Saturday, July 21, 2007

പോക്കരും പൈപ്പും

പോക്കര്‍ സൌദിയില്‍ നിന്ന് ലീവിനെത്തിയ കാലം. എന്നും രാവിലെ ചെട്ട്യാരുടെ ശ്രീകൃഷ്ണവിലാസം ഹോട്ടലിലെ കാലിളകിയ ബെഞ്ചില്‍ ചായക്കെത്തുമായിരുന്നു. പുട്ടും ചായയും കൂടെ ഫ്രഷ്‌ ബഡായികളും ഫ്രീയയി കിട്ടും എന്നതിനാല്‍ കുട്ടന്നായരടക്കം എല്ലാവരും എന്നും പോക്കരേയും കാത്തിരുന്നു.

പതിവ്‌ പോലെ അന്നും ചൂടുള്ള പുട്ട്‌ വായിലേക്കിടും മുമ്പ്‌ കുട്ടന്നായര്‍ തുടങ്ങി വെച്ചു. "അല്ല പോക്കരേ ഇജ്ജ്‌ സൌദീല്‍ എല്ലായിടത്തും പോയിട്ടുണ്ടോ... ?"

"ഉം.. സൌദീലും പിന്നെ കുവൈത്തിലും"

"അത്‌ രണ്ടും രണ്ട്‌ രാജ്യങ്ങളല്ലേ...?"

"അതെ... ഞാന്‍ അറിയാതെയാ കുവൈത്തില്‍ എത്തിയത്‌."

"ഹൊ... അതെങ്ങനെ..."

"അതൊരു കഥയാ..."

കുട്ടന്നായര്‍ മാതൃഭൂമി മടക്കി. ബാക്കി ശ്രോതാക്കള്‍ ഇളകിയിരുന്നു.

ഇതിനിടയില്‍ അകത്ത്‌ നിന്ന് ചെട്ട്യാര്‍ ചോദിച്ചു.
"പോക്കരേ എല്ലാര്‍ക്കും ഓരൊ പഴം കൂടി കൊടുത്താലോ..."

ട്രിപ്പിള്‍ ഫൈവിന്റെ പാക്കറ്റ്‌ തുറന്ന് എല്ലാവര്‍ക്കും വേണ്ടി നീട്ടവേ പോക്കര്‍ "ങ്ങള്‌ കൊടുക്കീ ചെട്ട്യേരെ..." എന്ന് മറുപടിയും കൊടുത്തു.

"ന്നാ പറ ന്റെ പോക്കരേ ഇജ്ജ്‌ എങ്ങെനെ കുവൈത്തില്‍ എത്തീത്‌..."

"ഇങ്ങക്കറിയോ നായരേ... ഞമ്മളെ നാട്ടിലെ കിണറ്‌ പോലെ പച്ചവെള്ളം മാത്രം അല്ല അവുടെ."

"പിന്നെ"

"അവുടെ പല ടൈപ്പ്‌ കിണറുണ്ട്‌... മൊത്തത്തില്‍ എണ്ണക്കിണറ്‌ എന്നും വെള്ളക്കിണറ്‌ എന്നും രണ്ട്‌ ഐറ്റം."

"ആണോ...?"

"അതെ... നമ്മളെ നാട്ടില്‍ കിണറ്‌ കുഴിക്കുമ്പോലെ അവിടേം കിണറ്‌ കുഴിക്കും. വെള്ളം കാണുന്നത്‌ പെട്രോള്‍ ആണെങ്കില്‍ പെട്രോള്‍ കിണര്‍... ഡീസല്‍ ആണെങ്കില്‍ ഡീസല്‍ കിണര്‍. മണ്ണണ്ണ കിണര്‍, ഇനി പച്ചവെള്ളമാണെങ്കില്‍ വെള്ളക്കിണര്‍."


"ഈ കിണറ്റില്‍ നിന്ന് തൊട്ടടുത്ത സ്ഥലങ്ങളിലേക്കൊക്കെ പൈപ്പുണ്ട്‌. ദൂരെ സ്ഥങ്ങളിലേക്ക്‌ എണ്ണ കൊണ്ട്‌ പോവാന്‍ വല്ല്യ ടാങ്കിലേക്ക്‌ മോട്ടറിടിച്ച്‌ നിറക്കും. ഇത്‌ വിറ്റാണ്‌ അറബികള്‍ ബല്ല്യ പണക്കാരായത്‌... ഇങ്ങക്ക്‌ തിരിഞ്ഞോ ?."


"ആണോ... പിന്നെ ഇജ്ജ്‌ എങ്ങനെയാ കുവൈത്തില്‍ എത്തിയത്‌. അത്‌ പറ."

പോക്കര്‌ കുറച്ച്‌ നേരം അലോചിച്ചു... മറുപടിക്കായി എല്ലാവരും ശ്രദ്ധിച്ചിരുന്നു.

