Thursday, October 19, 2006

ജിന്നിന്റെ സമ്മാനം...

ഒരു വ്യാഴാഴ്ച രാത്രി... പോക്കര്‍ പതിവു സന്ദര്‍ശനത്തിറങ്ങും മുമ്പ്‌ അകത്തേക്ക്‌ വിളിച്ചു...

"ബീവാത്തോ... ?"

അകത്ത്‌ നിന്ന് ഭാര്യ വിളികേട്ടു

"ഏന്തേയ്‌......"

"എടീ നീ ആ കള്ളിത്തുണി തിരുമ്പിയിട്ടിട്ടുണ്ടോ...? നാളെ പള്ളീല്‍ പോണം."

കിലുക്കത്തില്‍ ഇന്നസെന്റിന്‌ ലോട്ടറിയടിച്ച ഭാവത്തില്‍ ബീവാത്തു നിന്നു. കാരണം വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച്‌ വന്നിട്ടും പോക്കര്‍ പള്ളിയില്‍ പോയിട്ടില്ലാത്തത്‌ കൊണ്ട്‌ തന്നെ.

"എന്തേ ഇങ്ങക്ക്‌ പറ്റീത്‌ ?"

"ഇക്കൊന്നും പറ്റീറ്റിട്ടില്ല... ഇജ്ജ്‌ അപ്പോ ഒന്നും അറിഞ്ഞിട്ടില്ലേ"

"ഇല്ല്യ"

"എടീ നമ്മുടെ പള്ളീലെ മുസ്ല്യാര്‌ നാളെ ജിന്നുകളുമയാണത്രെ ജുമുഅക്ക്‌ വരുന്നത്‌."

"ഹെന്റ പടച്ചോനേ..." ബീവാത്തു അത്ഭുതപെട്ടു.

"എടീ അത്‌ മാത്രമല്ല. പള്ളിയില്‍ വെച്ച്‌ ജിന്നിനോട്‌ എന്തും ചോദിക്കാമെന്നാ മുസ്‌ല്യാര് പറഞ്ഞത്‌. എന്ത്‌ ചോദിച്ചാലും അപ്പോള്‍ തന്നെ കിട്ടും. ഉദാഹരണമായി പത്ത്‌ കിലോ സ്വര്‍ണ്ണം ചോദിച്ചാല്‍ അപ്പോള്‍ തന്നെ ഒരു ബക്കറ്റില്‍ സ്വര്‍ണ്ണം തരും. ഒരു ലക്ഷം ഉറുപ്യ ചോദിച്ചാല്‍ അപ്പോള്‍ കെട്ട്‌ കെട്ടായിരിക്കുന്ന കായി തരും. ദുബൈക്ക്‌ പോവണെമെനില്‍ വിസയുടെ കോപ്പി അപ്പോള്‍ തന്നെ കിട്ടും... അത്‌ കൊണ്ട്‌ ഞമ്മള്‌ നാളെ പള്ളീല്‍ പോവും."

"തെന്നേ... ഇന്നാ വേഗം വരീ... ഞാനും ഒന്ന് അലോചിച്ച്‌ നോക്കട്ടേ" എന്ന് പറഞ്ഞ്‌ ബീപാത്തു അകത്ത്‌ പോയി. പോക്കര്‌ നൈറ്റ്‌ ഡ്യൂട്ടിക്കും.


ഇനി കഥയുടെ മറ്റൊരു വശം :-

നാട്ടുകാരണവരായ കുട്ട്യലിയോട്‌ പൊതുകാര്യ ജ്ഞാനമുള്ള അമ്പട്ടന്‍ കറപ്പനാണ്‌ ജിന്നുകളെ കുറിച്ച്‌ പറഞ്ഞത്‌. എന്ത്‌ ചോദിച്ചാലും അപ്പോള്‍ തന്നെ എടുത്ത്‌ കൊടുക്കുന്ന ജിന്നിനെ എവിടെ കിട്ടും എന്നായി അടുത്ത അന്വേഷണം. അപ്പോഴാണ്‌ കറപ്പന്‍ പറഞ്ഞത്‌... "ങ്ങളെ പള്ളീലെ ആ മൊയ്‌ല്യരോട്‌ ചോയ്‌ച്ച്‌ നോക്കീ മാപ്ലേ... അയാള്‍ക്ക്‌ അറിയായിരിക്കും" എന്ന് പറഞ്ഞത്‌.

