, അഗ്രജന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഹഹഹ.. അത് കലക്കി..
ജമാലിനും ജലാലിനും തേങ്ങായടി എന്‍റെ വക...
എല്ലാ ബലാലും മുസീബത്തും ഒഴിഞ്ഞ് പോട്ടേ..


“..എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുകള്‍ ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് അദ്ദേഹത്തെ കാണാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു...” ജമാലിനും ജലാലിനും കിട്ടാനുള്ള വക മൂപ്പര്‍ക്ക് നല്ലോണം അറിയായിരിക്കും.


--------------------
At 1:51 PM, September 04, 2006, വല്യമ്മായി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
അത് നന്നായി.ഞാന്‍ വിചാരിച്ചു ഓണം വന്നാലും കോരന് കുമ്പിളില്‍ കഞ്ഞി എന്നത് പോലെ എന്തെങ്കിലും ആയിരിക്കുമെന്ന്


--------------------

At 1:52 PM, September 04, 2006, പാര്‍വതി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഹും..ഒക്കെ വിശ്വസിച്ചു..

ഇക്കണ്ട നാട്ടുകാരില്‍ ആര്‍ക്കും മരിച്ച ഒരാളേ അറിയില്ല,കുഴീലിട്ട് മൂടാന്‍ നേരത്തും അവര്‍ക്ക് വാശിയില്‍ അനക്കവും ഇല്ല..

എനിക്ക് ചോദ്യമൊന്നും ഇല്ലേ.. :-)

-പാര്‍വതി.


--------------------

At 2:03 PM, September 04, 2006, കൈത്തിരി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
മടിയന്‍ കുഴീല്‍ വയ്കപ്പെടും, പിക്കാസിനാല്‍ ചാമ്പപ്പെടുകയും ചെയ്യും, ജാഗ്രതൈ...


--------------------

At 2:15 PM, September 04, 2006, ചുള്ളിക്കാലെ ബാബു ഇങ്ങിനെ അഭിപ്രായപ്പെട്ടു.
"കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല." എന്നതുകൊണ്ടുതന്നെ ചോദിക്കനുദ്ദേശിച്ചതു ചോദിക്കുന്നില്ല. എങ്കിലും എന്റെ കഥയില്ലായ്മ കൊണ്ടണോന്നറിയില്ല ........ഇതില്‍നിന്നായിരിക്കും “മിണ്ടിയാല്‍ പ്ലാവില“ എന്ന പഴഞ്ചൊല്ലുണ്ടായത്.


--------------------

At 2:31 PM, September 04, 2006, ദില്‍ബാസുരന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഗുണപാഠം:

1)പാര്‍ട്ട്ണര്‍ ഷിപ്പ് രീതിയില്‍ കച്ചവടം ചെയ്യുന്നവര്‍ പ്ലാവിലയില്‍ കഞ്ഞി കുടിക്കരുത്. (ചോറ് വേണമെങ്കില്‍ ആവാം പക്ഷെ മോര് കറി കൂട്ടരുത്)

2)ആളുകള്‍ എന്തെങ്കിലും കുഴിച്ചിട്ട് അതിന്റെ മുകളില്‍ അടയാളത്തിന് ഒരു വെട്ട്കല്ല് വെക്കണം എന്ന് പറയുന്നത് വെറുതെയല്ല.ശബ്ദങ്ങളെ സൈലന്‍സ് ചെയ്യാനാണ്.


--------------------

At 2:43 PM, September 04, 2006, കുട്ടന്‍ മേനോന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇത് ഭയങ്കര എടങ്ങേറായീലോ.. കഥേല് ചോദ്യല്ല്യാന്ന് ള്ളതെ.. നന്നായിട്ടുണ്ട്


--------------------

At 2:51 PM, September 04, 2006, Anonymous ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഞാന്‍ മിണ്ടുന്നില്ലെ എനിക്കു പ്ലാവിലയിക്കുപോവന്‍ വയ്യ.


--------------------

At 4:14 PM, September 04, 2006, ഏറനാടന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
നല്ല ചോദ്യമില്ലാകഥ. എനിക്ക്‌ ചില സംശയങ്ങളുണ്ടെങ്കിലും ചോയ്‌ക്കാന്‍ നിവൃത്തിയില്ലാലോ..
എന്നാലും പറഞ്ഞോട്ടെ... ഇവന്മാര്‍ ഏറനാട്ടിലെ മുത്തുമണിക്കുട്ടന്മാരാണേയ്‌..


--------------------

At 7:33 PM, September 04, 2006, പല്ലി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
നല്ല കഥ
കഥയില്‍ ചൊദ്യമില്ലാത്തതുകൊണ്ട്
ചോദ്യങ്ങള്‍ അടക്കുന്നു
ഓണാശംസകള്‍


--------------------

At 10:30 PM, September 04, 2006, കുടിയന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇത്തിരിയേ..ചോദ്യമില്ല എങ്കിലും....ഏറനാട്ടുകാര്‍ ഏതു തരക്കാരാണെന്ന് ഇപ്പോ മനസ്സിലായി...നമ്മുടെ അതിരൂപ താ പാര്‍ട്ടിയൊക്കെ ഏറനാട്ട് കാര്‍ ആണോ..അവരുടെ വാശികാണുന്നത് കൊണ്ട് ഒരു സംശയം...
(ഞാന്‍ ഓടുന്നില്ല...എന്റെ കാലു വയ്യേ...)


--------------------

At 5:13 PM, September 05, 2006, കലേഷ്‌ | kalesh ഇങ്ങിനെ അഭിപ്രായപ്പെട്ടു.
നല്ല കഥ!


--------------------

At 8:58 AM, September 06, 2006, ഇത്തിരിവെട്ടം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഈ കഥയുടെ സ്റ്റാന്റേ‍ഡ് എനിക്ക് നന്നായി അറിയാം. എന്നിട്ടും പലരും വായിച്ചു. കമന്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി.

അഗ്രൂ.. നന്ദി. തേങ്ങായടിക്ക് ഒരു സ്പെഷ്യല്‍ താങ്ക്സിരിക്കട്ടേ... പിന്നെ അതെല്ലേ മൂപ്പര് അങ്ങനെ പറഞ്ഞത്.

വല്ല്യമ്മായി നന്ദി. ജലാലും ജമാലും വിചാരിച്ചപോലെയല്ല സംഭവവും നടന്നത്.

പാര്‍വ്വതി നന്ദി.. ചോദ്യം ചോദിക്കാന്‍ തോന്നിയതിനും അത് ചോദിക്കതിരുന്നതിനും ഒരു ഇമ്മിണി ബല്യ നന്ദി.

കൈത്തിരി. നന്ദി.. ഉങ്കള്‍ക്ക് പുരിഞ്ചിട്ച്ച്..

ബാബൂ നന്ദി.. ചിലപ്പോള്‍ ഇതുകോണ്ടായിരിക്കാം.

ദില്‍ബൂ നന്ദി, ഈ കഥമുഴുവന്‍ ഗുളികരൂപത്തില്‍ കമന്റിയതിന് ഡാങ്സ്.

മേനോനേ നന്ദി..കഥയില്‍ ചോദ്യമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓഫിന് ഓണടിച്ചും ഓണിന് ഒഫ് അടിച്ചും ഞാനൊരു വഴിക്കായേനേ..

അനൊണികുട്ടാ നന്ദികെട്ടോ. മിണ്ടരുതേ. മിണ്ടിയാല്‍ പ്ലാവിലെ. ജാഗ്രതൈ.

ഏറനാടന്മാഷേ.. നന്ദി. സത്യം താങ്കള്‍ മനസ്സിലാക്കി.

പല്ലി നന്ദി, ഓണാശാംസകള്‍.

കുടിയന്‍ മാഷേ നന്ദി. പിന്നെ താങ്കളുടെ സംശയത്തെ കുറിച്ച് ഞാനൊന്നും പറയില്ല. കാരണം ഇതെന്റെ ബ്ലോഗ് . ഓടാന്‍ പറ്റാത്തത് കൊണ്ടാ.

കലേഷ് ഭായി ഒത്തിരി നന്ദി.


--------------------

At 9:03 AM, September 06, 2006, വക്കാരിമഷ്ടാ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇട്ടപ്പോഴേ വായിച്ചിരുന്നു, കമണ്ടലീസാ റൈസടിക്കാന്‍ മറന്നു പോയി.

ഈ കഥ ഞാന്‍ ആദ്യമായി കേള്‍ക്കുകയാ. നല്ല കഥ. വാശിക്ക് നാശിയായില്ലല്ലോ പാവങ്ങള്‍. ഒരു സെക്കന്റ് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ആരെങ്കിലും തൂമ്പായ്ക്ക് തലയ്ക്കിട്ട് രണ്ട് തട്ട് കൊടുത്തേനെ-പാവങ്ങള്‍.

ഇത്തിരിയുടെ പ്രൊഫൈല്‍ പടം പൊഴിക്കല്‍ ദിവസം‌പ്രതി എന്ന തോതിലുണ്ടല്ലോ :)

Tuesday, October 31, 2006

പോക്കര് പിടിച്ച പുലിവാല്...

പതിവ്‌ പോലെ പോക്കര്‍ ഈവനിംഗ്‌ വാക്കിനിറങ്ങി. നടത്തത്തിനിടയില്‍ ചെട്ട്യരുടെ ചായപീടിക വിത്ത്‌ പലചരക്ക്‌ കടയില്‍ ഒന്ന് മുഖം കാണിക്കാന്‍ കയറിയതായിരുന്നു. അപ്പോഴാണ്‌ ശ്രീമാന്‍ മമ്മദ്‌ മല്ലി, മുളക്‌, മഞ്ഞള്‍, വെളിച്ചെണ്ണ... തുടങ്ങി ഒരു നീണ്ട പര്‍ച്ചേസ്‌ ഓര്‍ഡര്‍ അഞ്ചൂറ്‌ മീറ്ററപ്പുറം തോടിന്‌ കുറുകെ പാസ്സിങ്ങിനായി സെറ്റ്‌ ചെയ്ത തെങ്ങിന്‍ പാലത്തിനരികേ ബാഡായി പറയുന്ന ഓവുപാലം കമ്മറ്റി കൂടി കേള്‍ക്കാവുന്ന ഉച്ചത്തില്‍ ബൈ വോയ്സ്‌ ചെട്ട്യാരുടെ അറുപത്‌ വര്‍ഷമെങ്കിലും പഴക്കമുള്ള ചെവിയിലേക്ക്‌ സെന്റ്‌ ചെയ്തത്‌.

മെസേജിന്റെ പാസ്സിംങ്ങിനിടെ അതില്‍ ചിലത്‌ പോക്കരിന്റെ ചെവിയിലും കേറിയിറങ്ങി. 'ഈ പഹയനെന്താ നിധികിട്ടിയോ... അതോ ഉസ്താദിനെ വെല്ലുന്ന കള്ളനായോ...' പോക്കര്‍ ആകെ കണ്‍ ഫ്യൂഷനായി.

"ഡാ മമ്മതേ... ഇന്നെന്താ പരിപാടി... ഇത്രയും സാധങ്ങള്‍"

"ആ പോക്കരോ... ഇന്ന് ഇന്റെ അളിയനും ചെങ്ങായീം വന്നിട്ട്‌ണ്ട്‌... അവര്‍ക്ക്‌ വേണ്ടീട്ടാ..."

'ഈ പഹയനൊന്ന് ക്ഷണിച്ചിരുന്നെങ്കില്‍' പോക്കര്‍ മനസ്സില്‍ പറഞ്ഞു.

"പോക്കരേ നിന്റെ അറിവില്‍ കോയിയെ കിട്ടാന്‍ണ്ടോ... കോയിക്കറീം നെയ്ച്ചോറും ണ്ടാക്കാനാ"

"അയിനെന്താ... ഞാന്‍ കോയിയേയും കൊണ്ട്‌ അങ്ങോട്ട്‌ വരാം.."

പോക്കര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഗോപിനായരു വീട്ടിലെ കൂട്ടില്‍ കേറാതെ രാത്രിമുഴുവന്‍ നിലാവ്‌ കാണാന്‍ നില്‍ക്കാറുള്ള കോഴിയുമായി മമ്മതിന്റെ വീട്ടിലെത്തി.

