Wednesday, March 07, 2007

പോക്കരുടെ അപരന്മാര്‍...

പോക്കര്‍ ഗജപോക്കിരിയായി വിലസിയിരുന്ന കാലം... ചുറ്റുവട്ടത്തുള്ള നാലു ഗ്രാമങ്ങളിലായി പോക്കരുടെ രൂപവും ഭാവവും ഉള്ള വേറെ മൂന്ന് ഡ്യൂപ്ലിക്കേറ്റ്‌ പോക്കേഴ്സ്‌ ജീവിച്ചിരുന്നു. അത്‌ സാക്ഷാല്‍ പോക്കര്‍ക്കോ നാട്ടുകാര്‍ക്കോ ഈ പറഞ്ഞ ഡ്യൂപ്ലികേറ്റുകള്‍ക്കോ അറിയില്ലായിരുന്നു. ഇവര്‍ നാലാളും തമ്മില്‍ പല കാര്യങ്ങളിലും അപാരമായ സാമ്യം ഉണ്ടായിരുന്നുന്നു എന്ന് പറഞ്ഞില്ലെങ്കില്‍ ഈ നുണക്കഥ പറയാനാവില്ല.

രൂപത്തിലും ഭാവത്തിലും ഒരേ പോലെയുള്ള നാല്‌ പോക്കര്‍മാരില്‍ ഒര്‍ജിനല്‍ പോക്കരൊഴിച്ച്‌ ബാക്കി മൂന്ന് ഡ്യൂപ്ലികേറ്റുകളും അവരവരുടെ നാട്ടില്‍ അറിയപ്പെട്ട മണ്‍പാത്ര കച്ചവടക്കാരായിരുന്നു. ആയിടക്കാണ്‌ നന്നാവണം നന്നാവണം എന്ന മനസ്സാക്ഷിയുടെ വിളികേട്ട്‌ പോക്കരും മണ്‍ചട്ടി വില്‍പന തുടങ്ങിയത്‌.


രാവിലെ നിറഞ്ഞ കുട്ടയുമായി ബീവാത്തു വിത്ത്‌ ക്ടാങ്ങളോട്‌ യാത്ര പറഞ്ഞാല്‍ പിന്നെ അന്നോ പിറ്റേന്നോ അല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞോ പോക്കര്‍ തിരിച്ച്‌ ലാന്റ്‌ ചെയ്യും. അത്‌ വരെ ബീവാത്തുവും പിള്ളാരും പോക്കര്‍ ഏല്‍പ്പിച്ച്‌ പോയ കാശ്‌ കോണ്ട്‌ വാങ്ങിയ ഉണക്ക സ്രാവും കൂട്ടി കഞ്ഞികുടിച്ച്‌ സസുഖം വാണു. കയ്യില്‍ ഇത്തിരി കാശ്‌ കിട്ടിയപ്പോള്‍ ബീവാത്തു ചെറിയ ഒരു ഫൈനാന്‍സ്‌ കമ്പനിയും പോക്കരിറിയാതെ സ്റ്റാര്‍ട്ട്‌ ചെയ്തു.


അങ്ങനെ കാര്യങ്ങള്‍ നടന്ന് പോവുന്ന ഒരു കര്‍ക്കിടകക്കാലം. രാവിലെ ഇത്തിരി പനിയുമായി മടി പിടിച്ച്‌ കിടന്നിരുന്ന പോക്കരേ ബീവാത്തു വിളിച്ചുണര്‍ത്തി മണ്‍ചട്ടികളുമായി പുറത്തേക്ക്‌ പറത്തി. തന്റെ ജോലികളുമായി ചടഞ്ഞ്‌ കൂടി.

യാദൃച്ഛികമായി പോക്കരുടെ മറ്റ്‌ മൂന്ന് ഡ്യൂപ്ലിക്കേറ്റുകളും അന്ന് പോക്കരുടെ നാട്ടിലെത്തിയിരുന്നു... പരസ്പരം അറിയാതെ.

മുട്ടയിടാനായി മാത്രം മമ്മതിന്റെ തൊടിയിലേക്ക്‌ പോവാറുള്ള കറുത്ത കോഴിയെ ഓടിച്ചിട്ട്‌ കൂട്ടില്‍ കയറ്റുമ്പോഴാണ്‌ ബീവാത്തു ഭര്‍ത്താവ്‌ (ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ വണ്‍) വീടിനടുത്തേക്ക്‌ വരുന്നത്‌ കണ്ടത്‌. വീടിലേക്ക്‌ ശ്രദ്ധിക്കാതെ പോവുന്ന ഭര്‍ത്താവിനെ ബീവാത്തു നീട്ടി വിളിച്ചു.