നേരെ കുട്ട്യലി മുസ്ല്യരുടെ മുമ്പിലെത്തി. പിന്നെ ഒരൊറ്റ ആജ്ഞയായിരുന്നു.
"മുസ്‌ല്യരേ... അടുത്ത ആഴ്ചമുതല്‍ ഇവിടെ ജോലി വേണങ്കില്‍ ഞങ്ങള്‍ക്ക്‌ ജിന്നിനെ കാണിച്ച്‌ തരണം. എനിക്ക്‌ അയാളോട്‌ കോറേ കാര്യങ്ങള്‍ ചോദിക്കാനുണ്ട്‌."

മുസ്‌ല്യാര്‍ ശരിക്കും പെട്ടു. കുറച്ച്‌ ആലോചിച്ച്‌ പുള്ളി ഒരു തീരുമാനമെടുത്തു. ഇനിയേതായാലും ഈ മണ്ടന്മാരുടെ അടുത്ത്‌ ജോലി ചെയ്താല്‍ ശരിയാവില്ല... പോവുമ്പോല്‍ നല്ലൊരു പാഠം പഠിപ്പിച്ചിട്ട്‌ തന്നെ പോവാം"

"ഞാന്‍ നോക്കട്ടേ കുട്ട്യലികാക്ക... ജിന്നിനെ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. ഏതായാലും ഞാന്‍ ഒന്ന് നാട്ടില്‍ പോയി നോക്കട്ടേ... അടുത്ത വെള്ളിയാഴ്ച ജിന്നുമായി വരാം... "

ഇതും പറഞ്ഞ്‌ മുസ്‌ല്യാര്‍ നാട്ടില്‍ പോയി. വ്യാഴഴ്ച കടന്നലു പിടിക്കുന്നതില്‍ വിരുതനായ അളിയന്‍ ജമാലിനോട്‌ ഒരു മണ്‍കലത്തില്‍ നല്ല സ്ടോങ്ങ്‌ ഉള്ള ഒരുതരം കടന്നല്‍ നിറച്ച്‌ തരാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ചില പോത്തുകളെ ചികിത്സിക്കാനാണെന്നും പറഞ്ഞു.

---

വെള്ളിയാഴ്ച പോക്കര്‍ രാവിലെ തന്നെ ഒരുങ്ങി... പുതിയ കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച്‌ പുറത്തിറങ്ങുമ്പോള്‍ പത്തുവയസ്സുകാരനായ ജമാലിനോട്‌ പറഞ്ഞു.

"ഡാ ഇവിടെ കറങ്ങി നടക്കാതെ പള്ളിലേക്ക്‌ പോര്‌... എന്നിട്ട്‌ പെരുന്നാളിനുള്ള പടക്കകാശെങ്കിലും ആ ജിന്നിനോട്‌ ചോദിച്ച്‌ വാങ്ങാന്‍ നോക്ക്‌."

അതോടെ ജാമലും പള്ളിയിലേക്കോടി.

പോക്കര്‍ ഇറങ്ങിയപ്പോള്‍ ആണ്‌ ബാക്കില്‍ നിന്ന് ഒരു വിളി.

"പിന്നേയ്‌.."

"എന്താ ബീവാത്തു..."

"പിന്നെ ഇങ്ങള്‌ ചോദിക്കുമ്പോ നമ്മളെ കാര്യം മറക്കരുത്‌... പൊന്നും പണവും മാത്രം ചോദിച്ചാ പോര..."

പിന്നെ... നമ്മുടെ ഇത്‌ വരെ പ്രസവിക്കാത്ത ആടിന്‌ ചെനയുണ്ടാവണം. പിന്നെ ഞാന്‍ ഇന്നലെ പതിനെട്ട്‌ കോഴിമുട്ട അടവെച്ചിട്ടുണ്ട്‌. അതെല്ലാം വിരിയണം. അതില്‍ ഒന്ന് പൂവനും ബാക്കിയെല്ലാം പിടയും ആവണം. പിന്നെ ദിവസവും നൂറ്‌ മുട്ടയിടുന്ന ഒരു കോഴിയെ ചോദിച്ച്‌ വാങ്ങണം.... ഇതൊന്നും മറക്കരുത്"

ലിസ്റ്റ്‌ നീണ്ടപ്പോള്‍ പോക്കര്‍ പറഞ്ഞു. "ബീവാത്തു.. എല്ലാം ഞാന്‍ പറയാം. വേഗം പോവട്ടേ ... അല്ലെങ്കില്‍ പള്ളിയില്‍ സ്ഥലം കിട്ടില്ല."

