Monday, October 16, 2006

പോക്കരിന്റെ വല്ല്യാപ്പ...

പതിവ്‌ പോലെ അന്നും പോക്കര്‍ രാവിലെ ചെട്ടിയാരുടെ ശ്രീകൃഷ്ണവിലാസം ചായപീടിക എന്ന് പുള്ളിച്ചേമ്പ്‌ കൊണ്ടെഴുതിയ നാട്ടിലെ ഏക റസ്റ്റോറന്റിലെത്തി. രണ്ട്‌ കഷ്ണം പുട്ടിനും ഒരു ചായക്കും ഓര്‍ഡര്‍ ചെയുത്‌ കാലിന്മേല്‍ കാലുകയറ്റിവെച്ച്‌ തേങ്ങയുടെ കുറഞ്ഞ്‌ കൊണ്ടിരിക്കുന്ന അങ്ങാടി നിലവാരത്തെ കുറിച്ച്‌ വാചാലനായി.

അത്‌ കേട്ട്‌ കൊണ്ടിരുന്ന കുട്ടന്‍നായരാണ്‌ ചോദിച്ചത്‌ "അല്ല പോക്കരേ അന്നെ ആ ഏഡ്‌ കുട്ടമ്പിള്ളയും മമ്മുപോലീസും അന്വേഷിച്ച്‌ വന്നെന്ന് കേട്ടല്ലോ... ?.

"ഉം... ങ്ങക്കറിയോ നായരേ ... എന്നെ ചെലപ്പോള്‍ തുക്ക്ടിസായിപ്പ്‌ വരേ കാണാന്‍ വരും. ഞാനാരാ മോന്‍..."

പുളുവടിക്കാതെ ഒന്ന് പോടോ മാപ്ലേ... എന്ന പറഞ്ഞ്‌ വീട്ടിലേക്ക്‌ നടക്കാനൊരുങ്ങിയ കുട്ടന്‍നായരുടെ കൈകളില്‍ പിടിച്ച്‌ പോക്കര്‍ പറഞ്ഞു.

"ങ്ങക്കാറിയോ ഞമ്മളെ വല്ല്യാപ്പാനേ..."

"നിയ്ക്‌ അറിഞ്ഞൂട"

"ന്നാ ഇരിക്കി... നമ്മള്‌ പറഞ്ഞ്‌ താരാം"

കുട്ടന്‍നായര്‍ രണ്ടുവരി കല്ലില്‍ സ്ഥാപിച്ച മരത്തടിമേല്‍ തിരിച്ചിരുന്നു. പോക്കര്‍ മുന്നിലിരിക്കുന്ന പുട്ടില്‍ നിന്ന് ഒന്ന് നുള്ളിയെടുത്ത്‌ വായിലിട്ടു. പതുക്കേ ചായ മോന്തി. കഥാകഥനം ആരംഭിച്ചു.

"എന്റ വല്ല്യുമ്മ ആരാന്നറിയോ നയരേ..."

"ഇല്ല്യന്റെ പോക്കരേ... നീ പറ"

"രാജാവിന്റെ മോളായിരുന്നു..."

"പോടാ... പുളുവടിക്കാതെ"

"അതേന്നെ... മ്മടെ വല്ല്യാപ്പ ധൈര്യശാലിയും ബുദ്ധിമാനും ആയിരുന്നു. പിന്നെ ഇച്ചിരി പൊട്ടത്തരവും കാട്ടിയിട്ടുണ്ട്‌."

"അത്‌ ശരിയായിരിക്കും. വല്ല്യാപ്പ നിന്റേതല്ലേ..."

"വെറുതേ നായരേ ഒടക്കാന്‍ നിക്കല്ലേ... കഥ ഞാന്‍ പറയാം."

"അന്ന് എതോ ഒരു കോയി തമ്പുരാന്‍ രജ്യം ഭരിക്കുന്ന കാലം..."

