Sunday, January 14, 2007

പോക്കറിന്റെ സങ്കടം...

അന്ന് നേരത്തെ തന്നെ പോക്കര്‌ ചെട്ട്യാരുടെ ശ്രീകൃഷ്ണ വിലാസം ഹോട്ടലിലെത്തി. ചൂടുള്ള പുട്ടില്‍ നാല്‌ കദളി പഴങ്ങള്‍ ഉടച്ച്‌ ചേര്‍ത്ത്‌ നന്നായി കുഴച്ച്‌ ഒരറ്റത്ത്‌ നിന്ന് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ കുട്ടന്നായര്‍ ഹാജര്‍ വെച്ചത്‌. വന്നപാടെ ഒരു കുറ്റി പുട്ടിനും നാല് പഴത്തിനും ഓര്‍ഡറിട്ട്‌ പോക്കരേ നോക്കി മയത്തില്‍ ചിരിച്ചു.

"അല്ല പോക്കരേ ന്താ ഇന്ന് ഇത്ര നേരത്തെ ?"

"നായരേ ഇന്ന് കോയിക്കോട്‌ വരേ പോണം..."

"അത്‌ എന്തിനാ..."

"ഇക്ക്‌ തിരിച്ച്‌ പോവാനുള്ള ടിക്കറ്റടുക്കാനാ..."

"ടിക്കറ്റോ... അതിന്‌ സിനിമാ ടാക്കീസിക്കാണോ ഇങ്ങള് പോണത്‌..."

"ഇന്റ മണുകൂസന്‍ നായരേ... സിന്മാ ടാക്കീസ്‌ക്കല്ലാ... സൌദീക്ക്‌... അയിന്‌ ബിമാനത്തീ പോണ്ടേ... ബീമാനത്തീ കേറ്റണേങ്കി ടിക്കറ്റ്ബേണം. ബെറും ടിക്കറ്റല്ലാ... പൊര്‍ത്ത്‌ കൊമ്പന്‍ മീശവെച്ച മൊയ്‌ല്യാരുടെ പോട്ടം ഉള്ള ടിക്കറ്റ്ബുക്ക്‌. അതാണ്‌ നായരേ ശരിക്കും ടിക്കറ്റ്‌... അല്ലാതെ ഈ സില്‍മാ ടാക്കീസില്‍ കിട്ട്‌ണ ഒരു കള്ളാസിന്‍ കഷ്ണല്ല...

പോക്കരിന്റെ വെടിക്കെട്ട്‌ കേട്ട്‌ പന്തം കണ്ട എന്തോ ഇരിക്കുന്നപോലെ കുട്ടന്നായര്‍ അന്തം വിട്ടിരുന്നു.

എരുമപ്പാലൊഴിച്ച ചായ ഗ്ലാസ്സില്‍ നിന്നൊന്ന് മോന്തി പോക്കര്‍ ദുഃഖത്തോടെ പറഞ്ഞു.

"അല്ല... ഇങ്ങളെ പറഞ്ഞിട്ടും കാര്യൊന്നൂല്ല്യാ... അല്ലെങ്കിലും വിവരം ഇണ്ടോ ഈ നാട്ടേര്‍ക്ക്‌. ഇങ്ങള്‍ എപ്പോഴേങ്കിലും ഈ ബീമാനം അട്ത്ത്ന്ന് കണ്ട്‌ട്ട്‌ണ്ടാ..."

ഇത്തിരി വിഷമത്തോടെ കുട്ടന്നായരടക്കം കൂടി നിന്നവര്‍ തലകുനിച്ചു.

"ഇല്ല്യാ... ദൂരന്ന് കണ്ട്‌ട്ട്‌ണ്ട്. ഒരു തെങ്ങിന് കൊതുമ്പിന്റെ അത്ര ബല്‍പ്പത്തില്‍. പിന്നെ തീവണ്ടി കണ്ടിട്ടണ്ട്‌... ഒരിക്കെ അതീ കേറീട്ടുണ്ട്‌."

"തീവണ്ടിം ബീമാനും എത്ര വ്യത്യാസണ്ടെന്നറിയാമോ ?"

" ഉം "

"ന്നാ പറ" പോക്കര്‌ കുട്ടന്നായരേ രൂക്ഷമായി നോക്കി.

"ബൂമീക്കൂടി പോണത്‌ തീവണ്ടി. മാനത്ത്‌ കൂടെ പോണത്‌ ബീമാനം."

"അത്‌ മാത്രല്ല... ബീമനത്തിന് വേറെ ഒരു പാട്‌ വ്യത്യാസങ്ങളുണ്ട്‌."