"അത്‌ പിന്നെ വേറെ ഒരു കഥ"

"പറ..." കുട്ടന്നായര്‍ മാതൃഭൂമി മടക്കി.

"എല്ലാവര്‍ഷവും നമ്മള്‍ കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ഒക്കെ മണ്ണെടുക്കാറില്ലേ. അത്‌ പോലെ എണ്ണകിണറ്റില്‍ നിന്നും മണ്ണെടുത്ത്‌ വൃത്തിയാക്കും."

"ആ വര്‍ഷം ഞാനും ഒരു പാക്കിസ്ഥാനിയും ആയിരുന്നു മണ്ണെടുക്കാന്‍ കരാറെടുത്തത്‌. ഞാന്‍ കിണറ്റിലറങ്ങി മണ്ണ്‍ കൊട്ടയിലാക്കി കയറ്‌ കെട്ടികൊടുക്കും. അവന്‍ കരക്ക്‌ വലിച്ച്‌ കയറ്റി ദൂരെ കൊണ്ട്‌ പോയി കളയും."


"അങ്ങനെ മണ്ണെടുത്ത്‌ കോട്ടയില്‍ മുകളിലേക്ക്‌ അയച്ച്‌ കൊണ്ടിരിക്കെ കിണറിന്റെ ഏകദേശം തെക്കേ ഭഗത്ത്‌ ഒരു വലിയ പാറ കണ്ടു"

"എന്നിട്ട്‌"

"കൈക്കോട്ടിലെ മണ്ണ്‍ കളയാന്‍ ഞാന്‍ ആ പാറയില്‍ വെറുതേ ഒന്ന് തട്ടി... അത്‌ പതുക്കേ ഇളകി. ഏതായാലും ഇളകിയതല്ലേ... ഈ മണ്ണെടുക്കുന്ന കൂട്ടത്തില്‍ ഈ കല്ലുകൂടി എടുക്കാം എന്ന് കരുതു അത്‌ ഇളക്കിയെടുത്തു."

"പൊന്നു നായരേ... അപ്പോഴല്ലേ ആ കാഴ്ച കണ്ടത്‌."

"അതിന്റെ ചോട്ടീന്ന് തോട്ടിലൂടെ കര്‍ക്കിടമാസം വെള്ളം വരും പോലെ പെട്രോള്‌... ഞാന്‍ അതില്‍ മുങ്ങി പൊങ്ങാന്‍ തുടങ്ങി."

"എന്നിട്ടോ..."

"അപ്പ്പോഴാണ്‌ എനിക്ക്‌ ഒരു ഐഡിയ തോന്നിയത്‌. എണ്ണക്കിണറില്‍ നിന്ന് കുവൈത്തിലേക്കും ഇറാഖിലേക്കും ഒക്കെ വലിയ കുഴല്‌ വഴിയാണ്‌ എണ്ണ കൊണ്ടുപോവാറുള്ളത്‌... ഞാന്‍ ആ കുഴലില്‍ കയറി ഇരുന്നു... കിണറില്‍ എണ്ണ കയറുന്നതനുസരിച്ച്‌ കുഴലിലൂടെ ഒഴുകി വേറെ എവിടെയോ എത്തി."

"ഒരു അറബി അയാളുടെ തലയില്‍ കെട്ടുന്ന കയറില്‍ തൂങ്ങി ഞാന്‍ കരയിലെത്തി."

"അത്‌ എവിടെ..."

"അത്‌ കുവൈത്ത്‌ ആയിരുന്നു..."

"ശ്ശോ... അപ്പോ സൌദി രക്ഷപ്പെട്ടു" ഇതും പറഞ്ഞ്‌ കുട്ടന്നായര്‍ വീണ്ടും മാതൃഭൂമി നിവര്‍ത്തി.

"പിന്നെ അത്‌ കൊണ്ട്‌ ഒരു നഷ്ടം ഉണ്ടായി. സൌദീലെ എണ്ണകിണറില്‍ വളത്തിയിരുന്ന വരാലുകളെ മുഴുവന്‍ ആ പാക്കിസ്ഥാനി ഒറ്റക്ക്‌ തിന്നേണ്ടി വന്നിരിക്കും. നല്ല ഒന്നാം നമ്പ്രര്‍ മീനായിരുന്നു. ചുട്ടെടുക്കാന്‍ തീ പോലും വേണ്ട."

"അതെന്താ..."


പെട്രോളിന്‍ നിന്നായത്‌ കൊണ്ട്‌ വെറുതെ ഒരു തീപ്പെട്ടി കൊള്ളി കത്തിച്ചിട്ടാല്‍ മതി... വേവ്‌ പാകമാവുമ്പോള്‍ ഊതി കെടുത്തിയാല്‍ മതി.