എന്നും പറഞ്ഞ്‌ പോക്കര്‍ പള്ളിയിലേക്ക്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ആകെ അത്ഭുതപെട്ടു. സാധാരണ പള്ളിയില്‍ വരുന്നതിലും പത്തിരട്ടി ആളുകള്‍. പള്ളി നിറഞ്ഞ്‌ കവിഞ്ഞ്‌ പള്ളിക്കാട്‌ പോലും ആളുകളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. എല്ലാവരും ജിന്നിനെ കാണാനെത്തിയതാണ്‌.

കുറച്ച്‌ കഴിഞ്ഞ്‌ തലയില്‍ വലിയ കുടവും ചുമന്ന് മുസ്‌ല്യാര്‍ വന്നു. തൊട്ടടുത്തിരിക്കുന്ന മമ്മത്‌ പോക്കരോട്‌ പറഞ്ഞു. "ഡാ പോക്കരേ നോക്ക്‌... മ്മുസ്‌ല്യാരുടെ തലയില്‍ നിറയേ ജിന്നാണെന്ന് തോന്നുന്നു." പിന്നീട്‌ പോക്കറ്റില്‍ നിന്ന് ജിന്നിനോട്‌ ചോദിക്കാനുള്ള വലിയ ലിസ്റ്റും പുറത്തെടുത്ത്‌ കാണിച്ചു.

ജുമുഅ നിസ്കാരം കഴിഞ്ഞ്‌ ശേഷം മുസ്‌ല്യാര്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. ആദ്യമായി എല്ലാവരും പള്ളിക്കുള്ളില്‍ കടന്നിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരും കടന്നതോടെ ഇരിക്കാന്‍ പോയിട്ട്‌ നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ.

പിന്നീട്‌ മുസ്‌ല്യാര്‍ പറഞ്ഞു.
"ഈ ജിന്നെനെ കാണാന്‍ എല്ലാവര്‍ക്കും ഭാഗ്യം ഉണ്ടാവില്ല. ഇത്‌ നിങ്ങളുടെ ഭാഗ്യമാണ്‌. പിന്നെ എല്ലാവരും പള്ളിയില്‍ കയറി വാതില്‍ അടക്കണം. കാരണം ജിന്നുകള്‍ ആകാശം കാണാന്‍ പാടില്ല. പിന്നെ എന്റെ മകന്‌ സുഖമില്ലാത്തതിനാല്‍ ഞാന്‍ നട്ടിലേക്ക്‌ തിരിച്ച്‌ പോവുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ വേണ്ടതെല്ലാം ചോദിച്ചിട്ടുണ്ട്‌. ഇനി നിങ്ങള്‍ക്കുള്ള അവസരമാണ്‌. ഞാന്‍ പുറത്തിറങ്ങി വാതില്‍ അടച്ച ശേഷം അതില്‍ ഒന്ന് തട്ടും. അപ്പോള്‍ നമ്മുടെ നാട്ടുകാരണവര്‍ കുട്ട്യലിക്കാക്ക തന്റെ വടികൊണ്ട്‌ കുടത്തില്‍ അടിക്കണം. പിന്നെ നിങ്ങളും ജിന്നുകളുമായി വേണ്ടപോലെ ചെയ്യുക."

ഇത്രയും പറഞ്ഞ്‌ മുസ്‌ല്യാര്‍ പുറത്തിറങ്ങി വാതിലടച്ചു... എന്നിട്ട്‌ ഉച്ചത്തില്‍ രണ്ട്‌ മുട്ട്‌ മുട്ടിയ ശേഷം നട്ടിലേക്ക്‌ ഓടി രക്ഷപ്പെട്ടു.