വല്ലാതെ വൈകാതെ കോഴിക്കറി വെക്കാനേല്‍പ്പിച്ച്‌ പോക്കര്‍ അതിഥികളുടെ കൂടെ ബഡായിക്കിരുന്നു.

പട്ടാളക്കാരനായ മമ്മതിന്റെ അളിയന്‍ കുട്ട്യാലിയും സുഹൃത്ത്‌ മമ്മാലിയും പട്ടാളകഥകളുടെ കെട്ടഴിച്ചു. ബഡായികള്‍ക്ക്‌ മറുബഡായി കാച്ചി പോക്കരും സജീവമായി.

ചൂടുള്ള നെയ്ച്ചോറും കോഴിയും കണ്ണുരുട്ടി കഴിക്കുന്നതിനിടേ കുട്ട്യാലി

"ഇതൊന്നും ഒരു കറിയല്ല... കറിയെന്നാല്‍ മാനിറച്ചികൊണ്ടുള്ള കറിവേണം."

മമ്മത്‌ : "അളിയന്‍ തിന്നിട്ടുണ്ടോ..."

"പിന്നേ... ഞാന്‍ പേരെടുത്ത ബേട്ടക്കാരനല്ലായിരുന്നോ... ? സിങ്കവും പുലിയും ഉള്ള കട്ടില്‌ പോയി മാനും മൊയലും എന്ന് വേണ്ട മുള്ളന്‍പന്നിയെവരേ ഞാന്‍ കോന്നിട്ടുണ്ട്‌."

"ഞാനും" മമ്മാലി പറഞ്ഞു.

അതോടെ കുട്ട്യാലിയിലെ പട്ടാളക്കാരന്‌ ആവേശമായി.

"അനക്ക്‌ അറിയോ മമ്മാല്യേ ഒരിക്കല്‌ ഞമ്മള്‌ ഒരു കാട്ടില്‌ ബേട്ടക്ക്‌ പോയി. എന്ത്‌ കാടാന്നറിയോ അനക്ക്‌. ഒരു ഭയങ്കര കാട്‌...

"എന്നിട്ട്‌"

"ഇന്റെ കയ്യീ ഒരു തോക്ക്ണ്ട്‌. പക്ഷേ ഒരു കാര്യും ഇല്ല്യ... കാരണം അയില്‌ ഉണ്ട ഇണ്ടായിരുന്നില്ല... അപ്പളാണ്‌ മുത്ത്‌മോനേ... ഒരു പുലി ഓടിവര്ന്ന്... ഓടീട്ട്‌ കാര്യല്ല. അട്ത്താണെങ്കില്‍ ഒരു മരവും ഇല്ല. ഞാന്‍ ഉണ്ടയില്ലാത്ത്‌ തോക്ക്‌ ചൂണ്ടി പറഞ്ഞു "ഠേയ്‌..." പുലി ഒരൊറ്റ ഓട്ടായിരുന്നു."

ഇതും പറഞ്ഞ്‌ കുട്ട്യലി ദീര്‍ഘനിശ്വാസമയച്ചു.

അതോടെ മമ്മലി കുറച്ച്‌ ആലോചിച്ചു പിന്നെ പറഞ്ഞു

"കുട്ട്യാല്യേ പിറ്റേന്ന് ഞാനും പോയി ആ കാട്ട്ക്ക്. ചെലപ്പോള്‍ ആ പുലിതന്നെ ആയിരിക്കും... ഇന്റെ നേരെ വായും തൊര്‍ന്ന്പിടിച്ച്‌ പാഞ്ഞ് വന്ന്... ഭാഗ്യത്തിന് ഇന്റെ കുപ്പയ കീശയില്‍ കൊര്‍ച്ച്‌ വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. ഞാന്‍ അത്‌ കയ്യിലെടുത്ത്‌ ഒരെണ്ണം പുലിയുടെ നേരെ ഠോ എന്ന് പറഞ്ഞ്‌ എറിഞ്ഞു. അതോടെ പുലി ഒറ്റ ഓട്ടായിരുന്നു"

പോക്കരിന്‌ ഇത്‌ കേട്ട്‌ സഹിച്ചില്ല. ഒന്ന് ഇളകിയിരുന്നു. എന്നിട്ട്‌ എല്ലാവരോടുമായി ഒരൊറ്റചോദ്യം.

"ങളാ‍രെങ്കിലും നെലമ്പൂര്‍ കാടെന്ന് കേട്ടിട്ടുണ്ടോ... അതാ മക്കളേ കാട്‌... സെരിക്കും ഒരു ഫോറസ്റ്റ്‌ കാട്‌. അവുടെ ഇല്ലയാത്ത ജന്തുക്കള്‌ണ്ടോ... ആന, പുലി, താടിള്ള സിങ്കം, താടില്ലാത്ത സിങ്കം... പിന്നെ ബമ്പാല... വേറെ കൊയുത്തു മുയുത്ത പാമ്പ്‌ എന്ന് വേണ്ട ആലം ദുന്‍യാവിലെ എല്ലാ ജന്തുക്കളും ഉള്ള ഒരു പെരുംകാട്‌. അവിടെക്കാ ഞാന്‍ പോയത്‌. "

"എന്തിനാ പോയത്"

"ഞമ്മളെ പോക്കരാജീന്റെ മോന്‌ കരടി രസായനം ണ്ടാക്കണം പറഞ്ഞീന്നു. അതിന്‌ ഒരു കരടിയെ പിടിച്ചാനാ പോയത്‌."

"ഇന്ന്ട്ട്‌ കിട്ട്യോ"

"അതാ ഞാന്‍ പറയുന്നത്‌. കാട്ട്ക്ക്‌ കേറി കൊര്‍ച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ഒരു പുലി... ന്റെനേരെ വായും തൊര്‍ന്ന്... ഇന്റ പടച്ചോനെ അതിന്റ്‌ തൊള്ളകാണണം... നമ്മളെ ചെട്ട്യരെ പീടീലെ വെറകിടുന്ന ആ മുറിയുടെ അത്ര വല്‍പ്പം ണ്ടാവും."

"ങേ.."

"ആ... ഇന്റെ കയ്യിലാണെങ്കില്‍ തോക്കും തെരയും ഒന്നും ഇല്ല... ഞമ്മള്‌ നാടന്‍ അല്ലേ... പട്ടാളത്തിലൊന്നും അല്ലല്ലോ... പുലി തോള്ളേം തൊര്‍ന്ന് തിന്നാന്‍ വന്നപ്പോ ഞാന്‍ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ തൊര്‍ന്ന തൊള്ളയിലേക്ക്‌ എന്റ കയ്യിട്ടു... പുലിന്റ പള്ളന്റ്‌ ഉള്ള്‌കൂടെ പോയി വാല്‌ പിടിച്ച്‌ ഒറ്റവലി... പുലി ഒരൊറ്റ നെലോളീ... പിന്നെ നോക്കിയാപ്പോള്‍ ചത്തിരിക്കുന്നു...

“പിന്നെ രണ്ട് ദിവസ്ത്തിന് കയ്യിന് അത്തറിന്റെ മണാരുന്നു“

‘അതെന്താ... ?”

‘എഡാ പൊട്ടാ... അന്ന് രാവിലെ അത്തറ് കച്ചോടക്കരനായ മൊയ്തീനെയാ പുലി തിന്നത്.”

പക്ഷേ കരടിരസായനത്തിന്‌ പകരം പുലിരസായനം ണ്ടാക്കേണ്ടി വന്നു"


കുട്ട്യാലിയും മമ്മാലിയും പരസ്പരം നോക്കി. ഓടണോ അതോ നിക്കണോ എന്നറിയാതെ.

Tuesday, October 24, 2006

പോക്കരിന്റെ മാജിക്ക്...

പതിവ്‌ പോലെ പോക്കര്‍ അന്ന് പകല്‍ വേലികെട്ടല്‍ എന്ന പതിവ് ജോലി തീര്‍ത്ത് കുളിച്ച്‌ ഈവനിംഗ്‌ വാക്കിനായി ഇറങ്ങവേ വഴിയില്‍ മമ്മതിനെ കാണ്ടു.

"ന്തൊക്കെണ്ട്‌ ന്റ മമ്മതേ ബിസേസങ്ങള്‍"

"ഒരു പണീം ഇല്ല ചെങ്ങായീ... പിന്നെന്ത്‌ ബിസേസം"

"ന്നാ ഇജ്ജ്‌ നമ്മളൊപ്പം കൂടിക്കോഡാ..."

"അതിന്‌ മുള്ള്‌ വെട്ടാനും വേലികെട്ടാനും ഇക്ക്‌ അറീല"

"അത്‌ വേണ്ടടാ ഞാന്‍ രാത്രി കറങ്ങാനിറങ്ങുമ്പോ ഒന്ന് ചാക്ക്‌ പിടിക്കാന്‍ കൂടെ കൂടിയാല്‍ മതി... കിട്ടുന്നതില്‍ കുറച്ച്‌ അനക്കും തരാം"

"എന്ത്‌ നാല്‌ ഒണക്കതേങ്ങയോ ?"

"അല്ലടാ ഇന്ന് ഞാന്‍ കുറച്ച്‌ അപ്പുറത്ത്‌ ഒരു വീട്‌ കണ്ട്‌ വെച്ചിട്ടുണ്ട്‌."

"എവിടെ"

"ഞമ്മളെ ആ പട്ടാളത്തീ പോയ മുസ്തഫാന്റെ വീട്‌... അവിടെ കൊറേ പണ്ടും പണവും ഉണ്ടെന്ന് കേട്ടു. അവന്റെ ഉമ്മയും ഭാര്യയും മാത്രമേ ഉള്ളൂ... ഇന്ന് അവിടെ ഒന്ന് തപ്പിയാലോ"

"നല്ല ഐഡിയ... എന്നാല്‍ ഇപ്പോള്‍ തന്നെ പോവാം..."

"ഹേയ്‌ ഇപ്പോള്‍ നീ വരണ്ട... ഞാം‍ പോയി ആ പുരയുടെ ചുറ്റുവട്ടവും ഒന്ന് നോക്കിവരാം. എന്നിട്ട്‌ രാത്രി ഒന്നിച്ച്‌ പോവാം"


പോക്കര്‍ പതിവുപോലെ നൈറ്റ്ഡ്യൂട്ടിക്കുള്ള പ്ലാന്‍ തയ്യാറാക്കാനായി വീടിന്റെ ചുറ്റുവട്ടത്തും കറങ്ങി നടന്നു. വൈകുന്നേരം കോഴിക്കൂട്‌ അടക്കാനായി പുറത്തിറങ്ങിയ മുസ്തഫയുടെ ഉമ്മ ഇത്‌ കാണുകയും ചെയ്തു. അവര്‍ക്ക്‌ ഉറപ്പായി ഇന്ന് ഏതോ ഒരു കള്ളന്‍ ഇവിടെ കയറാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന്. ആദ്യം ഇത്തിരി ഭയം തോന്നിയെങ്കിലും അതിനൊരു പരിഹാരം അവരുടെ മനസ്സില്‍ തെളിഞ്ഞു."


രാത്രി മീന്‍ചറും കൂട്ടി വയറുനിറയെ ഫുഡ്ഡടിച്ച്‌ പോക്കര്‍ തയ്യറായി. വഴിയില്‍ വെച്ച്‌ ഒരു കാലിച്ചാക്കുമായി മമ്മതും കൂടെ കൂടി. അവര്‍ പതുക്കെ വീടിനടുത്തുള്ള വാഴക്കൂട്ടത്തില്‍ പതുങ്ങി.

ഈ സമയമാണ്‌ വീട്ടിനകത്ത്‌ നിന്ന് തിത്തീബിഉമ്മ ഉച്ചത്തില്‍ മരുമകളോട്‌ സംസാരിക്കുന്നത്‌ കേട്ടത്‌.

"മോളേ... ഇവിടെ കള്ളന്മാരുടെ ഭയങ്കര ശല്ല്യമാണെന്ന് അറിയാല്ലോ... നീ ആ ആഭരണപെട്ടി മച്ചിന്മുകളിലെ പെട്ടിയിലിട്ട്‌ പൂട്ടിയേക്കണേ..."