"ന്ന ജ്ജ്‌ പറ പോക്കരേ"

" ന്നാ കേട്ടോളീ... ഒന്ന് ബീമാനത്തില്‍ കേറാന്‍ ടിക്കറ്റ്‌ ബുക്ക്‌ വേണം. തീവണ്ടീ കേറാന്‍ ഒരു ചട്ടകലാസിന്റെ കഷ്ണം മതി."

"രണ്ട്‌ തീവണ്ടീല്‌ ചായ കച്ചോടം നടത്ത്ന്നത്‌ വൃത്തില്ലാത്ത ചെക്കാമാരാ... ബീമാനത്തില്‌ അത്‌ പെണ്ണ്‍ങ്ങളാ..."

"മൂന്ന് തീവണ്ടീലെ ചായക്ക്‌ അപ്പോ കാശ്‌ കൊടുക്കണം. എന്നാ ബിമാനത്തില്‌ ആദ്യം കായി വാങ്ങും. പിന്നെ ചായ തരും"

"നാല്‌ തീവണ്ടീല്‌ ചായിം കാപ്പിം അല്ലേ കീട്ടൂ... ബീമാനത്തില്‌ ചാരയം കൂടി കിട്ടും"
“പിന്നെ ബീമാത്തീന്ന് ചോറ് ബെയിക്കാന്‍ കൊള്ളീം കൊള്ത്തും തരും.”

“കൊളുത്തോ...”

“ഉം... ചങ്കിലോ മറ്റോ തടഞ്ഞാല്‍ തോണ്ടിയെടുക്കാനാ...”

“പിന്നെ ബീമാനത്തീ കേറ്യാ കൊര്‍ച്ച് നേരത്തിന് ഒരു ബെല്‍ട്ട് കെട്ടാന്‍ തരും... അങ്ങനെ പറ്യേണങ്കി ഒരുപാട് പറയാണ്ട് ഇന്റെ നായരേ...”


തീവണ്ടി വിമാന കമ്പാരിസണ്‍ പുരോഗമിക്കവേ കുട്ടന്നായര്‍ ചോദിച്ചു...

"അല്ല പോക്കരേ ബീമാത്ത്ന്ന് കുന്നും മലീം പെരിം കുടീം ഒക്കെ കാണോ ?"

"പിന്നീല്ലാതെ... കയിഞ്ഞ പ്രാവശ്യം പോയപ്പോള്‍ ണ്ടായ കത കേക്കണോ ഇങ്ങക്ക്‌..."

നാട്ടുകാര്‍ കുലുങ്ങിയിരുന്നു. ഇനി വരാന്‍ പോവുന്ന ബഡായിയുടെ ആഴവും പരപ്പും അറിയാതെ.

"ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോവുമ്പോള്‍ ബിമാനത്താവളത്തില്‍ എത്തിയ ശേഷമാണ്‌ ഒരു കാര്യം ഓര്‍മ്മ വന്നത്‌."

"ബിമാനത്താവളോ... ?"

"അതേന്നേ...ബീമാനത്താവളം. അതായത്‌ ബിമാനം നിര്‍ത്തിടുക, വെള്ളം കാട്ടുക, പൊടിതട്ടുക, ടയറില്‍ കാറ്റുണ്ടോ എന്ന് നോക്കുക, അതിനെ കുളിപ്പിക്കുക ഇതെല്ലാം ചെയ്യന്നത് ബീമാനത്താവളത്തില്‍ വെച്ചല്ലേ... പിന്നെ ഞമ്മളേ ബസ്സ് സ്റ്റാന്റ് ഇല്ലേ... അത് പോലെയുള്ള ബിമാന സ്റ്റാന്റാണ് ബിമാനത്താവളം. ബിമാന സ്റ്റാന്റിനെ ഇംഗ്ലീഷില്‍ ബിമാനത്താവളം എന്നാ പറയാ... ഇതിനൊക്കെ പൊറമേ അതിനെ നോക്കി കോണ്ട് നടക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ കുളിക്കാനും തുണിയും കുപ്പായവും മാറ്റാനും കെടന്നൊറങ്ങാനും ഒക്കേ സൌകര്യം ബീമാനത്താവളത്തില്‍ ഉണ്ടായിരിക്കും. ഇബടെ തിരോന്തരത്ത്‌ ഒന്ന്ണ്ട്‌"

"എന്നിട്ട്‌"

"അവടെ ചെന്നപ്പളാ ഒരു കാര്യം ഓര്‍മ്മ വന്നത്‌. "

"എന്ത്‌ കാര്യം"

"നമ്മടെ പത്തായത്തിന്റെ ചാവി എന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍ പെട്ടിരിക്കുന്നു. തിരിച്ച്‌ വീട്ടീല്‍ കൊണ്ടക്കൊടുക്കാന്‍ നേരല്ല്യാ... ചാവില്ല്യാതെ പത്തായം തൊറക്കാനും പറ്റൂല്ല..."