"കോയി തമ്പുരാനോ..."

"എനിക്ക്‌ അത്രയേ അറിയൂ... ചെലപ്പോള്‍ എന്തെങ്കിലും വേറെ പേര്‌ കാണും."

"എന്നിട്ട്‌"

"ഈ കോയി തമ്പുരാന്റെ പട്ടാളത്തിന്റെ നേതാവും മരിക്കാന്‍ കെടക്കുന്ന കാലം. അക്കാലത്താണ്‌ ഈ രാജ്യത്തോടു ജുദ്ദം ചെയ്യാന്‍ കോയിക്കോട്ടെ പട വന്നത്‌... രാജാവ്‌ ആകെ ബേജാറായി. ഇനി ആരുപോവും ജുദ്ദം ചെയ്യാന്‍... ജുദ്ദത്തിന്‌ പോവേണ്ട പടത്തലവന്‍ മരിക്കാന്‍ കെടക്കുന്നു... കോയിക്കോട്ടെ പട നാട്‌ മുടിക്കാന്‍ വരുന്നു. രാജാവ്‌ അവസാനം ഇങ്ങനെ പറഞ്ഞു."

"എന്ത്‌"

വായിലിട്ട പുട്ടിന്റെ ബാലന്‍സ്‌ ചവച്ചിറക്കേ ആ ഇതിഹസം പോക്കര്‍ തുടര്‍ന്നു.

"ഈ ജുദ്ദത്തില്‍ സൈന്യത്തെ നയിച്ചാല്‍ അവന്‍ പാതിരാജ്യവും രാജകുമാരിയേയും നല്‍കാമെന്ന്. തോട്ടില്‍ ചൂണ്ടയിട്ട്‌ കൊണ്ടിക്കേയാണ്‌ വല്ല്യാപ്പ ഇത്‌ കേട്ടത്‌. ചൂണ്ടക്കോലും കൈയ്യില്‍ പിടിച്ച്‌ ഒരു ഓട്ടമല്ലായിരുന്നോ പിന്നെ. അവിടെയെത്തിയപ്പോള്‍ എന്താ കഥ... വാളും കുന്തങ്ങളുമായി ഒരു പാട്‌ ആളുകള്‍ ഒരുങ്ങി നില്‍ക്കുന്നു. വല്ല്യാപ്പ പറഞ്ഞു. "

"ഞാന്‍ നേതാവാകാം..."

രാജാവ്‌ : "എങ്കില്‍ ആ നില്‍ക്കുന്ന കുതിരപ്പുറത്ത്‌ കയറി ഇവിടെ ഒന്ന് ചുറ്റിവരണം"

"ഒരു പാട്‌ തവണ പോത്തിന്‍ വണ്ടിയില്‍ മഞ്ചേരി ചന്തക്കും പോത്തിന്‍ പുറത്ത്‌ കോട്ടക്കല്‍ പാടത്തും പോവാറുള്ള വല്ല്യാപ്പാക്കുണ്ടോ വല്ല പേടിയും. വല്ല്യാപ്പ കുതിരപ്പുറത്ത്‌ കയറി. "

"എന്നിട്ട്‌"

"കുതിരക്ക്‌ വല്ല്യാപ്പനെ അറിയില്ലല്ലോ... കുതിര അനങ്ങാതെ നിന്നു. അപ്പോള്‍ വല്ല്യാപ്പ കയ്യിലുണ്ടായിരുന്ന ചൂണ്ടകോല്‍ കൊണ്ട്‌ കുതിരയെ അടിച്ചു... അതോടെ കുതിര ഒരൊറ്റ ഓട്ടം."

"എന്റമ്മേ... എന്നിട്ടോ..."