പോക്കര്‍ക്ക്‌ ബഹുത്ത്‌ ഖുഷി.


"പതുക്കെ ഓടിളക്കുക. കയറില്‍ തൂങ്ങി പതുക്കെ മച്ചിന്‍പുറത്തേക്ക്‌ ഇറങ്ങുക. പെട്ടിയടക്കം അടിച്ച്‌ മാറ്റി തിരിച്ചെത്തുക." മനസ്സില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി.


കുറച്ച്‌ സമയം കഴിഞ്ഞ്‌ വീട്ടിലെ വിളക്കുകള്‍ അണഞ്ഞു. ഇത്തിരി കൂട്‌ കാത്ത്‌ നിന്ന് പോക്കര്‍ പതുക്കെ എണീറ്റു. കൂടെ എണീറ്റ മമ്മതിനോട്‌ നീ ഇവിടെ ഇരുന്നാല്‍ മതി. ഞാന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു.


പതുക്കെ ഓടിന്മുകളില്‍ വലിഞ്ഞ്‌ കയറി. ചുമരിനോട്‌ ചാരി രണ്ട്‌ ഓട്‌ ഇളക്കിയെടുത്തു. കഴുക്കോലില്‍ കെട്ടാന്‍ കയറെടുത്തപ്പോഴാണ്‌ ചെറിയ കയറാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്‌.

"ഹേയ്‌ കുഴപ്പമില്ല... മച്ചില്‍ വരേ ഇറങ്ങിയാല്‍ മതിയല്ലോ..." പോക്കര്‍ മനസ്സില്‍ പറഞ്ഞു.

പതുക്കേ കയറില്‍ തൂങ്ങി ഇറങ്ങി. കയറിന്റെ അറ്റത്തെത്തിയെങ്കിലും കാല്‌ മച്ചില്‍ മുട്ടിയില്ല.

"ഇനി കുറച്ച്‌ കൂടിയേ ഉണ്ടാവൂ... പതുക്കേ ചാടാം.." പോക്കര്‍ തീരുമാനിച്ചു.


കയറില്‍ നിന്ന് പിടിവിട്ടതോടെ താഴേക്ക്‌ പോവാന്‍ തുടങ്ങി. തൊട്ടടുത്ത്‌ ഒന്നും തടഞ്ഞ്‌ നില്‍ക്കാതിരുന്നപ്പോഴാണ്‌ ഈ വീടിന്‌ മച്ചില്‍ ഇല്ലാ എന്ന് പോക്കര്‍ക്ക്‌ മനസ്സിലായത്‌. അതോടെ അറിയതെ തൊണ്ടയില്‍ നിന്ന് നിലവിളി ഉയര്‍ന്നു. അടുക്കിവെച്ച്‌ നെല്ലിന്‍ ചാക്കുകള്‍ക്കിടയില്‍ വളരെ പെട്ടോന്ന് പോക്കര്‍ ലന്റ്‌ ചെയ്തു.


അതോടെ താഴ്‌ത്തിവെച്ചിരുന്ന ചിമ്മിനിയുടെ തിരി ഉയര്‍ന്നു. അപ്പോഴാണ്‌ കയ്യില്‍ ഉലക്കയുമായി നില്‍ക്കുന്ന സ്ത്രീകളേ പോക്കര്‍ കണ്ടത്‌. കദീസുമ്മയുടെ കയ്യിലെ ഉലക്ക ഉയര്‍ന്നതോടെ മരുമകള്‍ പറഞ്ഞു.

"ഉമ്മാ... അയാളെ അത്‌ കൊണ്ട്‌ അടിച്ചാല്‍ മരിച്ച്‌ പോവും. ഞാന്‍ വേറെ വടി നോക്കട്ടേ..." എന്ന് പറഞ്ഞത്‌.


അവരുടെ ശ്രദ്ധതെറ്റിയതോടെ പോക്കര്‍ എഴുന്നേറ്റ്‌ ഓടി. അടുകളയിലെത്തിയപ്പോള്‍ പുറത്തേക്കുള്ള ഒരു ജനല്‍ തുറന്ന് കിടക്കുന്നു. പിന്നെ ഒന്നും ചിന്തിക്കാന്‍ നില്‍കാതെ ജനലിലൂടെ പുറത്തേക്ക്‌ ചാടി. ചാടി കഴിഞ്ഞതോടെയാണ്‌ പോക്കര്‍ക്ക്‌ രണ്ടാമത്തെ അമളി മനസ്സിലായത്‌. ചാടിയത്‌ അടുക്കള കിണറ്റിലേക്കായിരുന്നു.


"ഹാവൂ രക്ഷപെട്ടു. അവന്‌ ആ കയര്‍ ഇട്ട്‌ കൊടുത്തേക്കൂ. ഞാന്‍ എല്ലാവരേയും വിളിച്ച്‌ കൂട്ടട്ടേ..." എന്ന് അതോടെ തിത്തിബിഉമ്മ മരുമകളോട്‌ പറഞ്ഞു.


പിന്നീട്‌ കഴിയാവുന്നത്ര ഉച്ചത്തില്‍ "ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി... ഓടിവായോ" എന്ന് അലറി വിളിക്കുകയും ചെയ്തു.

ഇതെല്ലാം കണ്ട്‌ മമ്മത്‌ ഓടണോ നിക്കണോ എന്ന് കണ്‍ ഫ്യൂഷനടിച്ച്‌ അവസാനം ഓടിയാല്‍ കുടുങ്ങും എന്ന് തീരുമാനിച്ച്‌ വാഴക്കൂട്ടത്തില്‍ തന്നെയിരുന്നു.


നാട്ടുകാര്‍ ഓടികൂടി. കള്ളനെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ്‌ സ്ഥലത്തെ പ്രധാന ദിവ്യന്‍ നാരയണന്‍ നായര്‍ ഇങ്ങിനെ ചോദിച്ചത്‌.

"നീ ഇങ്ങോട്ട്‌ കയറി വരുന്നോ അതോ ഞങ്ങള്‍ അങ്ങോട്ട്‌ ഇറങ്ങണോ...?"

കിണറ്റിലായതിനാല്‍ തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്ന് പോക്കര്‍ക്ക്‌ അറിയാമായിരുന്നു. പോക്കര്‍ ഒന്നും പറഞ്ഞില്ല.

അവസാനം കാരിക്കുട്ടിയോട്‌ കിണറ്റിലിറങ്ങാന്‍ നാരയണന്‍ നായര്‍ കല്‍പ്പിച്ചു. കാരിക്കുട്ടി കിണറ്റിലിറങ്ങാന്‍ തുടങ്ങവേ പോക്കര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു.

"നിങ്ങള്‍ക്കറിയുമോ ഞാന്‍ ആരെന്ന്. ഞാന്‍ ഈ നാട്ടുകാരനാല്ല. ഒരു സാധാരണ കള്ളനുമല്ല."

"പിന്നെ..."

"എനിക്ക്‌ മാജിക്ക്‌ അറിയാം..."

"എന്ത്‌ മാജിക്ക്‌"

"ഞാന്‍ ഈ കിണറില്‍ മുങ്ങിയാല്‍ വേറെയെവിടെയെങ്കിലും ആയിരിക്കും പൊന്തുന്നത്‌... പിന്നെ നിങ്ങള്‍ എങ്ങനെ എന്നെ പിടിക്കും."

കൂടിനിന്നവര്‍ ആകെ കണ്‍ ഫ്യൂഷനായി. ഇനി എന്ത്‌ ചെയ്യും. അവസാനം നാരയണന്‍ നായര്‍ തന്നെ ഐഡിയയുമായി കിണറ്റിന്‍ കരയിലെത്തി.

"ഞങ്ങള്‍ നിന്നെ ഒന്നും ചെയ്യില്ല. നീ എവിടെയാണ്‌ പൊങ്ങുക എന്ന് മാത്രം പറഞ്ഞാല്‍ മതി."

"ഉറപ്പാണോ... ഒന്നും ചെയ്യില്ലല്ലോ ?"

"ഹേയ്‌ ഇല്ലന്നേ... ഞങ്ങള്‍ക്ക്‌ മാജിക്ക്‌ കാണാനല്ലേ..."

"എന്നാല്‍ ഞാന്‍ ഈ വീടിന്റെ തെക്കേ മൂലയിലുള്ള വാഴക്കൂട്ടത്തി പൊങ്ങും."

"ഓഹോ... " ജനക്കുട്ടം അത്ഭുതപെട്ടു.

"എന്നാല്‍ ശാരി" എന്ന് പറഞ്ഞ്‌ പോക്കര്‍ വെള്ളത്തില്‍ മുങ്ങി.

ഇത്തിരി സമയത്തിന്‌ ശേഷം പൊങ്ങിയപ്പോള്‍ ആരും കിണറ്റിന്‍ കരയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ... മമ്മതിന്റെ കരച്ചില്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. സന്തോഷത്തോടെ കാരിക്കുട്ടി ഇറങ്ങാനായിട്ട കയറില്‍ പോക്കര്‍ കടന്ന് പിടിച്ചു.

Thursday, October 19, 2006

ജിന്നിന്റെ സമ്മാനം...

ഒരു വ്യാഴാഴ്ച രാത്രി... പോക്കര്‍ പതിവു സന്ദര്‍ശനത്തിറങ്ങും മുമ്പ്‌ അകത്തേക്ക്‌ വിളിച്ചു...

"ബീവാത്തോ... ?"

അകത്ത്‌ നിന്ന് ഭാര്യ വിളികേട്ടു

"ഏന്തേയ്‌......"

"എടീ നീ ആ കള്ളിത്തുണി തിരുമ്പിയിട്ടിട്ടുണ്ടോ...? നാളെ പള്ളീല്‍ പോണം."

കിലുക്കത്തില്‍ ഇന്നസെന്റിന്‌ ലോട്ടറിയടിച്ച ഭാവത്തില്‍ ബീവാത്തു നിന്നു. കാരണം വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച്‌ വന്നിട്ടും പോക്കര്‍ പള്ളിയില്‍ പോയിട്ടില്ലാത്തത്‌ കൊണ്ട്‌ തന്നെ.

"എന്തേ ഇങ്ങക്ക്‌ പറ്റീത്‌ ?"

"ഇക്കൊന്നും പറ്റീറ്റിട്ടില്ല... ഇജ്ജ്‌ അപ്പോ ഒന്നും അറിഞ്ഞിട്ടില്ലേ"

"ഇല്ല്യ"

"എടീ നമ്മുടെ പള്ളീലെ മുസ്ല്യാര്‌ നാളെ ജിന്നുകളുമയാണത്രെ ജുമുഅക്ക്‌ വരുന്നത്‌."

"ഹെന്റ പടച്ചോനേ..." ബീവാത്തു അത്ഭുതപെട്ടു.

"എടീ അത്‌ മാത്രമല്ല. പള്ളിയില്‍ വെച്ച്‌ ജിന്നിനോട്‌ എന്തും ചോദിക്കാമെന്നാ മുസ്‌ല്യാര് പറഞ്ഞത്‌. എന്ത്‌ ചോദിച്ചാലും അപ്പോള്‍ തന്നെ കിട്ടും. ഉദാഹരണമായി പത്ത്‌ കിലോ സ്വര്‍ണ്ണം ചോദിച്ചാല്‍ അപ്പോള്‍ തന്നെ ഒരു ബക്കറ്റില്‍ സ്വര്‍ണ്ണം തരും. ഒരു ലക്ഷം ഉറുപ്യ ചോദിച്ചാല്‍ അപ്പോള്‍ കെട്ട്‌ കെട്ടായിരിക്കുന്ന കായി തരും. ദുബൈക്ക്‌ പോവണെമെനില്‍ വിസയുടെ കോപ്പി അപ്പോള്‍ തന്നെ കിട്ടും... അത്‌ കൊണ്ട്‌ ഞമ്മള്‌ നാളെ പള്ളീല്‍ പോവും."