പക്ഷേ പിന്നെ തിരിച്ച്‌ സൌദീക്ക്‌ പോവാന്‍ അതിലും ബുദ്ധിമുട്ടി..."

അടുത്ത ബഡായി കേള്‍ക്കാനായി കുട്ടന്നായര്‍ മതൃഭൂമി പിന്നെയും അടച്ചു.

16 comments:

Rasheed Chalil said...

പോക്കരും പൈപ്പും... പോക്കര്‍ ബാഡായികളുടെ പുതിയ എപ്പിസോഡ്.

മുസ്തഫ|musthapha said...

ഇത്തിരി തെറ്റിദ്ധരിപ്പിച്ചു...

ഞാന്‍ കരുതി... പോക്കരും തൊടങ്ങി പൈപ്പെന്ന് :)

ഓ.ടോ: തലക്കെട്ടില്‍ മായം ചേര്‍ക്കല്‍, അതാ ഇപ്പഴത്തെ ഒരു സ്റ്റൈല് :)

Unknown said...

ഹ ഹ.. തലക്കെട്ടിലെ മായത്തിനെ പറ്റി പറയുമ്പോള്‍ ഇനി അടുത്ത പോസ്റ്റ് ‘പോക്കരും റീഡറും’ എന്നായിക്കോട്ടെ. എന്നിട്ട് കരണ്ട് മീറ്റര്‍ റീഡിങ്ങിന് വരുന്ന ആളെ പറ്റി പോസ്റ്റും. :-)

ഇടിവാള്‍ said...

ആഹഹ!
കഥയും, പിന്നെ കമന്റുകളും ചിരിപ്പിച്ചു!

ഏറനാടന്‍ said...

അപ്പോ അങ്ങനെയാണ്‌ കുവൈത്ത്‌ യുദ്ധം തുടങ്ങിയത്‌! സദ്ധാം-ബുഷ്‌ സംഘട്ടനം വരുത്തിവെച്ചത്‌ ഈ പോക്കര്‌ എന്ന ജഗജില്ലിക്കാരന്‍ കാരണമാണെന്നത്‌ സത്യാണല്ലേ ഇത്തിരിമാഷേ???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പൈപ്പിക്കോ അല്ല പോക്കറിക്കോ :)

സു | Su said...

ഹാവൂ... ഐഡിയയ്ക്ക് നന്ദി. ഇത്രേം എളുപ്പമായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കിണറില്‍ ഇറങ്ങിനോക്കട്ടെ. ദുബായിയിലോ മറ്റോ എത്തിയാല്‍ രക്ഷപ്പെട്ടുപോയേനേ. ;)

സാല്‍ജോҐsaljo said...

ഈ പോക്കറുടെ ഒരു കാര്യം..

ങാ... ഒരു പഴ‌പൊരീം അടുത്ത കഥേം എപ്പഴാ...!

ഗുപ്തന്‍ said...

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.... ഗൊള്ളാം... :)

ശെഫി said...

)

വേണു venu said...

കുട്ടന്നായര്‍ മാതൃഭൂമി മടക്കി.
എന്തായാലും കുട്ടന്‍‍ നായര്‍‍ കേമന്‍‍ തന്നെ.
പോക്കറുടെ ഐഡിയാ മൊത്തം, പകര്‍ത്തിപ്പിക്കാന്‍‍ എന്തു് കഴിവു്.:)
ഓ.ടോ.
പുതിയ പൈപ്പാണെന്നു് വിചാരിച്ചു് ‍‍ ഒന്നു ക്ലോണ്‍‍ ചെയ്യാന്‍‍ കത്തിക്കു മൂര്‍ച്ച കൂട്ടുകയായിരുന്നു.

തമനു said...

ഇത്തിരീ ഇനി കുട്ടന്‍ നായരുടെ കൈയില്‍ മനോരമയോ, മംഗളമോ കൊടുക്കൂ. മാതൃഭൂമി മടക്കി മടക്കി അയാള്‍ക്ക് ബോറഡിക്കുന്നുണ്ടാവും.. :)

മുക്കുവന്‍ said...

കലക്കി മാഷെ.

Rasheed Chalil said...

അഗ്രജന്‍.
ദില്‍ബാസുരന്‍.
ഇടിവാള്‍.
കുട്ടമ്മേനോന്‍.
മൂര്‍ത്തി.
ഏറനാടന്‍.
കുട്ടിച്ചാത്തന്‍.
സു.
സാല്‍ജോ.
മനു.
വിശാ‍ലമനസ്കന്‍.
ശെഫി.
വേണു.
സുബൈര്‍.
തമനു.
മുക്കുവന്‍...

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ശ്രീ said...

ഹ ഹ...കൊള്ളാം...

:)

ഉപാസന || Upasana said...

പോക്കര്‍ ചരിതങ്ങള്‍ ഇനിയും പോരട്ടെ...
:)
ഉപാസന