"നിക്കി നായരേ അതല്ലേ ഈ പറയുന്നത്‌. കുതിര പെട്ടൊന്ന് ഓടിയപ്പോള്‍ വല്ലിപ്പാന്റെ കയ്യില്‍ നിന്ന് കടിഞ്ഞാണ്‍ പോയി. അതോടെ കുതിര മരണ ഓട്ടം. വല്ല്യാപ്പ ആകെ ബേജാറായി... എങ്ങനെയെങ്കിലും ഒന്ന് നിര്‍ത്തണ്ടേ..."

"ആ ... ശരിയാ..."

"അപ്പോളാണ്‌ ഒരു സൂത്രം തോന്നിയത്‌. ഓടുന്ന വഴിയില്‍ ഒരു തെങ്ങ്‌ കാണുന്നു. വല്ല്യാപ്പ ഒരു കൈകൊണ്ട്‌ തെങ്ങില്‍ കടന്ന് പിടിച്ചു. പ്ക്ഷേ എന്താ ഉണ്ടായതെന്ന് കേള്‍ക്കണോ...?"

"ആ തെങ്ങ്‌ വല്ല്യാപ്പന്റെ കയ്യില്‍ പറിഞ്ഞ്‌ പോന്നു. അതിന്റെ പിടിവിടാതെ മറ്റൊരു തെങ്ങില്‍ കടന്ന് പിടിച്ചു... അതും മറ്റേ കയ്യില്‍ പറിഞ്ഞ്‌ പോന്നു. പിന്നെ രണ്ട്‌ കൈകളിലും രണ്ട്‌ തെങ്ങുമായിരിക്കുന്ന വല്ല്യപ്പയുമായി കുതിര പോയത്‌ കോയിക്കോട്ടെ പട കാത്തിരിക്കുന്ന ഗ്രൌണ്ടിലേക്കായിരുന്നു..."

"രണ്ട്‌ കയ്യിലും ഓരോ തെങ്ങുമായി കുതിരപ്പുറത്ത്‌ അലറി കരഞ്ഞ്‌ വരുന്ന വല്ല്യാപ്പനേ കണ്ട്‌ കോയിക്കോട്ടെ പട ഓടി രക്ഷപെട്ടു. വല്ല്യാപ്പ ഒരു വിധം താഴെയിറങ്ങി. കുതിരയുടെ കടിഞ്ഞാണും പിടിച്ച്‌ തിരിച്ച്‌ രാജാവിന്റെ അടുത്തേക്ക്‌ പോയി."

"എന്നിട്ട്‌"

"എന്നിട്ടെന്താ രാജാവ്‌ മോളെ വല്ല്യാപ്പക്ക്‌ നിക്കാഹ്‌ കഴിച്ച്‌ കൊടുത്തു. പക്ഷേ പകുതി രാജ്യം കൊടുക്കാതെ പറ്റിച്ചു."

കുട്ടന്‍നായര്‍ പതുക്കേ എഴുന്നേറ്റു...

ഇന്നത്തേക്ക്‌ വയറുനിറഞ്ഞെന്ന് മനസ്സില്‍ പറഞ്ഞ്‌ പതുക്കേ നടന്ന് നീങ്ങി.

38 comments:

ഇത്തിരിവെട്ടം|Ithiri said...

പോക്കരിന്റെ വല്ല്യാപ്പ... പുതിയ പോസ്റ്റ്. വായിക്കുമല്ലോ

അഗ്രജന്‍ said...

അത് സരി... പോക്കരപ്പോ ചില്ലറക്കരനല്ലല്ലേ... പോക്കരിന്‍റെ വല്യാപ്പാടെ പേരക്കുട്ടിയല്ലേ!ഠേ്‌ഠഠ....

ഇടിവാള്‍ said...

ഇതലക്കീട്ടാ ചുള്ളാ !

ദില്‍ബാസുരന്‍ said...

ഇത്തിരീ,
ഇത് കലക്കി. :-)

പച്ചേങ്കില് കോട്ടക്കലും മഞ്ചേരീം കോയിക്കോട്ടെ രാജാവിന്റെ തന്നെ മൊതലായിരുന്നില്ലേന്നും? പോക്കരിക്ക്ണ്ടോ അതിന്റെ വല്ല കിയാലും അല്ലേ? :-)

Sul | സുല്‍ said...