"തെന്നേ... ഇന്നാ വേഗം വരീ... ഞാനും ഒന്ന് അലോചിച്ച്‌ നോക്കട്ടേ" എന്ന് പറഞ്ഞ്‌ ബീപാത്തു അകത്ത്‌ പോയി. പോക്കര്‌ നൈറ്റ്‌ ഡ്യൂട്ടിക്കും.


ഇനി കഥയുടെ മറ്റൊരു വശം :-

നാട്ടുകാരണവരായ കുട്ട്യലിയോട്‌ പൊതുകാര്യ ജ്ഞാനമുള്ള അമ്പട്ടന്‍ കറപ്പനാണ്‌ ജിന്നുകളെ കുറിച്ച്‌ പറഞ്ഞത്‌. എന്ത്‌ ചോദിച്ചാലും അപ്പോള്‍ തന്നെ എടുത്ത്‌ കൊടുക്കുന്ന ജിന്നിനെ എവിടെ കിട്ടും എന്നായി അടുത്ത അന്വേഷണം. അപ്പോഴാണ്‌ കറപ്പന്‍ പറഞ്ഞത്‌... "ങ്ങളെ പള്ളീലെ ആ മൊയ്‌ല്യരോട്‌ ചോയ്‌ച്ച്‌ നോക്കീ മാപ്ലേ... അയാള്‍ക്ക്‌ അറിയായിരിക്കും" എന്ന് പറഞ്ഞത്‌.

നേരെ കുട്ട്യലി മുസ്ല്യരുടെ മുമ്പിലെത്തി. പിന്നെ ഒരൊറ്റ ആജ്ഞയായിരുന്നു.
"മുസ്‌ല്യരേ... അടുത്ത ആഴ്ചമുതല്‍ ഇവിടെ ജോലി വേണങ്കില്‍ ഞങ്ങള്‍ക്ക്‌ ജിന്നിനെ കാണിച്ച്‌ തരണം. എനിക്ക്‌ അയാളോട്‌ കോറേ കാര്യങ്ങള്‍ ചോദിക്കാനുണ്ട്‌."

മുസ്‌ല്യാര്‍ ശരിക്കും പെട്ടു. കുറച്ച്‌ ആലോചിച്ച്‌ പുള്ളി ഒരു തീരുമാനമെടുത്തു. ഇനിയേതായാലും ഈ മണ്ടന്മാരുടെ അടുത്ത്‌ ജോലി ചെയ്താല്‍ ശരിയാവില്ല... പോവുമ്പോല്‍ നല്ലൊരു പാഠം പഠിപ്പിച്ചിട്ട്‌ തന്നെ പോവാം"

"ഞാന്‍ നോക്കട്ടേ കുട്ട്യലികാക്ക... ജിന്നിനെ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. ഏതായാലും ഞാന്‍ ഒന്ന് നാട്ടില്‍ പോയി നോക്കട്ടേ... അടുത്ത വെള്ളിയാഴ്ച ജിന്നുമായി വരാം... "

ഇതും പറഞ്ഞ്‌ മുസ്‌ല്യാര്‍ നാട്ടില്‍ പോയി. വ്യാഴഴ്ച കടന്നലു പിടിക്കുന്നതില്‍ വിരുതനായ അളിയന്‍ ജമാലിനോട്‌ ഒരു മണ്‍കലത്തില്‍ നല്ല സ്ടോങ്ങ്‌ ഉള്ള ഒരുതരം കടന്നല്‍ നിറച്ച്‌ തരാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ചില പോത്തുകളെ ചികിത്സിക്കാനാണെന്നും പറഞ്ഞു.

---

വെള്ളിയാഴ്ച പോക്കര്‍ രാവിലെ തന്നെ ഒരുങ്ങി... പുതിയ കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച്‌ പുറത്തിറങ്ങുമ്പോള്‍ പത്തുവയസ്സുകാരനായ ജമാലിനോട്‌ പറഞ്ഞു.

"ഡാ ഇവിടെ കറങ്ങി നടക്കാതെ പള്ളിലേക്ക്‌ പോര്‌... എന്നിട്ട്‌ പെരുന്നാളിനുള്ള പടക്കകാശെങ്കിലും ആ ജിന്നിനോട്‌ ചോദിച്ച്‌ വാങ്ങാന്‍ നോക്ക്‌."

അതോടെ ജാമലും പള്ളിയിലേക്കോടി.

പോക്കര്‍ ഇറങ്ങിയപ്പോള്‍ ആണ്‌ ബാക്കില്‍ നിന്ന് ഒരു വിളി.

"പിന്നേയ്‌.."

"എന്താ ബീവാത്തു..."

"പിന്നെ ഇങ്ങള്‌ ചോദിക്കുമ്പോ നമ്മളെ കാര്യം മറക്കരുത്‌... പൊന്നും പണവും മാത്രം ചോദിച്ചാ പോര..."

പിന്നെ... നമ്മുടെ ഇത്‌ വരെ പ്രസവിക്കാത്ത ആടിന്‌ ചെനയുണ്ടാവണം. പിന്നെ ഞാന്‍ ഇന്നലെ പതിനെട്ട്‌ കോഴിമുട്ട അടവെച്ചിട്ടുണ്ട്‌. അതെല്ലാം വിരിയണം. അതില്‍ ഒന്ന് പൂവനും ബാക്കിയെല്ലാം പിടയും ആവണം. പിന്നെ ദിവസവും നൂറ്‌ മുട്ടയിടുന്ന ഒരു കോഴിയെ ചോദിച്ച്‌ വാങ്ങണം.... ഇതൊന്നും മറക്കരുത്"

ലിസ്റ്റ്‌ നീണ്ടപ്പോള്‍ പോക്കര്‍ പറഞ്ഞു. "ബീവാത്തു.. എല്ലാം ഞാന്‍ പറയാം. വേഗം പോവട്ടേ ... അല്ലെങ്കില്‍ പള്ളിയില്‍ സ്ഥലം കിട്ടില്ല."

എന്നും പറഞ്ഞ്‌ പോക്കര്‍ പള്ളിയിലേക്ക്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ആകെ അത്ഭുതപെട്ടു. സാധാരണ പള്ളിയില്‍ വരുന്നതിലും പത്തിരട്ടി ആളുകള്‍. പള്ളി നിറഞ്ഞ്‌ കവിഞ്ഞ്‌ പള്ളിക്കാട്‌ പോലും ആളുകളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. എല്ലാവരും ജിന്നിനെ കാണാനെത്തിയതാണ്‌.

കുറച്ച്‌ കഴിഞ്ഞ്‌ തലയില്‍ വലിയ കുടവും ചുമന്ന് മുസ്‌ല്യാര്‍ വന്നു. തൊട്ടടുത്തിരിക്കുന്ന മമ്മത്‌ പോക്കരോട്‌ പറഞ്ഞു. "ഡാ പോക്കരേ നോക്ക്‌... മ്മുസ്‌ല്യാരുടെ തലയില്‍ നിറയേ ജിന്നാണെന്ന് തോന്നുന്നു." പിന്നീട്‌ പോക്കറ്റില്‍ നിന്ന് ജിന്നിനോട്‌ ചോദിക്കാനുള്ള വലിയ ലിസ്റ്റും പുറത്തെടുത്ത്‌ കാണിച്ചു.

ജുമുഅ നിസ്കാരം കഴിഞ്ഞ്‌ ശേഷം മുസ്‌ല്യാര്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. ആദ്യമായി എല്ലാവരും പള്ളിക്കുള്ളില്‍ കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരും കടന്നതോടെ ഇരിക്കാന്‍ പോയിട്ട്‌ നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ.

പിന്നീട്‌ മുസ്‌ല്യാര്‍ പറഞ്ഞു.
"ഈ ജിന്നെനെ കാണാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവില്ല. ഇത്‌ നിങ്ങളുടെ ഭാഗ്യമാണ്‌. പിന്നെ എല്ലാവരും പള്ളിയില്‍ കയറി വാതില്‍ അടക്കണം. കാരണം ജിന്നുകള്‍ ആകാശം കാണാന്‍ പാടില്ല. പിന്നെ എന്റെ മകന്‌ സുഖമില്ലാത്തതിനാല്‍ ഞാന്‍ നട്ടിലേക്ക്‌ തിരിച്ച്‌ പോവുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടതെല്ലാം ചോദിച്ചിട്ടുണ്ട്‌. ഇനി നിങ്ങള്‍ക്കുള്ള അവസരമാണ്‌. ഞാന്‍ പുറത്തിറങ്ങി വാതില്‍ അടച്ച ശേഷം അതില്‍ ഒന്ന് തട്ടും. അപ്പോള്‍ നമ്മുടെ നാട്ടുകാരണവര്‍ കുട്ട്യലിക്കാക്ക തന്റെ വടികൊണ്ട്‌ കുടത്തില്‍ അടിക്കണം. പിന്നെ നിങ്ങളും ജിന്നുകളുമായി വേണ്ടപോലെ ചെയ്യുക."

ഇത്രയും പറഞ്ഞ്‌ മുസ്‌ല്യാര്‍ പുറത്തിറങ്ങി വാതിലടച്ചു... എന്നിട്ട്‌ ഉച്ചത്തില്‍ രണ്ട്‌ മുട്ട്‌ മുട്ടിയ ശേഷം നട്ടിലേക്ക്‌ ഓടി രക്ഷപ്പെട്ടു.

കുട്ട്യാലികാക്ക തന്റെ വടികൊണ്ട്‌ ആഞ്ഞടിച്ചതും പള്ളിക്കുള്ളില്‍ ഒരു മുളല്‍ കേള്‍ക്കാന്‍ തുടങ്ങി. പിന്നെ കൂടി നില്‍ക്കുന്ന മണ്ടന്മാരെ മുഴുവന്‍ കടന്നല്‍ കൈകാര്യം ചെയ്തു. കടന്നലിന്റെ ആക്രമണം അസഹ്യമായപ്പോള്‍ കഷ്ടപെട്ട്‌ വാതില്‍ ചവിട്ടിപൊളിച്ച്‌ ജനങ്ങള്‍ ഒന്നിച്ച്‌ പുറത്തേക്ക്‌ ഓടി. കടന്നലുകള്‍ കൂടെയും...

കൈനിറയെ സമ്മാനങ്ങളുമായി വരുന്ന് പോക്കരിനെ ബീവാത്തു ഗൈറ്റില്‍ തന്നെ കാത്ത്‌ നിന്നു. അപ്പോഴാണ്‌ മകന്‍ ജമാല്‍ കരഞ്ഞ്‌ കൊണ്ട്‌ ഓടിവരുന്നത്‌ കണ്ടത്‌.

"ന്താടാ പറ്റീത്‌ ജാമാലേ... എവിടേ അന്റെ ബാപ്പ..."

"അതൊന്നും പറയണ്ട എന്റ്‌ ഉമ്മാ... ബാപ്പയും ഒരു അഞ്ചെട്ട്‌ ജിന്നുകളും കൂടിയുണ്ട്‌ പള്ളികാട്ടില്‍ കിടന്ന് ഓടുന്നു."

ഇതും പറഞ്ഞ്‌ ജമാല്‍ മഞ്ഞള്‍ പറിക്കാനായി പോയി.

Wednesday, October 18, 2006

തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും..

കുറിപ്പ് : മുസ് ലിങ്ങള്‍ക്കിടയിലെ നോമ്പ്, പെരുന്നാള്‍, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ചാന്ദ്രമാസം അടിസ്ഥാനമാക്കിയാണ്. നോമ്പുള്ള റമദാന്‍‍ മാസത്തിലെ ഇരുപത്തിഒമ്പതാം ദിവസം മനത്ത് ചന്ദ്രനെ കണ്ടാല്‍ പിറ്റേന്ന് പെരുന്നാള്‍ ആയിരിക്കും. ഇല്ലെങ്കില്‍ ഒരു ദിവസം കൂടി നോമ്പനുഷ്ഠിക്കണം.
ഈ നിയമവുമായി ബന്ധപ്പെട്ടാതാണ് ഈ കഥ.