"ഏയ്‌... ഇങ്ങക്ക്‌ പനി കൊറവുണ്ടോ... ഇഞ്ഞ്‌ കഞ്ഞി കുടിച്ചിട്ട്‌ പോവാം... ഇങ്ങട്‌ പോരീ..."

ആദ്യം ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ വണ്‍ അത്ഭുതപെട്ടു. പിന്നെ ഏതായാലും വെറുതെ കിട്ടുന്ന കഞ്ഞിയല്ലേ... കുടിച്ച്‌ ഒന്ന് വിശ്രമിച്ച്‌ പോവാം എന്ന് തീരുമാനിച്ചു...

ബീവാത്തു അലൂമിനിയം പാത്രത്തില്‍ കഞ്ഞി വിളമ്പി... കഞ്ഞി കുടിക്കാനായി പ്ലാവിലെ എടുക്കാന്‍ പോയപ്പോഴാണ്‌ പോക്കര്‍ (ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ ടു) വീടിനടുത്തു കൂടെ പോവുന്നത്‌ കണ്ടത്‌... ബീവാത്തു ഞെട്ടിപോയി. ഒരു ഭര്‍ത്താവ്‌ അകത്ത്‌ കഞ്ഞി പാത്രത്തിന്‌ മുമ്പിലിരിക്കുന്നു. വേറെ ഒരാള്‍ വീട്‌ ലക്ഷ്യമാക്കി നടന്ന് വരുന്നു.

ബീവാത്തു അകത്തേക്കോടി... കഞ്ഞിപാത്രത്തിന്‌ മുമ്പിലിരിക്കുന്നവന്റെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ പത്തായത്തിലാക്കി പാത്തായമടച്ചു. പുറത്തിറങ്ങി ഭര്‍ത്താവാണെന്ന് കരുതി ഡ്യൂപ്ലിക്കേറ്റ്‌ നമ്പര്‍ ടു വിനെ വീടിനകത്തേക്ക്‌ വിളിച്ചു. പുള്ളിക്കാരന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ അടുക്കളയിലെ ജനലിലൂടെ മറ്റൊരു പോക്കര്‍ വരുന്നത് ബീവാത്തു‌ കണ്ടത്‌. മറ്റൊന്നും ചിന്തിക്കാതെ കഞ്ഞിക്കുടിക്കുന്ന ഡ്യൂപ്ലിക്കേറ്റിനെ പത്തായത്തിലേക്ക്‌ തള്ളി.

മൂന്നാമനെ ക്ഷണിച്ച്‌ കൊണ്ട്‌ വന്ന് കഞ്ഞിപാത്രത്തിന്‌ മുമ്പിലിരുത്തിയപ്പോഴാണ്‌ പുറത്ത്‌ നിന്നൊരു വിളി "ബീവാത്ത്വോ..." അതോടെ ബീവാത്തുവിന്‌ ഒരു കാര്യം ബോധ്യമായി. ഇപ്പോള്‍ കഞ്ഞികുടിക്കുന്നവനും പത്തായത്തിലെ രണ്ടാളെ പോലെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്നും പുറത്ത്‌ നിന്ന് വിളിക്കുന്നതാണ്‌ തന്റെ ഭര്‍ത്താവായ ഒര്‍ജിനല്‍ പോക്കര്‍ എന്നും. പിന്നെ കൂടുതല്‍ അലോചിച്ച്‌ തല പുണ്ണാക്കാതെ മൂന്നാമനേയും പത്തായത്തിലടച്ചു.

ഒര്‍ജിനല്‍ പോക്കര്‍ സ്ഥലത്തെത്തി. കഞ്ഞിപാത്രത്തിന്റെ മുമ്പിലിരിക്കേ തനിക്ക്‌ പനി കൂടിയ വിവരം ഭാര്യയോട്‌ പറഞ്ഞു. കഞ്ഞി കുടിച്ച്‌ ഒരു ഏമ്പക്കവും വിട്ട്‌ പോക്കര്‍ പത്തായത്തില്‍ കയറിക്കിടന്നു. നല്ല പനിയുണ്ടായിരുന്നു...