ഹെഹെഹെ. അതു കലക്കി ഇത്തിരീ. നീ ഈ പോക്കരിനെ വിടാനുള്ള ഭാവമില്ല അല്ലെ. അവസാനം അതൊരു ഇത്തിരിപ്പോക്കരാവുമൊ?

ikkaas|ഇക്കാസ് said...

പോക്കര്‍ നല്ല അടിപൊലി കഥാപാത്രമാണല്ലോ ഇത്തിരീ!!
കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.

സലാം ksa said...

ഹി ഹി ഹി...
പോക്കര്‍ ആളുകോള്ളാല്ലോ ഇത്തിരീ... ശരിക്കും രസിച്ചുവായിച്ചു.

ചില നേരത്ത്.. said...

ഗ്രാമ്യ ഭാഷയിലെ ചില വാക്കുകള്‍ മുഴച്ചു നില്‍ക്കുന്നു.(ഉദാ:- ജുദ്ദം).
ആഖ്യാനരീതി നന്നായിരിക്കുന്നു.
എസ്. കെ പൊറ്റക്കാടിന്റെ ചില കഥാപശ്ചാത്തലം ഓര്‍മ്മിച്ചു.

ഏറനാടന്‍ said...

ഇത്തിരിയേ,
പോക്കര്‍ നമ്മളെ ദജ്ജാലിനെ പോലെയാണല്ലോ. അതായത്‌:

"പന പറിച്ച്‌ പല്ലില്‍കുത്തി ദജ്ജാലതാ വരുന്നേയ്‌" എന്നാണല്ലോ. മൂപ്പരേം തോല്‍പ്പിച്ചല്ലോ പോക്കര്‍! അതും രണ്ടു കൈയ്യിലും.. വേണ്ട സസ്‌പെന്‍സ്‌ കളേണില്ല.

ഉത്സവം : Ulsavam said...

രസായിട്ടുണ്ട്‌,
പോക്കര്‍ കൊള്ളാം...

നിയാസ് - കുവൈറ്റ് said...

പോക്കര്‍ വീണ്ടും വന്നോ... ഇത്തിരിയേ ഇത് അസ്സലായിരിക്കുന്നു. ചിരിച്ച് ഒരു വഴിക്കായി.

പുള്ളി said...

ഇങ്ങിനെയുള്ള കഥകളാവും ചിലപ്പൊള്‍ പിന്നീട് പുരാണമാവുക, പണ്ട് ഭഗവാന്‍ ഗോവര്ദ്ധനം എടുത്തു പൊക്കിയതു പോലെ.

ദേവന്‍ said...

രണ്ടു തെങ്ങും പിഴുതു പാഞ്ഞു വരുന്ന വല്യാപ്പാനെ കണ്ട്‌ കോഴിക്കോട്ട്‌ പട ഓടിയില്ലെങ്കിലേ ഉള്ളു അതിശയം.

പക്ഷേ ഈ കോഴിക്കോടു പട ജയിച്ച ചരിത്രവുമുണ്ട്‌ കേട്ടോ. വെറും ജയം അല്ല ടിപ്പു സുല്‍ത്താന്റെ ഒരു ബറ്റാലിയനെ ഓടിച്ച കഥ.

മൈസൂര്‍ വ്യാഘ്രം പുറപ്പെട്ടിന്‍ണ്ടുണ്ടെന്ന് അറിഞ്ഞ്‌ അവരെ നേരിടാന്‍ സാമൂതിരി തന്നെ ഒരു പട പടയാളികളെ അയച്ചു. അവര്‍ അടിവാരത്തെത്തിയതും അങ്ങു താമരശ്ശേരി ചുരത്തിലൂടെ ആന കുതിര തേര്‌ ആള്‌ വാള്‌ ഒക്കെയായി ടിപ്പുവിന്റെ സൈന്യം, അന്തവും കുന്തവുമില്ലാത്ത അല്ലല്ല കുന്തമുള്ള സൈന്യം ഇങ്ങനെ നിര നിരയായി ഇറങ്ങി വരുന്നു.