--------------------------------------------------------

റമദാന്‍ മാസം ഇരുപത്തിയൊമ്പാത്‌. സാധാരണ പോലെ അന്നും പോക്കര്‍ നോമ്പെടുത്തിട്ടില്ല. എന്താ പോക്കരേ നോമ്പ്‌ ഇരുപത്തൊമ്പതായില്ലെ ഇന്നെങ്കിലും... എന്ന് പറഞ്ഞ സുലൈമാനോട്‌ 'അനക്ക്‌* അങ്ങനെ പറയാം. പള്ള*കാലിയായാല്‍ പിന്നെ അടിയില്‍ നിന്ന് ഒന്ന് ഉരുണ്ടുകയറ്റമാ.. പിന്നെ പുടിച്ച്‌ നിക്കാന്‍* പറ്റൂല ചെങ്ങായിയേ*.. അല്ലാതെ നോമ്പെടുക്കാന്‍ പൂതില്ലാന്നാ* ഇജ്ജ്‌* കര്തിയത് എന്ന മറുപടി പറഞ്ഞ്‌ വരുന്ന വഴിയാണ്‌.


നോമ്പുതുറക്കാന്‍ സമയമായി തുടങ്ങിയിട്ടുണ്ട്‌. ബാങ്കിനുമുമ്പ്‌ വീടെത്തണമെങ്കില്‍ ഓടണോ നടക്കണോ എന്ന് തീരുമാനിക്കാനാവത്ത സിറ്റുവേഷന്‍. ഇതിനിടയില്‍ പോക്കര്‍ക്ക് ഒരു സംശയം. ചന്ദ്രന്‍ ഉദിച്ചിട്ടിട്ടുണ്ടോ.. ഉണ്ടെങ്കില്‍ നാളെ പെരുന്നാള്‍. നാട്ടുകാരുടെ ഒരുമാസത്തെ പട്ടിണി അവസാനിപ്പിക്കാനുള്ള സിഗ്നല്‍. ഒന്നു കണ്ടുകിട്ടിയാല്‍ കുട്ട്യലിക്ക്‌ സ്വതന്ത്രമായി എന്തെങ്കിലും കഴിക്കാം.. അങ്ങനെ ഈ അടിയില്‍ നിന്നുള്ള ഉരുണ്ടുകയറ്റം ഒഴിവാക്കാം. കൂടാ‍തെ പെരുന്നാളിന്റെ രണ്ടുദിവസം കുശാലായിരിക്കും.


വീണ്ടും വീണ്ടും സൂക്ഷിച്ചുനോക്കിയപ്പോള്‍ പോക്കര് തന്നെ അത്ഭുതപ്പെട്ടു. ഇത്‌ അവന്‍ തന്നെ. തേങ്ങാപൂളോളം മാത്രമുള്ള അമ്പിളി.


പോക്കര്‍ക്ക്‌ അടക്കാനാവത്ത ഹാപ്പി. ഒറ്റനോമ്പ്‌ പിടിക്കാത്ത തനിക്ക്‌ മാസപ്പിറവി കാണാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ. മാനത്ത് ഒരു തേങ്ങാപൂളുപോലെ ചെറുതായാണ് പെരുന്നാള്‍പിറവി‌ കണ്ടത്‌. ഇക്കാര്യത്തില്‍ അനുഭവങ്ങളൊന്നും ഇല്ലാത്ത പോക്കര്‍ ഇത് കണ്ട് ആകെ കണ്‍ ഫ്യൂഷനായി. പെരുന്നാള്‍ ചന്ദ്രന്‍ ഇത്ര ചെറുതായി കണ്ടാല്‍ മതിയോ ?. പിന്നെ സമാധാനിച്ചു പെരുന്നാളിനായത് കൊണ്ട് ഇത്രയുംമതി. പിന്നെ നോമ്പ്‌ തുടങ്ങാന്‍ ചിലപ്പോള്‍ വല്ല്യ വട്ടത്തില്‍ കണെണ്ടി വരും.


വീട്ടിലേക്ക്‌ പോവണോ.. അതോപള്ളിയില്‍ ചെന്ന് വിവരം പറയണോ.. രണ്ടുമിനുട്ട്‌ ആലോചിച്ച്‌ ഇല്ലത്ത തലപുണ്ണാക്കിയതിലൂടെ ആദ്യം വീട്ടില്‍ കാത്തിരിക്കുന്ന ഇറച്ചിയും പത്തിരിയും പിന്നെ പള്ളി എന്ന്‍ തീരുമാനമായി. മാനാത്തേക്ക്‌ ഒന്നുകൂടിനോക്കിയപ്പോഴേക്കും ചന്ദ്രന്‍ മറഞ്ഞിരുന്നു.അതില്‍ പോക്കര്‍ക്ക്‌ ഒരു വിഷമവും തോന്നിയില്ല. കാരണം ആലോചന മുഴുവനും പിറ്റേന്നത്തെ സദ്യവട്ടത്തെ കുറിച്ചായിരുന്നു.

വീടെത്തിയപ്പോഴേക്കും ബാങ്ക്‌ വിളിച്ചിരുന്നു. നോമ്പെടുക്കാത്തതിനാല്‍ അത്‌ പ്രശ്നമായി തോന്നിയില്ല. വീട്ടിലെത്തിയ ഉടനെ വീട്ടുകാരെ വിളിച്ചു നളെ പെരുന്നളാണെന്ന വിവരം അറിയിച്ചു. പത്തിരിയും ഇറച്ചിയും ഫാസ്റ്റായി എക്സ്പോര്‍ട്ട് ചെയ്തു. പിന്നെ‌ പള്ളിയിലേക്കോടി.


വഴിയില്‍ സകലര്‍ക്കും മെസ്സേജ്‌ പാസ്സ്‌ ചെയ്തു. നോമ്പ്‌ നോല്‍ക്കാത്ത അനക്കെന്ത്‌ പെരുന്നാളാടെ ഹംക്കേ.. എന്ന് ജമാല്‍കാക്ക പറയുകയും ചെയ്തു.


പള്ളിയില്‍ മുസല്യാര്‍ ഇല്ലത്തതിനാല്‍ പള്ളിപ്രസിഡഡ്‌ മൊയ്തുഹാജി സമക്ഷം കാര്യങ്ങള്‍ അവതരിപ്പിച്ചു. വിവരമറിയാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രസിഡഡ്‌ മൊയ്തുഹാജി പോക്കരെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മുമ്പ്‌ മാസപ്പിറവി കണ്ട്‌ എക്സ്‌ പീരിയന്‍സില്ലാത്ത പോക്കര്‍ അതു പ്രതീക്ഷിച്ചിരുന്നില്ല.


അല്ല പോക്കരേ... ജ്ജ്‌ ഓട്ന്നാ* കണ്ടത്‌.

പോക്കര്‍ : ഞമ്മളെ കടപ്പൊര്‍ത്ത്ന്ന്*.

ഹാജി : എപ്പൊ*
പോക്കര്‍ : കൊര്‍ച്ച്‌* മുമ്പ്‌

ഹാജി : എത്ര ബല്‍പ്പം ണ്ടാര്‍ന്ന്*.

പോക്കര്‍ക്ക്‌ വീണ്ടും കണ്‍ ഫ്യൂഷന്‍. ഇത്തിരിപ്പോന്ന ചന്ദ്രനെ കുറിച്ച്‌ പറഞ്ഞാല്‍ ഇക്കണ്ട മനുഷ്യര്‍ വിശ്വസിക്കുമോ. വിശ്വസിച്ചില്ലങ്കില്‍ നാളെ വീണ്ടും നോമ്പ്. രണ്ടും കല്‍പ്പിച്ച്‌ പോക്കര്‍ പറഞ്ഞു.

ഹാജ്ജ്യാരെ ഈ പയിനാലാം രാവിന്റെ* അത്ര തന്നെ ബലിപ്പും നെറം* ഇല്ല.

ഹാജി: പിന്നെ എത്രണ്ടായിന്ന്.

പോക്കര്‍ : നമ്മളെ മോല്യേര്‍ക്ക്‌* ചോറ്‌ കൊണ്ടര്‍ണ പാത്രത്തിന്റെ* ഒരു പൌതി* വട്ടംണ്ടാവും.

ഹാജ്യരുടെ ചൂരല്‍ കുട്ട്യലിയുടെ പുറത്ത്‌ കൂടെ ഒരു അലര്‍ച്ചയും. പറയടാ ഹംകേ... എത്ര വലുപ്പം..

പോക്കര്‍: (സൈസ് ഒന്നുകൂടെ കൂട്ടി) ചെലപ്പോ പാത്രത്തിന്റെ അത്രത്തന്നെ വട്ടംണ്ടാവും ഹാജ്യാരേ..

ഹാജി ശരിക്കും ചൂടായി.

നീ മന്‍സമ്മാരുടെ* നോമ്പ്‌ ഫസാദാക്കാന്‍* നടക്കുന്നോടാ എന്ന ചോദ്യത്തോടൊപ്പം പുള്ളി കുത്തിനടക്കാറുള്ള വടി വീണ്ടും ഉയര്‍ന്നു താണു. അതായിരുന്നു നാട്ടുക്കര്‍ക്കുള്ള സിഗ്നല്‍.. അവര്‍ ശരിക്കും അര്‍മാദിച്ചു. പോക്കര്‍ പള്ളിയില്‍ നിന്ന് ജീവനും കോണ്ട്‌ ഇറങ്ങിയോടി . ഓടുമ്പോള്‍ ഇങ്ങിനെ വിളിച്ചു പറഞ്ഞു.


പൊന്നാര ഹജ്ജ്യാരേ.. ഇന്നെ.... തല്ലല്ലീ.... തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും പോക്കര് ഇഞ്ഞ് ആരോടും മുണ്ടൂലാ ......



---------------------------------
ഇതില്‍ ഉപയോഗിച്ച ഭാഷ മലപ്പുറം ഗ്രമങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവയാണ്. അതിനാല്‍‍ ചിലവക്കുകളുടെ അര്‍ത്ഥം‍ ഇവിടെ ശരിയായി ചേര്‍ക്കുന്നു.

ഇത് വിളിച്ചറിയിച്ച അഗ്രജന് പ്രത്യേക നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

തൊപ്പിക്കൊട : കൃഷിക്കാര്‍ മഴനനായിതിരിക്കാന്‍ തലയിലുറപ്പിക്കുന്ന് കുട. (മാവേലിയുടെ കുടയുടെ കാലെടുത്തുകളഞ്ഞാല്‍ അതുത്തന്നെ.)

അനക്ക് : നിനക്ക്.
പള്ള : വയര്‍.
പുടിച്ച് നിക്കാന്‍ : പിടിച്ചുനില്‍ക്കാന്‍.
ചെങ്ങായി : ചങ്ങാതി
പൂതി : ആഗ്രഹം
ജ്ജ് ഓട്ന്നാ.. : നീ എവിടെ നിന്ന്.
കടപ്പൊര്‍ത്ത്ന്ന് : കടപ്പുറത്തുനിന്ന്.
എപ്പോ: എപ്പോ‍ള്‍.
കൊര്‍ച്ച് : കുറച്ച്.
ബല്‍പ്പം : വലുപ്പം
പയിനാലാം രാവ് : വെളുത്തവാവ് ദിവസം.
മൊല്യേര്‍ : പള്ളിയിലെ പുരോഹിതന്‍.
ഫസാദ് : കുഴപ്പം, ബുദ്ധിമുട്ട്.
ഇഞ്ഞ് : ഇനി

-----------------------------------------
അഭിപ്രായങ്ങള്‍:
-----------------------------------------

At 6:28 PM, August 30, 2006, പാര്‍വതി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
പാവം കുഞ്ഞാലി..

ഒന്ന് സഹായിക്കാന്‍ ചെന്നതല്ലേ..എന്നിട്ട്..അത് പിടിച്ച് കഥയാക്കാന്‍ ഇങ്ങനെയൊരു ഇത്തിരിവെട്ടവും..

-പാര്‍വതി.


-----------------------------------------

At 6:57 PM, August 30, 2006, കൈത്തിരി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഹാ‍ജ്യാരുടെ ഊന്നുവടി ഉയര്‍ന്നത് ഇത്തിരി നേരം ഓര്‍ത്തിരുന്നുപോയി...ലളിതം... മനോഹരം...