"ന്ന്ട്ട്‌." കുട്ടന്നായരടക്കം കൂടി നില്‍ക്കുന്നവര്‍ ഒന്നിച്ചന്വേഷിച്ചു.

" അവസാനം ഇക്കൊരു ബുദ്ധി തോന്നി. ഇങ്ങള്‌ കണ്ടിട്ടുണ്ടോ ഫറൂക്ക്‌ ഓട്‌ ഫാക്ടറിന്റെ പൊക കൊയല്... ഞമ്മളെ ബീവാത്തൂന്റെ ആങ്ങളയോട്‌ അതിന്റെ അടുത്ത്‌ വന്ന് നിക്കാന്‍ ഫോണ്‍ചെയ്ത്‌ പറഞ്ഞു."

"ന്ന്ട്ട്‌..."

"ന്ന്ട്ട്‌ എന്താ... തിരൊന്തരത്ത്‌ നിന്ന് ബിമാനം പൊങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ ബീമനത്തിലേ കുളിമുറിയിലേക്ക്‌ നടന്നു. അവുടെ താഴേക്കും നോക്കിയിരുന്നു"

"അതെങ്ങനെ..."

"ങ്ങള്‌ തീവണ്ടീ കേറീട്ടില്ലേ നായരേ..."

"ഉം..."

"അതിലെ കുളീമുറീ കേറി മൂത്രം ഒഴിച്ചാ എങ്ങോട്ടാ പോവാ..."

"അത്‌ താഴത്തേക്ക്‌... റെയിലിലേക്ക്‌"

"അതീ കൂടി തായേക്ക്‌ നോക്കിയാല്‍ റെയില്‍ കാണോ..."

"കാണാം."

"നാ അതേ പോലെ തന്നെ ബിമാനത്തിലും... കക്കൂസീ കയറി താഴേക്ക്‌ നോക്കിയാല്‍ നമ്മളെ നാടൊക്കെ കാണാം പറ്റും. അങ്ങനെ ഞാന്‍ ഇങ്ങനെ താഴേക്ക്‌ നോക്കി നിന്നു."

"ന്ന്ട്ട്‌"

"അതീകൂടി വല്ല്യൊരു പൊക കൊയല്‌ കണ്ടപ്പോ ഞാന്‍ ചാവി താഴേക്ക്‌ ഇട്ട്‌ കൊടുത്തു..."

"ന്ന്ട്ട്‌ ചാവി കിട്ടിയോ...“

“ഹേയ്... കിട്ടീല്ല...”

“അത് എന്തേ...?”

“ഫറൂക്ക്‌ ഓട്‌ കമ്പനിയുടെ പൊക കൊയലാണെന്ന് കരുതി ഞാന്‍ താക്കോല്‍ ഇട്ടത്‌ കൊടക്കല്ല് ഓട്ട്‌ കമ്പനിയുടെ പൊക കൊയലിനടുത്തായി. പിന്നെ താക്കോല് കിട്ടാതായപ്പോള്‍ വീട്ട്‌ക്കാര് പത്തായം കുത്തിതൊറന്നു... പിന്നെ ഇപ്പോ ആകെ ഒരു സങ്കടേ ഉള്ളൂ... അന്ന് താക്കോല്‌ ഏതേങ്കിലും പാവത്തിന്റെ തലീല്‌ വീണോ ആവോ?... ഇനി അയാള് വല്ല കഷ്ണ്ടിയുമാണെങ്കില്‍... ഹോ... അലോചിക്കാന്‍ കൂടി വയ്യ."

പോക്കര്‍ പറഞ്ഞ്‌ നിര്‍ത്തിയപ്പോഴാണ്‌ തന്നെ തുറിച്ച്‌ നോക്കുന്ന പട്ടാളം ബാപ്പുട്ടിയെ കണ്ടത്‌. ചമ്മലടക്കി ചെട്ട്യാരെ നോക്കി പോക്കര്‌ പറഞ്ഞു.

"ചെട്ട്യാരേ ബാപ്പുട്ടിന്റെ കായി ഞമ്മള്‍ തരാട്ടാ... ഇന്റെ കണക്കില്‍ എഴുതിക്കോളീ... ഞാന്‍ കോയിക്കോട് ഒന്ന് പോയി ബരട്ടേ..."

എല്ലാവരേയും ഒന്ന് കൂടി നോക്കി പോക്കര്‍ പതുക്കേ ഇറങ്ങി നടന്നു.