കര്‍ക്കിടക മാസത്തിലെ പനിയുമായി പത്തായത്തിലായ പോക്കര്‍ പിന്നീട്‌ മണ്‍പാത്ര കുട്ടയുമായി ജോലിക്കിറങ്ങിയത് ഒരാഴ്ചയ്ക്‌ ശേഷമായിരുന്നു. പത്തായത്തിനുള്ളിലെ മൂന്നാളും പവനായി ശവമായ പോലെ ശവമായെന്നും ജലദോഷം കൊണ്ട്‌ മൂക്കടച്ചത്‌ കൊണ്ടാവും പോക്കര്‍ അത്‌ മനസ്സിലാക്കത്തത്‌ എന്നും ബീവാത്തു ഊഹിച്ചു.

അന്ന് രാവിലെ ഖബര്‍ കിളക്കുന്ന കുട്ട്യാലി ഫൈനാന്‍സ് ആവശ്യങ്ങള്‍ക്കായി ആ വഴിക്ക്‌ വന്നപ്പോള്‍ ബീവാത്തു വിളിച്ച്‌ വരുത്തി. അമ്പത് രൂപക്കായി വന്ന കുട്ട്യാലിയോട്.
"കുട്ട്യാല്യേ അനക്ക്‌ ഒരു നൂറ്‌ ഉറുപ്യ തരട്ടേ..." എന്ന് ഒറ്റചോദ്യമെറിഞ്ഞാണ് ബീവാത്തു നേരിട്ടത്.
ജീവിതത്തില്‍ അന്നേവരെ നൂറ്‌ രൂപ കാണാത്ത കുട്ട്യാലി അന്തം വിട്ട്‌ ചോദിച്ചു. "ന്ത്‌ന്‌"

"ഒര്‌ ചെറിയ പണിണ്ട്‌"

"അതെന്താ..."

"ഇവിടെ വീട്ടില്‍ ഒരു മയ്യത്ത്‌ണ്ട്‌. അത്‌ ആരും കാണാതെ പള്ളിക്കാട്ടില്‍ കൊണ്ടോയി അടക്കണം. അവടെ അഞ്ചെട്ട്‌ ഖബറുകള്‍ മുമ്പേ കുഴിച്ചിടാറില്ലേ..."

"അയ്‌ക്കോട്ടെ... ന്നാല്‍ നൂറ്‌ ഉറുപ്യ തരോ... ?"

"ഉം..."

ബീവാത്തു ഒരു ഡ്യൂപ്ലിക്കേറ്റിന്റെ ഒര്‍ജിനല്‍ ഡെഡ്‌ ബോഡി പുറത്തെടുത്ത്‌ വെച്ചു... എന്നിട്ട്‌ മമ്മതിനെ വിളിച്ചു. മമ്മത്‌ കുട്ട്യാലി പള്ളിക്കാട്ടിലെത്തി... ആദ്യ ഡ്യൂപ്ലിക്കേറ്റിനെ ഖബറടക്കി നൂറ്‌ രൂപയെന്ന മധുര സ്വപനങ്ങളുമായി പോകരുടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി... അതേ ശവ ശരീരം അതേ സ്ഥാനത്തിരിക്കുന്നു. ഒന്നും പറയാതെ അതുമായി വീണ്ടും പള്ളിക്കാട്ടിലേക്ക്‌ നടന്നു. കയ്യിലെ മണ്ണ്‍ കഴുകി പോക്കരുടെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും അതേ ബോഡി...

കുട്ട്യാലിയുടെ തലകറങ്ങി. ജീവിതത്തില്‍ ആദ്യമായാണ്‌ കുഴിയില്‍ കിടത്തിയാല്‍ ഏണിറ്റുപോരുന്ന ശരീരം കാണുന്നത്‌. കൂടുതല്‍ ചിന്തിക്കാതെ അതും താങ്ങിയെടുത്ത്‌ പള്ളിക്കാട്ടിലെത്തി... മറവ്‌ ചെയ്ത്‌ തിരിഞ്ഞതേയുള്ളൂ... അതേ ശവശരീരം അതാ റോഡിലൂടെ തലയില്‍ ഒരു കുട്ടയുമായി... കുട്ട്യാലി ഒന്നും പറയാതെ പിന്നില്‍ നിന്ന് പോക്കരെ അടക്കിപ്പിടിച്ചു. എന്നിട്ട്‌ പറഞ്ഞു.