-----------------------------------------

At 7:26 PM, August 30, 2006, Inji Pennu ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇങ്ങിനത്തെ കഥയൊക്കെ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടാ...നല്ല രസമുണ്ട്...


-----------------------------------------

At 7:32 PM, August 30, 2006, അഗ്രജന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
സംഭവം കലക്കി ഇത്തിരിവെട്ടം
കഥ നന്നായിട്ടുണ്ട്.

എനിക്ക് മനസ്സിലാവാതെ പോയ ചിലത് കുറിക്കുന്നു, വിരോധമില്ലല്ലോ..!!

ഇത്തിരി ചെറുതായാണ്‌ കണ്ടത്‌. പിന്നെ നോമ്പ്‌ തുടങ്ങാന്‍ ചിലപ്പോള്‍ വലുതായി കണെണ്ടി വരും. പെരുന്നാളിനെന്തിനാ ഇത്ര വലിപ്പം എന്നും സമാധാനിച്ചു. [ഈ വരികളിലെ ആശയം വ്യക്തമാകുന്നില്ല]

വിശ്വസിച്ചില്ലങ്കില്‍ നാളെ വീണ്ടും നോമ്പൃണ്ടും കല്‍പ്പിച്ച്‌ [നോമ്പൃണ്ടും - ഇവിടെ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല]

പയിനാലാം രാവിന്റെ അത്ര തന്നെ വലിപ്പം ഇല്ല്യ. അത്ര നെറും ഇല്ല. [ഇല്ലയ് & നെറും രണ്ടും എന്താന്ന് മനസ്സിലായില്ല]

ഫസാദാക്കാന്‍ [ഫസാദാക്കലും വായനക്കാരനെ ‘ഫസാദാക്കും’ എന്നു തോന്നുന്നു]

അക്ഷരതെറ്റുകള്‍ അവിടേം ഇവിടേമൊക്കെയുണ്ടെന്ന് പറയാതിരിക്കാനും വയ്യ...


-----------------------------------------

At 8:02 PM, August 30, 2006, ദില്‍ബാസുരന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഹ ഹ...

രസിച്ചു രസിച്ചു.

പക്ഷേ കുഞ്ഞാലി സംഭവം ശരിക്കും കണ്ടിരുന്നില്ലേ? പിന്നെന്താ പ്രശ്നം? ഇനി അസ്തമയ സൂര്യനെയാണോ ചെങ്ങായി കണ്ടത്? :)

ആഹാ... ഈ ഭാഷ വായിച്ചപ്പോള്‍ ശനിയാഴ്ച കോട്ടക്കല്‍ ചന്തയിലൂടെ ഒന്ന് നടന്ന സുഖം. :)


-----------------------------------------

At 8:10 PM, August 30, 2006, ഇത്തിരിവെട്ടം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
പിന്നെ എല്ലാ ബൂലോഗര്‍ക്കും കൂടി ഒരറിയിപ്പ്. ഇതിലെ ഭാഷ മനസ്സിലാത്തവര്‍ ദില്‍ബൂവിനെ സമീപ്പിച്ചാലും മതി.


------------------------------------------

At 9:44 PM, August 30, 2006, minnaminugu ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഏറനാടന്‍ ഗ്രാമങ്ങളിലെ പഴയ ഒരു “ചൊല്ലിന്റെ” കഥാവിഷ്ക്കാരം. രസകരമായിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ശരിക്കും മനസ്സിലാവണമെങ്കില്‍ 'context'അറിഞ്ഞിരിക്കണമെന്നു മാത്രം.

അഭിനന്ദനം.


------------------------------------------

At 10:13 PM, August 30, 2006, ബിന്ദു ഇങ്ങിനെ അഭിപ്രായപ്പെട്ടു.
നന്നായി. ആക്ച്വലി എന്താ കണ്ടത്? :) പാവം.


------------------------------------------

At 2:15 AM, August 31, 2006, കരീം മാഷ്‌ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
മാസം കണ്ടാല്‍ യാസീനോതും കൂസന്‍ മൊല്ലാക്കാനു ചെറുപ്പത്തില്‍ പാടി നടന്നിരുന്നതിതുവായിച്ചപ്പോള്‍ ഓര്‍ത്തുപോയി.നന്നു. പക്ഷെ എല്ലാര്‍ക്കും മനസ്സിലാവാന്‍ പ്രയാസം.


------------------------------------------

At 8:02 AM, August 31, 2006, തറവാടി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
very nice......... enjoyed ..really ...., sorry to comment in English , i do not have malayalam font ......


------------------------------------------

At 11:42 AM, August 31, 2006, remesh ഇങ്ങിനെ അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും മനസ്സിലാവോന്ന് അറയില്ല(ഭാഷാ പ്രയോഗം), ഇന്നാലും മ്മ്ക്ക്‌ത്‌ പുത്തരിയല്ലാ...മ്മ്‌ള്ളെ മലപ്പൊറം ഭാഷ കലക്കീ ട്ടോ...


------------------------------------------

At 12:52 PM, August 31, 2006, ഇത്തിരിവെട്ടം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഈ പോസ്റ്റ് ഇടുന്നതിന് മുമ്പേ ഞാന്‍ ഭാഷയുടേതായ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മലപ്പുറത്ത് മാത്രം കേള്‍ക്കുന്ന ചില പദങ്ങള്‍. വായിച്ചവരെല്ലാം മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിട്ടുണ്ടാവും എന്നറിയാം.എല്ലാവര്‍ക്കും ഒത്തിരി നന്ദി.

പാര്‍വ്വതീ നന്ദി, പിന്നെ കുഞ്ഞാലിയല്ല. കുട്ട്യാലി. പഴയകാല പേരുകളിലൊന്ന്.

കൈത്തിരി നന്ദി
ഇഞ്ചിപെണ്ണേ നന്ദി
അഗ്രൂ ഒത്തിരി നന്ദി, വായിച്ചതിലും തെറ്റുകള്‍ ചൂണ്ടികാണിച്ചതിലും. ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ദില്‍ബൂ : കുഞ്ഞാലിയല്ല, കുട്ട്യാലി. പിന്നെ ഇത് ഒറ്റവായനയില്‍ മനസ്സിലാവരില്‍ ഒന്നാം സ്ഥാനം ദില്‍ബുവിനു തന്നെയായിരിക്കും.
മിന്നമിനുങ്ങേ നന്ദി.. ആ ചൊല്ലിന്റെ ആവിഷ്കാരമായി പരിഗണിക്കൂ.

ബിന്ദൂ നന്ദി:ആക്ച്വലീ കണ്ടത് വിശദീകരിക്കാന്‍ ഞാന്‍ ഒരു കുറിപ്പ് തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

കരീമാഷേ നന്ദി. തല്ല് കൊണ്ട കഥ വായിച്ചും പാട്ട് പാടാനുള്ള അങ്ങയുടെ ചങ്കൂറ്റത്തെ ആദരിക്കുന്നു(തമാശിച്ചതാണേ)
തറവാടി നന്ദി
രമേഷ് നന്ദി, എല്ലാവര്‍ക്കും മനസ്സിലാവില്ലാ എന്ന് ഉറപ്പ്. പിന്നെ ഇത് പുടിക്കിട്ട് ണ ആരെങ്കിലും ഉണ്ടാവും എന്ന ധൈര്യത്തില്‍ പോസ്റ്റിയതാ.. വായിച്ചതിനും കമന്റിയതിനും നന്ദി.


------------------------------------------

At 1:07 PM, August 31, 2006, വല്യമ്മായി ഇങ്ങിനെ അഭിപ്രായപ്പെട്ടു.
നിക്ക് നിക്ക് വണ്ടി വിടല്ലേ........

കമന്‍റാന്‍ മറന്നെങ്കിലും ഞമ്മളും മുയ്മന്‍ വായിച്ച്ക്ക്ണ്.

എന്നിട്ട് പിറ്റേ ദിവസം പെരുന്നാളായിരുന്നോ


------------------------------------------

At 1:20 PM, August 31, 2006, Daippap ഇങ്ങിനെ അഭിപ്രായപ്പെട്ടു.
കഥക്കുള്ളില്‍ മറ്റൊരു കഥ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന് ഒരു സംശയം...കേരളത്തിന്റെ ഓരോ അറ്റത്ത് നിന്നും ഇതുപോലെ ഒരോ കുട്ട്യാലിമാര് കാണാ‍തെ കണ്ട പിറകള്‍ കാരണമാണ് ഒരോ ജില്ലയിലും വെവ്വേറെ ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കണ്ട ഗതികേട് വന്നത്...ഈ കുട്ട്യാലിമാരെ ഒക്കെത്തന്നെ പിടിച്ച് ചൂരലുകൊണ്ട് പ്രഹരിക്കേണ്ട കാലം കഴിഞ്ഞു...
കഥാകൃത്തിന് അഭിനന്ദനങ്ങള്‍...


------------------------------------------

At 1:32 PM, August 31, 2006, സൂര്യോദയം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
രസകരമായിരിക്കുന്നു.

സൂപ്പര്‍മാന്‍ എന്ന സിനിമയില്‍ വനിതാ എസ്‌.ഐ. യെ പ്രേമിച്ച കള്ളനായ ജയറാമിനെ ഇടിച്ചുകൊണ്ട്‌ പോലീസ്‌ ചോദിക്കുന്നു. 'എസ്‌.ഐ. യെ ഇനി പ്രേമിക്കുമോടാ..?'

കരഞ്ഞുകൊണ്ട്‌ മറുപടി.. 'പ്രേമിക്കാമേ...'


------------------------------------------

At 11:29 AM, September 01, 2006, പട്ടേരി l Patteri ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഞാന്‍ നോമ്പു എടുക്കാറില്ലെങിലും നോമ്പുതുറക്കാറുണ്ദു.....
ഇത്തവണ ഇത്തിരി വെട്ടം കിട്ടിയാല്....ഇതിരിവെട്ടതിനൊപ്പം ഒരു നോമ്പുതുറ (day dreaming ആണൊ?
മലപ്പുറം ഭാഷ ‍ഇഷ്ടായി ....
യ്യൊ വടം വലീക്കു പൊകെന്ടതല്ലെ... അവിടെ കാണാ0...


-------------------------------------------

At 9:59 AM, September 02, 2006, ഇത്തിരിവെട്ടം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
വല്ല്യമ്മായി നന്ദി, ഉറപ്പിക്കാതെ എങ്ങനെ പെരുന്നാളാവും.

daippap : നന്ദി. താങ്കള്‍ പറഞ്ഞതും ശരിയാണ്.

സൂര്യോദയമേ നന്ദി.

പട്ടേരിമാഷേ നന്ദി, പിന്നെ അത് നല്ലപരിപാടിയാ നോമ്പെടുക്കാതെ നോമ്പ് തുറക്കുക. ഇനി നോമ്പ് തുടങ്ങാന്‍ അധികം ദിവസങ്ങളില്ല.നമുക്ക് ഒരിക്കല്‍ ഒന്നിച്ച് തുറക്കാം.


-------------------------------------------

At 12:08 PM, September 02, 2006, നിയാസ് - കുവൈറ്റ് ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇതു സൂപ്പര്‍. പാവം കുട്ട്യാലി. പിന്നെ ഈ കൂട്ട്യലിയെപ്പോലെ തന്നെയല്ലേ പലപുരോഹിതന്‍ മാരും. അടിപൊളിയായി കെട്ടോ..
നമ്മക്ക് ഇഷ്ടായി..


--------------------------------------------

At 4:42 PM, September 02, 2006, വിശാല മനസ്കന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
അത് കൊള്ളാം.
ഇത്തിരിയേ.. ഈ ജ്ജാതി വര്‍ത്താനം ഞാന്‍ സിനിമയിലും മിമിക്രി കാസറ്റിലും‍ മാത്രേ കേട്ടിട്ടുള്ളൂ. അങ്ങിനെ പറയുന്ന ഒരാളെ പരിചയപ്പെടാന്‍ എന്താ ഒരു ബയി?


