Tuesday, April 10, 2007

തോക്കിന്റെ ഉപയോഗങ്ങള്‍.

ശ്രീകൃഷ്ണവിലാസത്തിലെ ഇളകുന്ന ബെഞ്ചിലിരുന്ന് കുട്ടന്നായര്‍ പതിവ്‌ പോലെ മാതൃഭൂമി പത്രത്തിന്റെ ചരമക്കോളം അരിച്ച്‌ പെറുക്കി വായിക്കുന്നതിനിടയിലാണ്‌ പോക്കര്‍ പുട്ടും കടലയും തട്ടാനെത്തിയതായത്‌. ചരമക്കോളത്തില്‍ ഏതോ എക്സ്‌ മിലിറ്ററിയുടെ ചരമ വാര്‍ഷികം കണ്ടപ്പോള്‍ നായര്‍ പോക്കരോട്‌ ചോദിച്ചു.

"അല്ല പോക്കരെ... അന്റെ അളിയന്‍ ഇപ്പോഴും പട്ടാളത്തിലല്ലേ...?"

വായില്‍ നിറഞ്ഞ പുട്ട്‌ ഇത്തിരി ചായയെഴിച്ച്‌ ചവച്ചിറക്കി പോക്കര്‍ ഒന്ന് ഇളകിയിരുന്നു.

"പിന്നെ... ഓന്‍ ആങ്കുട്ട്യല്ലേ. ആങ്കുട്ട്യേക്കേ പട്ടാളത്തീ ചേരാന്‍ പറ്റൂ. അതിനൊക്കെ ഒരുപാട്‌ പരീക്ഷകളുണ്ട്‌"

"ന്ത്‌ പരീക്ഷ."

"ന്റെ അളിയന്‍ പരീക്ഷ കോയിക്കോട്ട്‌ ആയിരുന്നു. ചോദ്യം ചോയ്ക്കാന്‍ വന്നത്‌ ബയങ്കര താടിം ഹലാക്ക്‌ പിടിച്ച തലേക്കെട്ടും ഉള്ള ഒരു മൊയ്‌ല്യാരായിരുന്നു. മലയാളത്തില്‍ ഒരച്ചരം മുണ്ടൂല്ല... എന്ത്‌ പറഞ്ഞാലും അവസാനം ‘ഹെ‘... ന്ന് മലയാളത്തില്‍ പറയും."

"എന്തിനാ... ഈ ‘ഹെ’"

"ഇപ്പ നമ്മള്‌ മലയാളത്തീ പറയറില്ലേ... എന്താണ്‌ ‘ഹെ‘ അന്റെ പേര്‌ ന്ന്. അയാള്‌ 'എന്താണ്‌ അന്റെ പേര്‌ ന്ന് ആര്‍ക്കും മനസ്സിലാകാത്ത ഭഷയില്‍ പറഞ്ഞ്‌ പിന്നെ ഹെ ന്ന് മലയാളത്തില്‍ പറയും."

"ഓഹോ..."

"പക്ഷേ ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാരും ആ മൊയ്‌ല്യാരും ചില്ലറ വ്യാത്യാസണ്ട്‌."

"അതെന്താ"

"ഞമ്മളെ നാട്ടിലെ മൊയ്‌ല്യാമാര്‌ പാന്റിട്ടാല്‍ തലേക്കെട്ട്‌ കെട്ടൂല്ല... അയാള്‌ പാന്റിട്ട്‌ തലേക്കെട്ട്‌ കെട്ടീട്ടുണ്ട്‌. പിന്നെ ഇവിടെ വെള്ള തലേക്കെട്ടാ... അയാളുടെ തലേല്‌ ഒരു പച്ചക്കളറ്‌ കെട്ടായിരുന്നു. പിന്നെ ഇബടള്ള മോയ്‌ല്യാമാര്‍ക്ക്‌ ചെവിണ്ട്‌... അയാക്ക്‌ ചെവിയില്ല. ന്നാലും കേള്‍ക്കും ന്നാ തോന്നണത്‌."

"അങ്ങനെ കൊറേ കഷ്ടപ്പെട്ടാ ഓന്‍ പട്ടാളത്തില്‍ ചേര്‍ന്നത്‌. ഇങ്ങള്‌ സരിക്കും തോക്ക്‌ കണ്ടിട്ട്‌ ണ്ടോ നായരെ..."

"ഉം..."

"എപ്പോ..."