"ങള്‌ മുന്നോട്ട്‌ നടന്നോളീ ഞാനൊന്ന് മൂത്രിക്കട്ടെ. " സേനാ നായ്കന്‍ ഒരു മുക്കില്‍ കുത്തിയിരുന്നു.

"ഇങ്ങളു മുന്നോട്ട്‌ പോയിക്കോളിന്‍ ഞാനും മുള്ളട്ടെ" അസിസ്റ്റന്റ്‌ സേനാ നായകനും ഇരുന്നു.
പിന്നാലെ വന്നവന്‍ ഇരുന്നു. അടുത്തവന്‍, അടുത്തവന്‍ . അങ്ങനെ മൊത്തം മുള്ളാനിരുന്നു.

ദൂരദര്‍ശിനിക്കുഴലിലൂടെ ഒക്കെ നോക്കിക്കൊണ്ടിരുന്ന ടിപ്പുവിന്റെ പടത്തലവന്‍ വിളിച്ചു. "ഹാള്‍ട്ട്‌!"
"ക്യാ ഹുവാ?" മൈസൂറികള്‍ ചോദിച്ചു.
" ബായേ മൂട്‌!. അവര്‍ ആള്‍ അമ്പതു പേരേ കാണൂ.. പക്ഷേ ആ ഒരുമ കണ്ടില്ലേ. മുള്ളാന്‍ പോലും എന്തൊരു യോജിപ്പ്‌. ആ കൂട്ടായ്മയെ തോല്‍പ്പിക്കാനാവില്ല, നമുക്ക്‌ തിരിച്ചു പോകാം"
[ തമാശാണേ, ചരിത്രമല്ല]

വല്യമ്മായി said...

സുല്ലിന്‍റെ സംശയം എനിക്കുമുണ്ട്.ഇത്തിരിയായാലും പോക്കരായാലും നല്ല ബഡായി.അടുത്തത് പോരട്ടെ

വിശാല മനസ്കന്‍ said...

ആള് പുലിയായിരുന്നല്ലേ?

രണ്ട് തെങ്ങ് പറച്ചത് നന്നായി. ബാലന്‍സിങ്ങ് ശരിയായല്ലോ. അല്ലെങ്കില്‍ ഒരു സൈഡില്‍ വെയ്റ്റ് കൂടി ചുള്ളന്‍ താഴെ വീണുപോയേനെ..!

ഇത്തിരിയേ നന്നായിട്ടുണ്ട്ട്രാ..

ദില്‍ബാസുരന്‍ said...

വേറെ ഒരു തമാശക്കഥ ഉണ്ട് ദേവേട്ടാ. ഒരു പടനായര്‍ കുക്ക് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് സാമൂരിപ്പടയ്ക്കൊന്നാകെ വയറിളക്കം വന്നു. രാവിലെ രണ്ടിന് പോകുന്നവരുടെ എണ്ണം ബൈനോക്കുലറിലൂടെ നോക്കി പട്ടാളക്കാരുടെ എണ്ണം നോക്കുകയായിരുന്ന ടിപ്പുവിന്റെ സൈന്യം വൈകുന്നേരമായിട്ടും ആളുകളുടെ വരവ് നിലയ്ക്കാത്തത് കണ്ട് പേടിച്ച് മടങ്ങി പോലും. ഒരേ ആല്‍ഊകള്‍ തന്നെ രണ്ടാം റൌണ്ട് വരുകയാണെന്ന കാര്യം അവര്‍ക്കറിയില്ലല്ലോ. :-)

magnifier said...