"ഇത്‌ വരേ ഇജ്ജ്‌ ആ വീട്ടില്‍ പൊങ്ങുകയായിരുന്നു... ന്നാ ഇപ്പോ റോഡിലൂടെ നടക്കാനും തുടങ്ങിയോ.... ബാ... ഇവടെ... ഇന്റെ നൂറ്‌ രൂപ കളയാനായി ഒരോ സൂത്രങ്ങളേയ്‌..."
പോക്കരെ ബലമായി പിടികൂടി കുട്ട്യാലി പള്ളിക്കാട്ടിലേക്ക്‌ നടന്നു.

20 comments:

ഇത്തിരിവെട്ടം|Ithiri said...

പോക്കരുടെ അപരന്മാര്‍... ഒരു പുതിയ പോക്കര്‍ പോസ്റ്റ്.

sami said...

ന്നാലും ന്റെ പോക്കരേ...സോറീ ത്തിരിയേ........
ഇത്രയ്ക്കൊന്നും വേണ്‍ടാരുന്നു.........
പരേതനായ പോക്കര്‍.....പരേതനെല്ലാത്ത പോക്കര്‍....അയ്യൊ ....ഇനിയെന്തു പേരിടും ബാക്കിയുള്ളോര്‍ക്ക്??? :)

നന്നായിരിക്കുന്നു ഇത്തിരിച്ചേട്ടാ‍....

പൊതുവാള് said...

ഇത്തിരിയേ,
ബീവാത്തു ആളു കൊള്ളാല്ലോ?:)

ഒടുക്കം നന്നായി,എന്നിട്ടെന്തായി?

ittimalu said...

ഇത്തിരി നുണകഥയാണല്ലോ അല്ലെ..

അപ്പു said...

ഇത്തിരീ...നുണക്കഥയാണെങ്കിലും ഒറിജിനലുപോലിരിക്കുന്നു.... :-)

Sul | സുല്‍ said...

ഹെഹെഹെ
കൊള്ളാലൊ ഇത്തിരി.
എന്തിനാ 3 പോക്കര്‍ വേറെ ഒരു ഡ്യൂപ് പോരെ എന്നാലോചിക്കുവാ‍രുന്നു. അവസാനമായൊപ്പൊ മുയ്മനായി.
കൊള്ളാം.

KM said...

:

അഗ്രജന്‍ said...

പോക്കരായതോണ്ട്... ചിരിക്കാനുള്ള വഹ തടയുമെന്ന് ഉറപ്പായിരുന്നു... എന്നാലും ഇതിലിപ്പോ എന്താ ചിരിക്കാനെന്നു കരുതി വായിക്കുകയായിരുന്നു...

അവസാനം ചിരിപ്പിക്കുക തന്നെ ചെയ്തു :)

കുട്ട്യാലീടെ ആത്മഗതവും ആ നടപ്പും ഒരൊന്നൊന്നര തന്നെ :)

അലിഫ് /alif said...

പോക്കരെ വെല്ലുന്ന ബീവാത്തു..കലക്കി ഇത്തിരീ.
കൊള്ളാം.

Siju | സിജു said...

:-)

പാര്‍വതി said...

ഇത്തിരീനെ ഇത്രേം കഷ്ടപെടുത്തുന്ന മാനേജറിന്റെ പേര് പറഞ്ഞേ, അയാളെ ഒന്ന് വിരട്ടാന്‍, നോക്കിയെ ആഫീസിലെ ടെന്‍ഷന്‍ കൂടീട്ടല്ലേ ഇത്തിരിക്കിങ്ങനത്തെ പ്രിയദര്‍ശന്‍ തിരക്കഥകള്‍ ഒക്കെ തോന്നണത്.

പോക്കര്‍ കഥകളുടെ നിഷ്കളങ്കത ഇതില്‍ കണ്ടില്ല ഇത്തിരീ..

ഇതിനെ AxBxCxDx കമന്റ് വിഭാഗത്തില്‍ കൂട്ടിക്കോളൂ :D

-പാര്‍വതി.

കൈപ്പള്ളി said...

വളരെ നല്ല കഥ.
താഴെ വീണു പോട്ടി ചിരിക്കാന്‍ വകുപ്പുള്ളകഥയായിരുന്നു. അങ്കലയ പദങ്ങള്‍ കഥയ്ക്ക് മാറ്റ് കൂട്ടുന്നില്ല. അങ്കലയം കുത്തിനിറക്കാതെ തന്നെ കഥയുടെ നര്‍മ്മരസം നിലനില്ക്കും.