"മ്മളെ തറേലെ അയമ്മുട്ടി കൊക്കിനെ കൊല്ലാന്‍ കൊണ്ടന്ന തോക്ക്‌."

"ഹും... അതൊക്കെ ഒരു തോക്കാണോ നായരേ... സരിക്കുള്ള തോക്ക്‌ കണ്ടാ അപ്പോ ഇങ്ങള് അയിനെ ന്താ വിളിക്ക്ആ..."

"ഇത്രേം വലുതാണോ... ശരിക്കുള്ള തോക്ക്‌"

"പിന്നെ ബയങ്കര ബല്‍പ്പം ആണ്‌..."

"എങ്ങനെയാ അത് ഉപയോഗിക്കുന്നത്..."

"അയമുട്ടി കൊക്കിനെ കൊല്ലുമ്പോ എങ്ങനെയാ... ആ തോക്ക്‌ മൂക്കിന് നെരെ പിടിച്ച്‌ അയിന്റെ മോളിലുള്ള ഓട്ടയില്‍ കൂടി കൊക്കിനെ സൂക്ഷിച്ച്‌ നോക്കും... പിന്നെ തായെ ഒരു കൊള്ളീല്ലേ അതീ പിടിച്ച്‌ വലിക്കും. കൊക്കിന്‌ ഭാഗ്യല്ല്യങ്കില്‍ കൊക്ക്‌ ചാവും... ഇങ്ങനല്ലേ..."

"ഉം... അങ്ങനെ തന്നെ"

"എന്ന ഇന്റെ ആളിയന്റെടത്ത്‌ള്ള തോക്കിന്റെ കൊയല്‌ തന്നെ ഒരു ഒന്നൊന്നര കൊയലാ... പിന്നെ തായെള്ള കൊള്ളീല്‌ പിടിച്ചാല്‍ സറസറാ.... ന്ന് ബെടി പൊട്ടും. ഒരു ബട്ടം നെക്കിയാല്‍ ഒരു നൂറ്‌ ഉണ്ടയെങ്കിലും ആ കൊയലിലൂടെ പോവും.

"പിന്നെ... ഇജ്ജ്‌ കണ്ടട്ടണ്ടോ...?"

"പിന്നെ കാണാതെ..."

"എങ്ങനെ..."

"കയിഞ്ഞ തവണ ബീവാത്തൂന്റെ വീട്ടില്‍ പോയപ്പോ അളിയന്‍ ഉണ്ട്‌ അവടെ... ആ തോക്കുണ്ട്‌."

"എന്നിട്ട്‌"

"ബീവാത്തു പറഞ്ഞു. ചമന്തിയരക്കാന്‍ കുറച്ച്‌ മാങ്ങവേണന്ന്. ഞാന്‍ കൊറേ എറിഞ്ഞ്‌ നോക്കി. ഭയങ്കര ഉയരള്ള മൂച്ചി ആയതിനാല്‍ കല്ല് എത്തണ്ടേ..."

"എന്നിട്ട്‌"

"അപ്പോ അളിയനാ പറഞ്ഞത്‌... ആ തോക്കേയറ്റ്‌ മാങ്ങ പറിക്കാം എന്ന്."

"തോക്കോണ്ടോ... ?"

"ഉം അതേന്നെ... ഞമ്മള്‌ തോക്കേയ്റ്റ്‌ മൂച്ചിന്റെ തായത്ത്‌ നിന്നു. എന്നിട്ട്‌ മൂച്ചിന്റെ നടൂലെ കൊമ്പിലെ ഒരു മാങ്ങ‌ ഉന്നം നോക്കി തോക്കിന്റെ തായത്തെ കോല്‌ ഒറ്റവലി... അതോടെ വെടിപൊട്ടി. പിന്നെ സറസറാ... ന്ന് മാങ്ങ കൊയിഞ്ഞു."

"ഈശ്വരാ...."

"അതല്ല രസം... ആ മുച്ചിമ്മ പിന്നെ ഒറ്റ മാങ്ങ ബാക്കിണ്ടായിരുന്നില്ല... പക്ഷേ ഒര് എലക്കും കേട് പറ്റീല്ല. അന്ന് അളിയന്‍ പറഞ്ഞു. 'പോക്കരേ അനക്ക്‌ നല്ല ഉന്നാണല്ലോ... പട്ടാളത്തില്‍ കേറിയാല്‍ പാക്കിസ്താന്‍ കാരെ നെരത്തി കൊല്ലായിരുന്നു."