കുട്ട്യാലികാക്ക തന്റെ വടികൊണ്ട്‌ ആഞ്ഞടിച്ചതും പള്ളിക്കുള്ളില്‍ ഒരു മുളല്‍ കേള്‍ക്കാന്‍ തുടങ്ങി. പിന്നെ കൂടി നില്‍ക്കുന്ന മണ്ടന്മാരെ മുഴുവന്‍ കടന്നല്‍ കൈകാര്യം ചെയ്തു. കടന്നലിന്റെ ആക്രമണം അസഹ്യമായപ്പോള്‍ കഷ്ടപെട്ട്‌ വാതില്‍ ചവിട്ടിപൊളിച്ച്‌ ജനങ്ങള്‍ ഒന്നിച്ച്‌ പുറത്തേക്ക്‌ ഓടി. കടന്നലുകള്‍ കൂടെയും...

കൈനിറയെ സമ്മാനങ്ങളുമായി വരുന്ന് പോക്കരിനെ ബീവാത്തു ഗൈറ്റില്‍ തന്നെ കാത്ത്‌ നിന്നു. അപ്പോഴാണ്‌ മകന്‍ ജമാല്‍ കരഞ്ഞ്‌ കൊണ്ട്‌ ഓടിവരുന്നത്‌ കണ്ടത്‌.

"ന്താടാ പറ്റീത്‌ ജാമാലേ... എവിടേ അന്റെ ബാപ്പ..."

"അതൊന്നും പറയണ്ട എന്റ്‌ ഉമ്മാ... ബാപ്പയും ഒരു അഞ്ചെട്ട്‌ ജിന്നുകളും കൂടിയുണ്ട്‌ പള്ളികാട്ടില്‍ കിടന്ന് ഓടുന്നു."

ഇതും പറഞ്ഞ്‌ ജമാല്‍ മഞ്ഞള്‍ പറിക്കാനായി പോയി.

28 comments:

Rasheed Chalil said...

ജിന്നിന്റെ സമ്മാനം... പോക്കരുടെ പുതിയ വിശേഷങ്ങളുമായി ഒരു പുതിയ പോസ്റ്റ്.

ഇടിവാള്‍ said...

ഹ ഹ .. അലക്കീട്ടാ ഇത്തിരി ,... നല്ല രസികന്‍ കഥ

വല്യമ്മായി said...

ഇതും കൊള്ളാം.അഗ്ഗ്രജന്‍റെ വീട്ടിലെ തേങ്ങയെല്ലാം പെരുന്നാളിനായി റിസര്‍വ് ചെയ്തൂന്നാ തോന്നണേ

sreeni sreedharan said...

ഹ ഹ കൊള്ളാം ഇത്തിരീ.
നര്‍മ്മ കഥകള്‍ പൊടിപൊടിക്കുന്നുണ്ട്!
ഇനിയും പോരട്ടെ!

ഇനിയിപ്പൊ ജിന്നിനോട് ചോദിച്ചാല്‍ ശരിക്കും വിസ കിട്ട്വോ??
:)

സുല്‍ |Sul said...

ഹെഹെഹെ
എന്നാലും ഒരു സസ്പെന്‍സ് ഇല്ല കേട്ടൊ ഈ കഥക്ക്.

എന്നാലും നന്ന്

മുസ്തഫ|musthapha said...

ജമാല്‍ തന്നെ താരം

ഇത്തിര്യേയ്, അപ്പോ രണ്ടും കല്പിച്ച് തന്നേണ് ല്ലേ...:)


***

ഠോ... ഠോ...

പെമ്പ്രന്നോര് രണ്ട് ‘മൊച്ചവരി‘ എടുത്തെറിഞ്ഞു.

...ന്നിട്ട് പിറുപിറുത്തു...

‘കുടുമത്തുണ്ടേര്ന്ന തേങ്ങയൊക്കെ എടുത്തോണ്ട് പോയി ബ്ലോഗിലൊടച്ചിട്ട്...’

asdfasdf asfdasdf said...

"ഞാന്‍ നോക്കട്ടേ കുട്ട്യലികാക്ക... ജിന്നിനെ എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. ഏതായാലും ഞാന്‍ ഒന്ന് നാട്ടില്‍ പോയി നോക്കട്ടേ... അടുത്ത വെള്ളിയാഴ്ച ജിന്നുമായി വരാം... "
ഇത്തിരിയേ.. കിണ്ണം കാച്ച്യായിട്ടുണ്ട്..
ഈ മുസ്ലിയാര്‍ ഇപ്പൊ എവിടെയാണുള്ളത് ?