"വിത്ത്" "ലാന്റ്" "ഡ്യൂപ്ലിക്കേറ്റ്" "ഫൈനാന്സ് കമ്പനി" "ഒറിജിനല്‍" എന്നി വാക്കുകള്‍ ഒഴിവാക്കാമായിരുന്നു.

Anonymous said...

adipoli tto. ijj oru sujayi thanne pahaya

ഏറനാടന്‍ said...

ഇത്തിരി ബൂലോഗത്തെ ഇളക്കിവിട്ടിരിക്കുന്നു. ഇനി തുരുതുരാ വന്നോളും പോസ്‌ടുകള്‍.

ക്ലൈമാക്‌സിലെത്തിയപ്പോള്‍ ചിരിയുടെ ക്ലാമാക്‌സ്‌ നിറുത്താന്‍ പെട്ടപാട്‌ എന്റെ പടച്ചോനേയ്‌!

പോക്കരെ ഖബറിലാക്കിയോ? ഇനി പോക്കര്‍??
ബീവാത്തുവിനും പിള്ളേര്‍ക്കും ഇനിയാരാ?

sandoz said...

ഹ..ഹ..ഹാ...ഇത്തിരീ...പോക്കറുടെ വെടിക്കെട്ട്‌ കലക്കീട്ടാ...

കൃഷ്‌ | krish said...

നുണക്കഥ കൊള്ളാലോ.. ഇത്തിരി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “നല്ല പനിയുണ്ടായിരുന്നു... “ ഇതാണല്ലേ പനി പിടിച്ചേന്ന് നിലവിളിച്ചോണ്ടിരുന്നത്.

പഴേ കഥകളും വായിച്ചു..

ജിഹേഷ് എടക്കൂട്ടത്തില്‍ Gehesh Edakkuttathil said...

ഹ ഹ....

കരീം മാഷ്‌ said...

പനിപിടിച്ചാല്‍ മന്‍ഷ്യമ്മാരു പിച്ചും പേയും പറയാറുണ്ട്, പക്ഷെ നുണക്കഥയെഴുതുമെന്നറിയുന്നതാദ്യം.
ഗംഭീര നുണക്കഥ

ഇത്തിരിവെട്ടം|Ithiri said...

സമീ... നന്ദി. ഡോണ്ട് ഡു... ഡോണ്ട് ഡു... (കോപ്പറൈറ്റുമായി ദിലബന്‍ വരുമോ അവോ...)

പൊതുവാള്‍ജീ നന്ദി. എന്നിട്ടെന്താവാന്‍. പോക്കരെ കൊന്നാല്‍ ഇത് നിര്‍ത്തേണ്ടി വരില്ലേ.

ഇട്ടിമാളൂ നന്ദി. ഉം തന്നെ തന്നെ.

അപ്പുമാഷേ നന്ദി. അതാണ് ഒര്‍ജിനല്‍ നുണക്കഥ.

സുല്ലേ... നന്ദി :)

മേനോന്‍‌ജീ നന്ദി.

അഗ്രൂ നന്ദി. ഉം ഉം.

അലിഫ് ഭായ് നന്ദി. ബീവാത്തുവിനും ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാവുമോ ?

സിജൂ നന്ദി.

പാര്‍വതീ. നന്ദി... :)

കൈപ്പള്ളിമാഷെ നന്ദി. ഇനി ശ്രദ്ധിക്കാം തീര്‍ച്ചയായും.

അനോണിയേ നന്ദി.

ഏറനാടന്മാഷേ നന്ദി. പേക്കര്‍ ഖബറിന് അടുത്തെത്തിയപ്പോഴേക്കും അന്വേഷണം കൊള്ളാല്ലോ... ഉം ഉം... :)

സന്‍ഡോ നന്ദി.

കൃഷ് നന്ദി കെട്ടോ.

ചിന്നചാത്തോ നന്ദികെട്ടോ... ഹേയ് വെറുതെ തെറ്റിദ്ധരിച്ചു.

ജിഹേഷ്... നന്ദി.

കരീം മാഷേ.. നന്ദി. നന്നായി പനി വന്നാല്‍ നുണക്കഥ മാത്രമല്ല ഏത് കഥയും എഴുതി പോവും.

വായിച്ച എല്ലാവര്‍ക്കും നന്ദി.