ഇത്തിരി ദേഷ്യത്തോടെ കുട്ടന്നയര്‍ അന്വേഷിച്ചു. "ന്ന്ട്ട്‌ ഇജ്ജ്‌ ന്താ പട്ടാളത്തീ ചേരാഞ്ഞേ..."

"ഞാന്‍ പട്ടാളത്തീ ചേരുന്ന് കേട്ടപ്പോല്‍ ബീവാത്തും കുട്ട്യാളും ഒരേ കരച്ചില്‍... ഞാന്‍ കൊല്ലുന്ന പാക്കിസ്താന്‍ പട്ടാളക്കാര്‍ക്കും ബീവിം കുട്ട്യേളും ണ്ടാവൂലേ എന്ന് പറഞ്ഞ്‌. അത്‌ കേട്ടപ്പോ ഞാനും വിചാരി‍ച്ചു... ഞമ്മളായിട്ട്‌ അയ്റ്റ്ങ്ങളെ അന്നം മുട്ടിക്കണ്ടാന്ന്..."

ഇതിലും നല്ലത്‌ ചരമക്കോളം എന്ന് കരുതി പത്രത്തിലേക്ക്‌ മുഖം താഴ്‌ത്തുമ്പോള്‍ കുട്ടന്നായര്‍ പിറുപിറുത്തു..."അത്‌ ഏതായാലും നന്നായി."

26 comments:

ഇത്തിരിവെട്ടം|Ithiri said...

കുറച്ച് കാലത്തിന് ശേഷം പോക്കര്‍ വിശേഷങ്ങളുമായി ഒരു പോസ്റ്റ്.

Sul | സുല്‍ said...

ആ അപ്പുവെങ്ങാന്‍ വന്ന് പേട് തേങ്ങയടിക്കും മുമ്പ് ഇതിവിടെ കിടക്കട്ടെ.
“ഠേ.......”

ഇത്തിരി ഇഷ്ടമായി ഈ പോക്കരിനെ.

-സുല്‍

സു | Su said...

കുട്ടന്നായര് പറഞ്ഞപോലെ, അതേതായാലും നന്നായി. അല്ലെങ്കില്‍ ഇങ്ങനെ ഉന്നം വെച്ചാല്‍, ശത്രുക്കളൊക്കെ ഒരൊറ്റ ദിവസം കൊണ്ട് ചാവും.

Siju | സിജു said...

:-)

ഏറനാടന്‍ said...

ഈ ബഡായി പോക്കരുടെ ഒരു ഫോട്ടം ഒന്നു കാണാന്‍ പൂതിയായി. ഞമ്മളെ നാട്ടിലെ പോക്കരാണോ ഈ പോക്കരെന്നറിയാനാ. ബല്ലാത്തൊരു ജന്മം തന്നെയിയാള്‍!

അപ്പു said...

"ചോദ്യം ചോയ്ക്കാന്‍ വന്നത്‌ ബയങ്കര താടിം ഹലാക്ക്‌ പിടിച്ച തലേക്കെട്ടും ഉള്ള ഒരു മൊയ്‌ല്യാരായിരുന്നു. മലയാളത്തില്‍ ഒരച്ചരം മുണ്ടൂല്ല... എന്ത്‌ പറഞ്ഞാലും അവസാനം ‘ഹെ‘... ന്ന് മലയാളത്തില്‍ പറയും."

ഇത്തിരീ.... ഈ ഭാഷ കൊള്ളാം.. എന്താ സ്റ്റൈല്?

അപ്പു said...

സുല്ലേ... “ടേ” ന്ന് പേട് തേങ്ങായടിക്കാന്‍ മാത്രമല്ല, “ഠേ” ന്ന് നല്ല തേങ്ങയടിക്കാനും ഇപ്പോ എനിക്കറിയാം.. (നന്ദി)

സുഗതരാജ് പലേരി said...

ithiriiiii ithothiri nannaayi.

pokkarute kathhakal iniyum poratte.

പടിപ്പുര said...

പോക്കര്‍ക്കാ... :)

അലിഫ് /alif said...