Anonymous said...

കിലുക്കത്തില്‍ ഇന്നസെന്റിന്‌ ലോട്ടറിയടിച്ച ഭാവത്തില്‍ ബീവാത്തു നിന്നു. കാരണം വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച്‌ വന്നിട്ടും പോക്കര്‍ പള്ളിയില്‍ പോയിട്ടില്ലാത്തത്‌ കൊണ്ട്‌ തന്നെ.


ഹി ഹി ഹി... ഇത്തിരീ കലക്കി... സൂപ്പര്‍

സൂര്യോദയം said...

നല്ല രസികന്‍ കഥ... ഒരു പാട്‌ ഉണ്ടല്ലെ ഈ സൈസ്‌ കളക്‌ ഷന്‍... :-)

ലിഡിയ said...

കലക്കീ ഇത്തിരീ...

ഈ പോക്കറ് ആള് താരമാര്‍ന്നൂന്ന്...

ഇനീണ്ടാവും അല്ലേ...

ഇത്തിരിക്കിനി നാട്ടില് പോകാന്‍ പേടിക്കണ്ടാ കാര്യണ്ടാവോ..?

;-)

-പാര്‍വതി.

വാളൂരാന്‍ said...

ഇത്തിരീ ജ്ജാളൊരു പുല്യാണ്‌കെട്ടാ. ഇതൊക്കെ എവിടുന്നു തപ്പിപ്പിടിക്കുന്നു. ഉഗ്രനാണ്‌ സംഭവം.

Areekkodan | അരീക്കോടന്‍ said...

ജിന്നിന്റെ സമ്മാനം,രസികന്‍ കഥ

thoufi | തൗഫി said...

ഇത്തിരീ,അലക്കിപ്പൊളിച്ചു,ട്ടോ
പിന്നെ... നമ്മുടെ ഇത്‌ വരെ പ്രസവിക്കാത്ത ആടിന്‌ ചെനയുണ്ടാവണം. പിന്നെ ഞാന്‍ ഇന്നലെ പതിനെട്ട്‌ കോഴിമുട്ട അടവെച്ചിട്ടുണ്ട്‌. അതെല്ലാം വിരിയണം. അതില്‍ ഒന്ന് പൂവനും ബാക്കിയെല്ലാം പിടയും ആവണം. പിന്നെ ദിവസവും നൂറ്‌ മുട്ടയിടുന്ന ഒരു കോഴിയെ ചോദിച്ച്‌ വാങ്ങണം.... ഇതൊന്നും മറക്കരുത്"

ഇത്‌ ഇച്ച്‌ പെരുത്തിഷ്ടായി ട്ടോ
ബീവാത്തൂന്റെ ഓരോരെ പൂത്യേയ്‌...

അപ്പൊ,രണ്ടും കല്‍പ്പിച്ചാണല്ലേ...

മനോജ് കുമാർ വട്ടക്കാട്ട് said...

പോക്കര്‌ ചരിതം നാലാം ഖണ്ഡം!

അളിയന്‍സ് said...

നന്നായിട്ട്ണ്ട് ട്ടാ ഇത്തിരിമാഷേ....
മനോരമയില്‍ ഒന്നു ട്രൈ ചെയ്തുകൂടെ...?
ബാലരമയില്‍ കഥയെഴുതാന്‍ ആളെ വേണംന്ന് പരസ്യമുണ്ടായിരുന്നു, രണ്ടീസം മുന്‍പ്.

Anonymous said...

അളിയന്‍സേ... ചുമ്മാ ഇത്തിരിയെ പ്രലോഭിപ്പിച്ച്... തല്‍ക്കാലം ഉറയിലിട്ട http://ithirivettam.blogspot.com/ ആയുധം കയ്യിലെടുപ്പിക്കും അല്ലേ :)

ചില നേരത്ത്.. said...

കടന്നല്‍ കുത്തിയാല്‍ മഞ്ഞള്‍ തേച്ചാല്‍ വിഷം പോകുമല്ലേ? അതൊരു അറിവാണല്ലോ..

Anonymous said...