കലക്കാ കലക്കാണല്ലോ ഇത്തിരീ...
“റിഞ്ഞതെന്തു പോക്കര്‍
തെങ്ങോ, വെറുമൊരു ചുള്ളിക്കമ്പോ?“

saptavarnangal said...

ഇത്തിരി,
പോക്കറും കൊള്ളാം വല്യാപ്പയും കൊള്ളാം!
എന്നാലും കോയി തമ്പുരാന്‍ പാതി രാജ്യം കൊടുക്കാതെ പറ്റിച്ചെല്ലോ, ശ്ശെ :(

കുറുമാന്‍ said...

ഇത്തിര്യേ...പേര്‍് മാറ്റാറായിട്ടാ, ഇമ്മിണി ബല്യേ വെട്ടംന്നാക്കിക്കോ....

പോക്കരും കൊള്ളാം, പോക്കരിന്റെ വല്യുപ്പാപ്പയും കൊള്ളാം.....കഥാകതനവും കൊള്ളാം.....
അടുത്തത് പോരട്ടെ

സൂര്യോദയം said...

കലക്കീണ്ട്‌ ട്ടോ....

സുല്‍ത്താന്‍ said...

പോക്കരുടെ രണ്ടാം വരവും കൊള്ളാല്ലോ ചുള്ളാ. എന്നാലും പാതി രാജ്യം കൊടുക്കാത്തത് മോശമായിപ്പോയി.

ഇത്തിരീ സൂപ്പറാ‍യി കെട്ടോ.

-സുല്‍ത്താന്‍

പടിപ്പുര said...

ബഡായിന്നൊക്കെപ്പറഞ്ഞാല്‍ ഇങ്ങിനെയിരിക്കണം. അല്ലേ, ഇത്തിരീ?

പാര്‍വതി said...

ഇപ്രാവശ്യവും പോക്കറ് ഒരു കലക്ക് തന്നെ കലക്കീല്ലോ ഇത്തിരിയേ..

രസിച്ചു.

-പാര്‍വതി

മിന്നാമിനുങ്ങ്‌ said...

ഇത്തിരിയേ,ഇത്‌ കലക്കീട്ടൊ
പോക്കറിന്റെ രണ്ടാംകഥ യാണെനിക്ക്‌
കൂടുതല്‍ ഇഷ്ടമായത്‌.
അപ്പൊ,പോക്കര്‍ ആളൊരു ശുജായി തന്നെയാണല്ലോ.
ഇനിയും വരട്ടെ,കൂടുതല്‍ പോക്കര്‍വിശേഷങ്ങള്‍

അലിഫ് /alif said...

പോക്കറിത്തവണയും കലക്കി ഇത്തിരീ, പോക്കറിന്റെ വല്യാപ്പയും.

കരീം മാഷ്‌ said...

ഈ ബ്ലോഗില്‍ ഇതുപോലെ പോക്കരിക്കാന്റെ ബഡായികള്‍ മാത്രം എഴുതി ഇതൊരു ബീര്‍ബല്‍ കഥകള്‍ പോലെയൊ കുഞ്ഞായിന്‍ മുസ്ല്യാര്‍ കഥകള്‍ പോലെയോ സീരിയലായി ചരിത്രത്തിന്റെ ഭാഗമാക്കുക. നല്ല രസമായിരിക്കും.
ആശംസകള്‍.

മുന്ന said...

കലക്കിയല്ലോ ഇത്തിരീ......

പച്ചാളം : pachalam said...

ഇത്തിരിയേയ്,
ജ്ജ് ആള് കൊള്ളാല മോനെ...
പെരുത്തിഷ്ടായീട്ടാ...
ന്നാലും ന്‍റെ പോക്കറേ..
അന്‍റ ഉപ്പാപ്പേം ഒരു പുല്യാറ്ന്നല്ലേ...

Adithyan said...