നാളേറെ കഴിഞ്ഞിട്ടും പോക്കര്‍ക്ക് ഒരു മാറ്റവുമില്ല..എന്താ ബഡായി...
വായിച്ച് വന്നപ്പോളൊരു കുസൃതി , ഇത്തിരിയും അപ്പോള്‍ ആ കടയിലുണ്ടായിരുന്നല്ലേ..ദേ ഈ വരികളില്‍ ഷെര്‍ലക് ഹോംസ് :

ഇത്തിരി ദേഷ്യത്തോടെ കുട്ടന്നയര്‍ അന്വേഷിച്ചു. "ന്ന്ട്ട്‌ ഇജ്ജ്‌ ന്താ പട്ടാളത്തീ ചേരാഞ്ഞേ..."

ഇത്തിരീ , ഇനിയും പോരട്ടെ പോക്കര്‍ വിശേഷങ്ങള്‍.

അഗ്രജന്‍ said...
This comment has been removed by the author.
അഗ്രജന്‍ said...

ബീവാത്തൂന്‍റെ സങ്കടാലോചിച്ചിട്ട് കരച്ചിലാ വരണത്... ന്നാ... ചിരിക്കാണ്ടിരിക്കാന്‍ പറ്റോ :)

ഒരിടവേളക്ക് ശേഷമുള്ള പോക്കരിന്‍റെ വരവ് ഉഷാറായി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മാങ്ങ മൊത്തം വീണു- ഒര് എലക്കും കേട് പറ്റീല്ല. മാവ് മൊത്തമായി താഴെ എത്തിക്കാണണം.

മിന്നാമിനുങ്ങ്‌ said...

പോക്കര്‍ന്റെ ബഡായിക്കൊന്നും
യാതൊരു മാറ്റോല്ലല്ലൊ ഇത്തിരീ.
ഏറനാടന്‍ പറഞ്ഞ പോലെ
ഈ ബഡായിപ്പോക്കരിനെ കാണാന്‍
ഞമ്മക്കൂണ്ട് പെര്ത്ത് പൂതി.
ഒരു പോട്ടം ഇഞ്ഞ്ള്ള പോസ്റ്റില്‍ ഇടണം ട്ടാ.
ഇല്ലെങ്കില്‍ ഞമ്മള്‍ ഇത്
ദില്‍ബാസുരം പോക്കരാണൊന്ന് കര്തും.
അല്ലാ,കോട്ടക്കല്‍ന്ന് മാറാക്കരേക്ക്
ബല്യ ദൂരല്ല്യല്ലൊ..

ദില്‍ബം ബരും മുമ്പ് ഞമ്മള് ഇമാറാത്ത് വിടട്ടെ

തമനു said...

ഈ മാങ്ങ വെടിവച്ചു പറിച്ചു എന്നു പറേന്നതില്‍ കള്ളമൊന്നും കാണില്ല മാഷേ. സത്യമാരിക്കും. ഈ കാശ്മീരിലൊക്കെ പാക്ക് പറിക്കുന്നത്‌ വെടിവച്ചിട്ടാ...

പത്രത്തില്‍ വായിച്ചിട്ടില്ലേ .. “കാശ്മീരില്‍‍ പാക്ക്‌ വെടിവെയ്പ്പ്‌“ എന്ന്‌.

ikkaas|ഇക്കാസ് said...

തമനുച്ചായന്‍ പറഞ്ഞതൊരു വളിച്ച വിറ്റാണെങ്കിലും ഇത്തിരീടെ കഥ വായിച്ചതിനെക്കാള്‍ കൂടുതല്‍ ചിരിപ്പിച്ചത് അതാണ്. ഹഹഹഹ

evuraan said...

കൊള്ളാം... രസിച്ചു വായിച്ചു..

ഈ മാങ്ങ വെടിവച്ചു പറിച്ചു എന്നു പറേന്നതില് കള്ളമൊന്നും കാണില്ല മാഷേ. സത്യമാരിക്കും. ഈ കാശ്മീരിലൊക്കെ പാക്ക് പറിക്കുന്നത് വെടിവച്ചിട്ടാ...

പാക്കു വെടിവെച്ചിടുന്നതും രസിച്ചു. ഹാ ഹാ

ഇടിവാള്‍ said...

ഇത്തിരി,
പോക്കര്‍ ഒരു വീരന്‍ മാത്രമല്ല, ദീന ദയാലു കൂടിയാണല്ലേ.. കഥ രസിച്ചു ട്ടോ ;)

venu said...

"അത്‌ ഏതായാലും നന്നായി."
ഇത്തിരിയേ രസിച്ചു.:)

salim | സാലിം said...