ഉദാഹരണമായി പത്ത്‌ കിലോ സ്വര്‍ണ്ണം ചോദിച്ചാല്‍ അപ്പോള്‍ തന്നെ ഒരു ബക്കറ്റില്‍ സ്വര്‍ണ്ണം തരും. ഒരു ലക്ഷം ഉറുപ്യ ചോദിച്ചാല്‍ അപ്പോള്‍ കെട്ട്‌ കെട്ടായിരിക്കുന്ന കായി തരും. ദുബൈക്ക്‌ പോവണെമെനില്‍ വിസയുടെ കോപ്പി അപ്പോള്‍ തന്നെ കിട്ടും... അത്‌ കൊണ്ട്‌ ഞമ്മള്‌ നാളെ പള്ളീല്‍ പോവും."


ഇത്തിരീ സൂപ്പറായിട്ടുണ്ട്. ഇനിയും വരട്ടേ പോക്കരുടെ പൊക്രിത്തരങ്ങള്‍.

അളിയന്‍സേ 1
2

3
ഇതെല്ലാം ഒന്ന് വായിച്ച് നോക്കൂ...

Adithyan said...

ഇത്തിരീ,
പോക്കര്‍ ഒരു പ്രസ്ഥാനമായി വളരുകയാണല്ലെ?
കൊള്ളാം, ഇനീം പോരട്ടെ.

Anonymous said...

ഇത്തിരിവെട്ടമേ... ഞാന്‍ ഒരു ബ്ലോഗര്‍ ആണ്. പേര് ഇവിടെ പറയുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യം പറയണം എന്ന് തോന്നുന്നു.

താങ്കള്‍ക്ക് നന്നായി എഴുതാനുള്ള കഴിവ് ഉണ്ട്. മനോഹരമായ ഒരു ശൈലിയും ഉണ്ട്. അത്യവശ്യം ഭാഷ പരിജ്ഞാനവും ഉണ്ട്. എന്നിട്ടും ഇത്തരം ഹാസ്യ ചവറുകള്‍ എഴുതുന്നത് വെറും കമന്റിനായി മാത്രമല്ലേ... പഴയ ആ നല്ല കഥകളിലേക്ക് മടങ്ങാന്‍ ശ്രമിക്കൂ. താങ്കളുടെ വാക്കുകള്‍ക്ക് ഞങ്ങളെ കരയിക്കാന്‍ ശക്തിയുണ്ടെങ്കില്‍ അത് താങ്കളുടെ വിജയമാണ്. പിന്നെ എന്തുകൊണ്ട് താങ്കള്‍ അത് അവസാനിപ്പിച്ചു. താങ്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ‘വാചാലമായ മൊനം’ പോലെ യുള്ള കഥകളാണ്. അതിനായി ശ്രമിക്കുമല്ലോ.

സ്നേഹപൂര്‍വ്വം.
അനോണി.

മുസ്തഫ|musthapha said...

/me ഇത്തിരിയെ സൂക്ഷിച്ച് നോക്കുന്നു... ‘ഇങ്ങേരുടെ ദേഹത്തെവിടെയെങ്കിലും മൌനം വാചാലം എന്നൊരു ലേബല്‍ കാണാനുണ്ടോ’

:)

Adithyan said...

ന്തെഴുതണം എന്നു തീരുമാനിക്കാനുള്ള അവകാശം പോലും ഒരു കഥാകാരനില്ലേ? ഇതെന്തു വെള്ളരിക്കാ ടൌണ്‍ ആണോ? അതോ തുക്ലഗ് ദീന്‍ അല്‍ ഈദ് മുബാറക്കിന്റെ ഭരണമോ?

ഒരു മനിഷ്യനെ മനസമാധാ‍നത്തോടെ കഥയെഴുതാനും സമ്മതിക്കില്ല്ലെ? ;)

sreeni sreedharan said...

ഇത്തിരിയേ,
ധൈര്യമായിട്ട് എഴുതിക്കൊ...
വാചാലമായാലും, പോക്കിരിയായാലും ഇനി വേറൊരണ്ണമാണെങ്കില്‍ അതും!

ഏറനാടന്‍ said...