--------------------------------------------
At 4:46 PM, September 02, 2006, ദില്‍ബാസുരന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
വിശാലേട്ടാ,
ഇങ്ങള് പരിജയപ്പെട്ട്ക്കണല്ലോ? ഞമ്മളെ ങ്ങക്ക് പുട്യാറില്ലേ? ആ ഫോണ്ട്ട്ത്ത് ഞമ്മളെ ഒന്ന് ബിള്‍ച്ചോക്കീ.അപ്പൊ അറിയാം ഈ ഭാഷേന്റെ ഇക്ക്മത്ത്. :)


--------------------------------------------

At 7:40 AM, September 03, 2006, ഇത്തിരിവെട്ടം ഇങ്ങിനെ അഭിപ്രായപ്പെട്ടു.
വിശാലേട്ടാ‍ നന്ദി.. പിന്നെ ദില്‍ബന്‍ പറഞ്ഞത് ശരിയാ.. ഓന്‍ നമ്മളെ ആളാ.. ഓനെ ബിളിച്ചാല്‍ ഒക്കെ ഓന്‍ പറഞ്ഞെരും.


--------------------------------------------

At 11:54 AM, September 03, 2006, ഏറനാടന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഓരു പാട്‌ ചിരിച്ചൂട്ടോ. ഏറനാട്ടിലുള്ളോര്‍ക്കറിയാവുന്ന ബര്‍ത്താനങ്ങള്‍! ചെറുപ്പത്തില്‍ ഞങ്ങളും വീട്ടിലുള്ളോര്‍ക്കൊപ്പം അയല്‍പക്കത്തുള്ളോരുടെ കൂടി പെരുന്നാള്‍പിറ (ചന്ദ്രക്കല) കാണുന്നുണ്ടോന്ന് നോക്കിനിന്നിട്ടുണ്ട്‌. അന്നേരം കഷണ്ടിത്തലയന്‍ 'കമ്പോണ്ടര്‍'ഇണ്ണിഹസ്സനാക്ക വരുന്നത്‌ കണ്ട്‌ ആരോ ആര്‍ത്തുവിളിച്ചു: "മാസം കണ്ടേയ്‌, മാനത്തൂന്നിറങ്ങി ബയീലൂടെ ദാ ബര്‌ന്‌ ചന്ദ്രത്തല! പെരുന്നാളൊറപ്പിച്ചേയ്‌..!"


--------------------------------------------

At 5:16 PM, September 12, 2006, കുഞ്ഞാപ്പു ഇങ്ങിനെ അഭിപ്രായപ്പെട്ടു.
ഇച്ചും പെര്‍ത്തിഷ്ടായിട്ടോ..
ബമ്പായ്ക്കുണു.
പിന്നെ ആര്‍ക്കെങ്കിലും മല്‍പ്പൊറം ഭാഷ കേക്കാന്‍ പൂതി ഇണ്ടെങ്കി ഇന്റെ നമ്പറും കൊട്ക്കട്ടോ...



*ഇത് മുമ്പൊരിക്കല്‍ ഇത്തിരിവെട്ടത്തില്‍ പോസ്റ്റിയതാണ്.

Monday, October 16, 2006

പോക്കരിന്റെ വല്ല്യാപ്പ...

പതിവ്‌ പോലെ അന്നും പോക്കര്‍ രാവിലെ ചെട്ടിയാരുടെ ശ്രീകൃഷ്ണവിലാസം ചായപീടിക എന്ന് പുള്ളിച്ചേമ്പ്‌ കൊണ്ടെഴുതിയ നാട്ടിലെ ഏക റസ്റ്റോറന്റിലെത്തി. രണ്ട്‌ കഷ്ണം പുട്ടിനും ഒരു ചായക്കും ഓര്‍ഡര്‍ ചെയുത്‌ കാലിന്മേല്‍ കാലുകയറ്റിവെച്ച്‌ തേങ്ങയുടെ കുറഞ്ഞ്‌ കൊണ്ടിരിക്കുന്ന അങ്ങാടി നിലവാരത്തെ കുറിച്ച്‌ വാചാലനായി.

അത്‌ കേട്ട്‌ കൊണ്ടിരുന്ന കുട്ടന്‍നായരാണ്‌ ചോദിച്ചത്‌ "അല്ല പോക്കരേ അന്നെ ആ ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും അന്വേഷിച്ച്‌ വന്നെന്ന് കേട്ടല്ലോ... ?.

"ഉം... ങ്ങക്കറിയോ നായരേ ... എന്നെ ചെലപ്പോള്‍ തുക്ക്ടിസായിപ്പ്‌ വരേ കാണാന്‍ വരും. ഞാനാരാ മോന്‍..."

പുളുവടിക്കാതെ ഒന്ന് പോടോ മാപ്ലേ... എന്ന പറഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കാനൊരുങ്ങിയ കുട്ടന്‍നായരുടെ കൈകളില്‍ പിടിച്ച്‌ പോക്കര്‍ പറഞ്ഞു.

"ങ്ങക്കാറിയോ ഞമ്മളെ വല്ല്യാപ്പാനേ..."

"നിയ്ക്‌ അറിഞ്ഞൂട"

"ന്നാ ഇരിക്കി... നമ്മള്‌ പറഞ്ഞ്‌ താരാം"

കുട്ടന്‍നായര്‍ രണ്ടുവരി കല്ലില്‍ സ്ഥാപിച്ച മരത്തടിമേല്‍ തിരിച്ചിരുന്നു. പോക്കര്‍ മുന്നിലിരിക്കുന്ന പുട്ടില്‍ നിന്ന് ഒന്ന് നുള്ളിയെടുത്ത്‌ വായിലിട്ടു. പതുക്കേ ചായ മോന്തി. കഥാകഥനം ആരംഭിച്ചു.

"എന്റ വല്ല്യുമ്മ ആരാന്നറിയോ നയരേ..."

"ഇല്ല്യന്റെ പോക്കരേ... നീ പറ"

"രാജാവിന്റെ മോളായിരുന്നു..."

"പോടാ... പുളുവടിക്കാതെ"

"അതേന്നെ... മ്മടെ വല്ല്യാപ്പ ധൈര്യശാലിയും ബുദ്ധിമാനും ആയിരുന്നു. പിന്നെ ഇച്ചിരി പൊട്ടത്തരവും കാട്ടിയിട്ടുണ്ട്‌."

"അത്‌ ശരിയായിരിക്കും. വല്ല്യാപ്പ നിന്റേതല്ലേ..."

"വെറുതേ നായരേ ഒടക്കാന്‍ നിക്കല്ലേ... കഥ ഞാന്‍ പറയാം."

"അന്ന് എതോ ഒരു കോയി തമ്പുരാന്‍ രജ്യം ഭരിക്കുന്ന കാലം..."

"കോയി തമ്പുരാനോ..."

"എനിക്ക്‌ അത്രയേ അറിയൂ... ചെലപ്പോള്‍ എന്തെങ്കിലും വേറെ പേര്‌ കാണും."

"എന്നിട്ട്‌"

"ഈ കോയി തമ്പുരാന്റെ പട്ടാളത്തിന്റെ നേതാവും മരിക്കാന്‍ കെടക്കുന്ന കാലം. അക്കാലത്താണ്‌ ഈ രാജ്യത്തോടു ജുദ്ദം ചെയ്യാന്‍ കോയിക്കോട്ടെ പട വന്നത്‌... രാജാവ്‌ ആകെ ബേജാറായി. ഇനി ആരുപോവും ജുദ്ദം ചെയ്യാന്‍... ജുദ്ദത്തിന്‌ പോവേണ്ട പടത്തലവന്‍ മരിക്കാന്‍ കെടക്കുന്നു... കോയിക്കോട്ടെ പട നാട്‌ മുടിക്കാന്‍ വരുന്നു. രാജാവ്‌ അവസാനം ഇങ്ങനെ പറഞ്ഞു."

"എന്ത്‌"

വായിലിട്ട പുട്ടിന്റെ ബാലന്‍സ്‌ ചവച്ചിറക്കേ ആ ഇതിഹസം പോക്കര്‍ തുടര്‍ന്നു.

"ഈ ജുദ്ദത്തില്‍ സൈന്യത്തെ നയിച്ചാല്‍ അവന്‍ പാതിരാജ്യവും രാജകുമാരിയേയും നല്‍കാമെന്ന്. തോട്ടില്‍ ചൂണ്ടയിട്ട്‌ കൊണ്ടിക്കേയാണ്‌ വല്ല്യാപ്പ ഇത്‌ കേട്ടത്‌. ചൂണ്ടക്കോലും കൈയ്യില്‍ പിടിച്ച്‌ ഒരു ഓട്ടമല്ലായിരുന്നോ പിന്നെ. അവിടെയെത്തിയപ്പോള്‍ എന്താ കഥ... വാളും കുന്തങ്ങളുമായി ഒരു പാട്‌ ആളുകള്‍ ഒരുങ്ങി നില്‍ക്കുന്നു. വല്ല്യാപ്പ പറഞ്ഞു. "

"ഞാന്‍ നേതാവാകാം..."

രാജാവ്‌ : "എങ്കില്‍ ആ നില്‍ക്കുന്ന കുതിരപ്പുറത്ത്‌ കയറി ഇവിടെ ഒന്ന് ചുറ്റിവരണം"

"ഒരു പാട്‌ തവണ പോത്തിന്‍ വണ്ടിയില്‍ മഞ്ചേരി ചന്തക്കും പോത്തിന്‍ പുറത്ത്‌ കോട്ടക്കല്‍ പാടത്തും പോവാറുള്ള വല്ല്യാപ്പാക്കുണ്ടോ വല്ല പേടിയും. വല്ല്യാപ്പ കുതിരപ്പുറത്ത്‌ കയറി. "

"എന്നിട്ട്‌"

"കുതിരക്ക്‌ വല്ല്യാപ്പനെ അറിയില്ലല്ലോ... കുതിര അനങ്ങാതെ നിന്നു. അപ്പോള്‍ വല്ല്യാപ്പ കയ്യിലുണ്ടായിരുന്ന ചൂണ്ടകോല്‍ കൊണ്ട്‌ കുതിരയെ അടിച്ചു... അതോടെ കുതിര ഒരൊറ്റ ഓട്ടം."

"എന്റമ്മേ... എന്നിട്ടോ..."

"നിക്കി നായരേ അതല്ലേ ഈ പറയുന്നത്‌. കുതിര പെട്ടൊന്ന് ഓടിയപ്പോള്‍ വല്ലിപ്പാന്റെ കയ്യില്‍ നിന്ന് കടിഞ്ഞാണ്‍ പോയി. അതോടെ കുതിര മരണ ഓട്ടം. വല്ല്യാപ്പ ആകെ ബേജാറായി... എങ്ങനെയെങ്കിലും ഒന്ന് നിര്‍ത്തണ്ടേ..."

"ആ ... ശരിയാ..."

"അപ്പോളാണ്‌ ഒരു സൂത്രം തോന്നിയത്‌. ഓടുന്ന വഴിയില്‍ ഒരു തെങ്ങ്‌ കാണുന്നു. വല്ല്യാപ്പ ഒരു കൈകൊണ്ട്‌ തെങ്ങില്‍ കടന്ന് പിടിച്ചു. പ്ക്ഷേ എന്താ ഉണ്ടായതെന്ന് കേള്‍ക്കണോ...?"

"ആ തെങ്ങ്‌ വല്ല്യാപ്പന്റെ കയ്യില്‍ പറിഞ്ഞ്‌ പോന്നു. അതിന്റെ പിടിവിടാതെ മറ്റൊരു തെങ്ങില്‍ കടന്ന് പിടിച്ചു... അതും മറ്റേ കയ്യില്‍ പറിഞ്ഞ്‌ പോന്നു. പിന്നെ രണ്ട്‌ കൈകളിലും രണ്ട്‌ തെങ്ങുമായിരിക്കുന്ന വല്ല്യപ്പയുമായി കുതിര പോയത്‌ കോയിക്കോട്ടെ പട കാത്തിരിക്കുന്ന ഗ്രൌണ്ടിലേക്കായിരുന്നു..."