നല്ല സൂപ്പര്‍ വെടി!
നന്നായി രസിച്ചു. അടുത്തവെടി ക്കായി കാത്തിരിക്കുന്നു.

അഗ്രജന്‍ said...

ആങ്...ഹാ... മോളില് ഇത്തിരീടേം പോക്കറിന്‍റേം പടോം വെച്ചല്ലോ...
ങേ... ബോസ്സേട്ട്വാ... യെന്നെ വിളിച്ചുവോ... ഞാനിതാ വന്നൂട്ടോ...

വല്യമ്മായി said...

കൊള്ളാം

കുട്ടന്മേനൊന്‍::KM said...

പോക്കര് നന്നാവാള്ള ലഛണം ഇല്ല്യാന്നന്ന്യാ തോന്നണെ.. കൊള്ളാം..

ഇത്തിരിവെട്ടം|Ithiri said...

സുല്ലേ നന്ദി... ആരാന്റെ തേങ്ങയല്ലേ... നടക്കട്ടേ നടക്കട്ടേ.

സു... നന്ദി. അതാണല്ലോ പുള്ളി വേണ്ടന്ന് വെച്ചത്.

സിജു നന്ദി.

ഏറനാടന്മാഷേ നന്ദി. അത് വല്ലാത്തൊരു പൂതിയാണല്ലോ.

അപ്പുവേ നന്ദി കെട്ടോ... ഇടയ്ക്ക് തേങ്ങാക്കൂട്ടിലെക്ക് ഒരു കണ്ണ് വേണെ... ഇല്ലങ്കില്‍ അഗ്രജന്റെ ഗതിയാവും.

സുഗതരാജ് നന്ദി.

പടിപ്പുരാ... നന്ദി.

അലിഫ് ഭായി. നന്ദി, കാണാറേ ഇല്ലല്ലോ... ഹ ഹ ഹ.

അഗ്രുവേ... ഡാങ്ക്സ്... നിന്നെ പടിപ്പുര നീട്ടി വിളിച്ചിരുന്നു.

ചത്ത്വോ... നന്ദി. ചെലപ്പോള്‍ വീണ് കാണും.

മിനുങ്ങേ... നന്ദി. ദില്‍ബന്‍ വരും മുമ്പ് വണ്ടി വിട്ടോ... അതാവും നല്ലത്.

തമനുവേ നന്ദി... അത് കലക്കി.

ഇക്കസ് നന്ദികെട്ടോ

ഏവൂരാന്‍ ഒത്തിരി നന്ദി

ഇടിഗഡീ... നന്ദി. പിന്നെല്ലാതെ.

വേണുമാഷേ നന്ദി.

സാലിം നന്ദി കെട്ടോ.

അഗ്രുവേ ആ പടിപ്പുര വിളിക്കുന്നത് കേട്ടില്ലേ...

വല്ല്യമ്മായി നന്ദി.

മേനോനെ. നന്ദി. അഗ്രുവിനോട് ചോദിച്ചാല്‍ അറിയാം.

വായിച്ചവര്‍, അഭിപ്രായം അറിയിച്ചവര്‍ എല്ലാവര്‍ക്കും നന്ദി

SAJAN | സാജന്‍ said...

അപ്പൊ ഇവിടെം നന്ദി പ്രകാശനം കഴിഞ്ഞു അല്ലേ!
കുറെനേരം കാണതിരുന്നാ ഈ ബൂലോഗത്തിനു സംഭവിക്കുന്ന ഒരോരോ മാറ്റങ്ങളെ.. എത്ര എത്ര പുതിയ പോസ്റ്റാ ഇവിടെയെല്ലാം എങ്ങനെഓടീ എത്താനാ ഇപ്പൊ തന്നെ 64 മണിക്കൂര്‍ വണ്ടി ലേറ്റാ
:)

sandoz said...

പോക്കരു പിന്നേം വന്നാ.....അപ്പൊ തോക്കു കൊണ്ട്‌ ചുമ്മാ വെടി വക്കാന്‍ മാത്രമല്ലാ...മാങ്ങേം പറിക്കാം അല്ലേ........

ഇത്‌ ശരിക്കും ജീവിച്ചിരിക്കുന്ന ക്യാരക്റ്റര്‍ ആണോ....അതോ ഇത്തിരീടെ ഭാവനയോ..എന്തായാലും സംഭവം കൊള്ളാം.....