പോക്കര്‍ ഒരു മഹാ-ബൂലോഗ-പ്രസ്ഥാനമാവുമെന്നുറപ്പ്‌. പോക്കറിന്റെ ഒരു രേഖാചിത്രവും കൂടെയിവിടെ കാണുവാനൊരാശ. തുടരട്ടെ മൂപ്പരുടെ ജൈത്രയാത്ര!

കുറുമാന്‍ said...

ഈ പോക്കറൊരു മഹാ സംഭവം തന്നെ. കേട്ടിട്ട് തോന്നുന്നത്, ഇത്തിരിയുടെ വല്യുപ്പായാണോന്നാ. :)

Rasheed Chalil said...

ഇടിവാള്‍ജീ നന്ദി.

വല്ല്യമ്മായി നന്ദി. അഗ്രജന്റെ വീട്ടിലെ തേങ്ങാകൂട്‌ കാലിയാണെന്ന് തോന്നുന്നു.

പച്ചാളമേ നന്ദി. ശരിക്കും കിട്ടുമായിരിക്കും.

സുല്‍ നന്ദി.

അഗ്രജാ നന്ദി. അപ്പോ രണ്ടും കല്‍പ്പിച്ച്‌ തന്നെയാണല്ലേ...

കുട്ടമ്മേനോനേ നന്ദി. ആര്‍ക്കറിയാം.

സുര്യോദയമേ നന്ദി.

പാര്‍വതീ നന്ദി. പോവുമ്പോള്‍ വിശാല്‍ജി തലയിലിട്ട ആ മുണ്ട്‌ വാങ്ങേണ്ടിവരും എന്ന് തോന്നുന്നു.

മുരളി നന്ദി.

അബിദ്‌ നന്ദി കെട്ടോ.

മിന്നാമിനുങ്ങേ നന്ദി. ഹി ഹി ഹി

പടിപ്പുര നന്ദി.

അളിയന്‍സ്‌ നന്ദി. ഒന്ന് ശ്രമിച്ച്‌ നോക്കണം.

ഇബ്രൂ നന്ദി കെട്ടോ.

സുല്‍ത്താനേ നന്ദി.

അദീ നന്ദി.

അനോണി അഭിപ്രായങ്ങള്‍ക്ക്‌ നന്ദി കെട്ടോ.

അഗ്രജാ എന്തുചെയ്യാം അല്ലേ...

അദീ തീര്‍ച്ചയായും.

പച്ചാളം ഗുണ്ടകളെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ വിളിക്കുന്നതാണ്‌.

ഏറനാടന്‍ മാഷേ നന്ദി. രേഖചിത്രം ഒരു പ്രശ്നമാവും. ആരെങ്കിലും വരച്ച്‌ തന്നാല്‍ ഇവിടെ പോസ്റ്റാം.
കുറുജീ നന്ദി. ഹി ഹി ഹി.

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദി.

Aravishiva said...

"അതൊന്നും പറയണ്ട എന്റ്‌ ഉമ്മാ... ബാപ്പയും ഒരു അഞ്ചെട്ട്‌ ജിന്നുകളും കൂടിയുണ്ട്‌ പള്ളികാട്ടില്‍ കിടന്ന് ഓടുന്നു."

ഇത്തിരിമാഷേ പോക്കര്‍ ഇത്തവണയും ചിരിപ്പിച്ച് ഒരു വഴിയ്ക്കാക്കി..അങ്ങോരുടെ ഒരു കാര്യമേ..

Abdu said...

ഞാന്‍ വായിക്കാറുള്ള ഇത്തിരി ഈ വരികള്‍കിടയില്‍ എനിക്ക് കാണാനാവുന്നില്ല, തീര്‍ച്ചയായും എഴുതപ്പെടേണ്ടതുതന്നയാണ് ഇത്തരം കഥകള്‍, പക്ഷെ ഇത്തിരിയുടെ ശൈലിക്ക് ഇത്തരം കഥകള് എത്രത്തൊളം യൊജിക്കുന്നു എന്നതില്‍ എനിക്ക് സംശയം തൊന്നുന്നു,

എന്റെ അഭിപ്രായം മാത്രമാണിത്, അതറിയിക്കണമെന്നും തൊന്നി, അത്കൊണ്ടാണ് പറഞ്ഞത്, ഒരിക്കലും നിരുത്സാഹപ്പെടുത്താനല്ല,

നന്ദി,

-അബ്ദു-‍