"രണ്ട്‌ കയ്യിലും ഓരോ തെങ്ങുമായി കുതിരപ്പുറത്ത്‌ അലറി കരഞ്ഞ്‌ വരുന്ന വല്ല്യാപ്പനേ കണ്ട്‌ കോയിക്കോട്ടെ പട ഓടി രക്ഷപെട്ടു. വല്ല്യാപ്പ ഒരു വിധം താഴെയിറങ്ങി. കുതിരയുടെ കടിഞ്ഞാണും പിടിച്ച്‌ തിരിച്ച്‌ രാജാവിന്റെ അടുത്തേക്ക്‌ പോയി."

"എന്നിട്ട്‌"

"എന്നിട്ടെന്താ രാജാവ്‌ മോളെ വല്ല്യാപ്പക്ക്‌ നിക്കാഹ്‌ കഴിച്ച്‌ കൊടുത്തു. പക്ഷേ പകുതി രാജ്യം കൊടുക്കാതെ പറ്റിച്ചു."

കുട്ടന്‍നായര്‍ പതുക്കേ എഴുന്നേറ്റു...

ഇന്നത്തേക്ക്‌ വയറുനിറഞ്ഞെന്ന് മനസ്സില്‍ പറഞ്ഞ്‌ പതുക്കേ നടന്ന് നീങ്ങി.

Sunday, October 15, 2006

പോക്കരിന്റെ ലീലാവിലാസങ്ങള്‍

നാട്ടിലെ സകലകാര്യങ്ങള്‍ക്കും മുമ്പിലുണ്ടാവും തേരാട്ട പോക്കര്‍. ചെറുപ്പത്തിലെങ്ങോ തേരാട്ടയെ ഫ്രഷ്‌ ആയി അകത്താക്കാന്‍ ശ്രമിച്ചതിനാല്‍ നാട്ടുകാര്‍ കനിഞ്ഞുനല്‍കിയ പേരാണ്‌ തേരാട്ട.


ഏത്‌ മുളങ്കൂട്ടത്തിലും ശത്രുരാജ്യത്തേക്ക്‌ ഇടിച്ചുകയറുന്ന ടാങ്കുപോലെ ഇടിച്ചു‌ കയറി മുളയുടെ ചുള്ളിക്കള്‍ (ഇല്ലിക്കോല്‍ എന്ന് പറയും) വെട്ടി നിരപ്പാക്കലാണ്‌ പ്രധാന തൊഴില്‍. കയ്യിലുള്ള മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ ഒരോ തവണ അഞ്ഞു വെട്ടുമ്പോഴും 'നിന്നെ വെട്ടിയെടുത്തേ പോക്കര്‌ പോവൂ പൊന്നു മോനേ' എന്ന് പറയുകയും ചെയ്യും. കൂടാതെ വെട്ടിയെടുത്ത മുള്ളുള്ള ഇല്ലികമ്പുകള്‍ ഉപയോഗിച്ച്‌ വേലിക്കെട്ടാനും പോക്കര്‌ മിടുക്കനാണ്‌.


ഇതിനു പുറമേ ആഴ്ചയിലൊരു ദിവസം വൈകുന്നേരം നന്നായി കുളിച്ച്‌ പോക്കര്‍ ഒന്ന് കറങ്ങാനിറങ്ങുന്നു. ആ കറക്കത്തിലാണ്‌ പലപ്പോഴും അന്നത്തെ രാത്രി സന്ദര്‍ശനത്തിനുള്ള പറമ്പ്‌ കണ്ടെത്തുന്നതും മൂപ്പെത്തിയ തേങ്ങയുള്ള തെങ്ങ്‌ തീര്‍ച്ചപെടുത്തുന്നതും. തിരിച്ചെത്തി മീന്‍ കറി കൂട്ടി അത്താഴവും കഴിച്ച്‌ ഒരു ചാക്കുമായി പുറത്തിറങ്ങും. രണ്ടോ മൂന്നോ മണിക്കുറിനു ശേഷം തിരിച്ചെത്തുമ്പോള്‍ ചാക്ക്‌ നിറയേ തേങ്ങയുണ്ടാവും. ഇങ്ങനെയുള്ള ആഴ്ചയിലെ പോക്കരിന്റെ നൈറ്റ്‌ ഡ്യൂട്ടി നാട്ടിലെ പരസ്യമായ രഹസ്യമാണ്‌. ഓരോ പ്രാവശ്യവും ഓരോ സ്ഥലത്ത്‌ ഡ്യൂട്ടി ചെയ്യുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ അവരുടെ ഡ്യൂട്ടി ചെയ്യാന്‍ ഇത്‌ വരെ പോക്കര്‍ അവസരം നല്‍കിയിട്ടില്ല എന്നതാണ്‌ ഇതിലെ പ്ലസ്സ്‌ പോയിന്റ്‌.

അങ്ങനെയിരിക്കെ സ്ഥലത്തെ പ്രധാന ദിവ്യനായ നരായണന്‍ നായരുടെ പറമ്പില്‍ പോക്കര്‍ ആ ആഴ്ചഡ്യൂട്ടി നിര്‍വ്വഹിച്ചു. അതോടെ സംഭവം പോലീസ്‌ കേസായി. തുടര്‍ന്ന് ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും കൂടി പോക്കരേ അന്വേഷിച്ച് ആ ഗ്രാമത്തില്‍ കാലുകുത്തി.

വഴിയില്‍ വേലികെട്ടികൊണ്ടിരുന്ന പോക്കരോട്‌ തന്നെയാണ്‌ അവര്‍ ആദ്യം അന്വേഷിച്ചത്‌. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മമ്മുപോലീസിന്റെ കൂര്‍ത്തതൊപ്പിയില്‍ നോക്കി പോക്കര്‍ സമനില വീണ്ടെടുത്തു.

"ഏമാനേ എന്താ കാര്യം"

"ആ #@$@#$@$# നമ്മുടെ നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും തേങ്ങമോഷ്ടിച്ചെന്ന് പരാതി കിട്ടീട്ടുണ്ട്‌. തപ്പിയിറങ്ങിയതാ."

" ഓ... അങ്ങനെയാണോ... എന്നാല്‍ ഈ വളവ്‌ തിരിഞ്ഞാല്‍ കാണുന്ന മൂന്നാമത്തെ വീട്ടില്‍ നോക്കിയാല്‍ മതി. അവനവിടെ കാണും."

"എന്താ നിന്റെ പേര്‌"

"എന്റെ പേര്‌ കാദര്‍"

"എന്നാല്‍ ശരി, ഞങ്ങള്‍ അവനെ നോക്കട്ടേ"

അപൂര്‍വ്വമായി മാത്രം മറ്റുള്ളവര്‍ക്ക്‌ കാണാന്‍ കഴിയുന്ന ചിരിയുമായി ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപ്പോലീസും നടന്നകന്നു. അവര്‍ ആ വളവ്‌ തിരിഞ്ഞിട്ട്‌ വേണം ഓടി രക്ഷപെടാന്‍ എന്ന് തീരുമാനിച്ച്‌ പോക്കര്‍ നോക്കി നിന്നു. അപ്പോഴാണ്‌ ഞൊണ്ടിക്കാലുള്ള വേലു ആ വഴിക്ക്‌ വരുന്നത്‌. പോലീസുകാരെ കണ്ടതോടെ വേലുവിന്റെ കൈ ചൊറിയാനായി ആകെ അഞ്ചെട്ട്‌ മുടി മാത്രം അവശേഷിക്കുന്ന തലയിലേക്ക്‌ നീണ്ടു.

"ന്താ ഏമ്മാനേ... ഈ വഴിക്ക്‌"

" ആ പൊക്കരെ പിടിക്കാനാ..., ഏതോ ഒരു തേരാട്ട പോക്കരേ"

"ങേ... അവനല്ലേ അവിടെ വേലികെട്ടുന്നത്‌"

ചോദ്യം കേട്ട്‌ കുട്ടമ്പിള്ള തിരിഞ്ഞതും പോക്കര്‍ ഓടിയതും ഒന്നിച്ചായിരുന്നു. ഭാരിച്ച വയറുമായി ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും പിന്നാലെ വെച്ചു പിടിച്ചു. രാത്രി കാലില്‍ ഒരു തളപ്പ്‌ പോലുമില്ലാതെ സുന്ദരമായി തേങ്ങ ഇമ്പോര്‍ട്ട്‌ ചെയ്യുന്ന പോക്കര്‍ തെങ്ങ്‌ കണ്ടതോടെ അതില്‍ പാഞ്ഞു കയറി.

എന്തോ നഷ്ടപെട്ട അണ്ണാനെപ്പോലെ തെങ്ങിന്റെ താഴേ കുട്ടമ്പിള്ളയും മമ്മുപ്പോലീസും മുകളിലേക്ക്‌ നോക്കിനിന്നു.

"മര്യാദക്ക്‌ ഇറങ്ങടാ @#@$#@$"

"ഇക്ക്‌ പേട്യ ഏമാനേ... ഇങ്ങള്‌ എന്നെ തല്ലും"

മമ്മുപോലീസ്‌ പറഞ്ഞു. "സാര്‍ അങ്ങോട്ട്‌ കേറിക്കോളൂ"

"എനിക്കറിയില്ല... നീ കേറ്‌"

പറഞ്ഞത്‌ എനിക്ക്‌ പാരയായല്ലോ പടച്ചോനെ എന്ന് മനസ്സില്‍ പറഞ്ഞ്‌ മമ്മുപോലീസ്‌ പറഞ്ഞു. "എനിക്കും കേറാനറിയില്ല സര്‍".

ഏഡ്‌ പിള്ള അലറി. "ഞാന്‍ പറയുന്നത്‌ കേട്ടാല്‍ മതി... എന്നോടെ തറുതല പറയുന്നോ... കേറഡാ..."


തെങ്ങില്‍ കയറാനൊരുങ്ങിയ മമ്മുപോലീസ്‌ അവസാനാമായി പോക്കരോട്‌ പറഞ്ഞു. " പോക്കരേ നീ ഇറങ്ങുന്നോ അതോ ഞാന്‍ അങ്ങോട്ട്‌ കയറണോ..?" മിണ്ടാതിരിക്കുന്ന പോക്കരേ നോക്കി തന്റെ കൂര്‍ത്തതൊപ്പി വേലുവിനെ ഏല്‍പ്പിച്ച്‌ കാലില്‍ തളപ്പിട്ട്‌ തെങ്ങിനോട്‌ അടുത്തതോടെ മുകളില്‍ നിന്ന് ഒരു ഓരു ശബ്ദം.

തെങ്ങിന്‍ പട്ടയില്‍ ചവിട്ടിനിന്ന് മറ്റൊരു പട്ടയില്‍ പിടിച്ച്‌ എഴുന്നേറ്റ്‌ നിന്ന് ആകാശത്തേക്ക്‌ നോക്കി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

"പടച്ചോനേ... നീ എന്നെ കാക്കുന്നെങ്കില്‍ ഇപ്പോള്‍ കാക്കണം. ഇല്ലെങ്കില്‍ ഇങ്ങിനെയൊരു പടച്ചോനുണ്ടെന്ന് പോക്കരും കരുതില്ല. ഇങ്ങിനെയൊരു പോക്കരുണ്ടെന്ന് നീയും കരുതണ്ട"


"സാര്‍... അവന്‍ താഴേക്ക്‌ ചാടാനുള്ള പദ്ധതിയാണെന്ന് തോന്നുന്നു. നമുക്ക്‌ മുങ്ങാം... ഇല്ലങ്കില്‍ അയാളുടെ മരണത്തിന്‌ നമ്മള്‍ സമാധാനം പറയേണ്ടി വരും."

"ഊം.... അതാ നല്ലത്‌. നമുക്ക്‌ ഇവനെ പിന്നെ തപ്പാം" എന്ന് നീട്ടിമൂളി നടന്ന് നീങ്ങിയ ഏഡ്‌ കുട്ടമ്പിള്ളയുടെ പിന്നില്‍ ആശ്വാസത്തോടെ നടക്കവേ മമ്മുപോലീസ്‌ മനസ്സില്‍ പറഞ്ഞു. "ഹാവൂ കള്ളനാണെങ്കിലും ഇവന്‍ എന്റെ മാനം കാത്തു"

തെങ്ങിന്‍ മുകളിലിരുന്ന പോക്കരും പറഞ്ഞു... "അപ്പോ ഇജ്ജ്‌ മോളിലുണ്ടാല്ലേ..."