റഷീദിക്കാ,
ഇത് സൂപ്പര്‍... സൂപ്പറേ സൂപ്പര്‍...

പോക്കര്‍ കഥകള്‍ മുടങ്ങാതെ പോരട്ടെ...:)

സാലിഹ് said...

ഹി ഹി ഹി...
ഇത്തിരി ജ്ജ് ഒരു പുലിയായിരുന്നല്ലേ.
ഇത്തിരീ പോക്കരുടെ രണ്ടാം ഭാഗവും കലക്കി. ഇനിയും വരട്ടേ പോക്കരുടെ കഥകള്‍

അത്തിക്കുര്‍ശി said...

വായിച്ചിരുന്നു.. പോക്കരിന്റെ പൊക്രിതരങ്ങള്‍ നന്നാവുന്നുണ്ട്‌!

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ നന്ദി. ആ തേങ്ങമടക്കി തന്നതില്‍ സ്പെഷ്യല്‍ താങ്ക്സ്‌. പിന്നല്ലാതെ.

ഇടിവാള്‍ജീ നന്ദി.

ദില്‍ബാ നന്ദി. പോക്കരല്ലേ ദില്‍ബൂ നീ ക്ഷമി.

സുല്‍ നന്ദി കെട്ടോ, ഇത്‌ ഒത്തിരി പോക്കര്‍ ആല്ലേ.

ഇക്കാസ്ജീ നന്ദി, നോകാം.

വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും ഒത്തിരി നന്ദി

സലാം... നന്ദി കെട്ടോ.

ഇബ്രൂ നന്ദി.

ഏറനാടന്‍ മാഷേ... നന്ദി. ദജ്ജാലിനെ കുറിച്ച്‌ അങ്ങനെയും ഒന്നുണ്ടോ... ആദ്യമായി കേള്‍ക്കുന്നു.

ഉത്സവം നന്ദി.

നിയാസെ നന്ദി കെട്ടോ.

പുള്ളി നന്ദി.., ചിലപ്പോള്‍ ആയിരിക്കും.

ദേവേട്ട ഒത്തിരി നന്ദി. പോസ്റ്റിലും സൂപ്പര്‍ കമന്റിയതിന്‌... സൂപ്പര്‍ കമന്റ്‌.

വല്ല്യമ്മായി. നന്ദി. സംശയം വേണ്ട. ഇത്‌ പോക്കര്‌ തന്നെ.

വിശാല്‍ജീ ഒത്തിരിനന്ദി. ഹ ഹ ഹ.

ദില്‍ബാ... ഹ ഹ ഹ

മാഗ്നിഫെയര്‍ നന്ദി... പോക്കരല്ലേ

കുറുജീ നന്ദി. എല്ലാവരും കൂടി എന്റെ പേരുമാറ്റല്ലേ... അഗ്രജന്‍ ഒരിക്കല്‍ ശ്രമിച്ചതാ.

സുര്യോദയം. നന്ദി കെട്ടോ.

സുല്‍ത്താനേ നന്ദി കെട്ടോ. ഒരു ബ്ലോഗ്‌ തുടങ്ങ്‌ ചുള്ളാ.

പടിപ്പുര നന്ദി. ഹ ഹ ഹ

മിന്നാമിനുങ്ങേ നന്ദി കെട്ടോ. പോക്കര്‍ ചിലപ്പോള്‍ വളാഞ്ചേരി സ്വദേശി ആയിരിക്കും.

ചെണ്ടക്കാരാ നന്ദി.

കരീംമഷേ നന്ദി കെട്ടോ. അത്രയൊക്കെ വേണോ.

മുന്ന നന്ദി.

പച്ചാളം നന്ദി.


ആദീ നന്ദി കെട്ടോ.

അത്തികുര്‍ശി മാഷേ നന്ദി കെട്ടോ

സാലിഹ്‌ നന്ദി, ഇത്‌ വെറും എലി.

അത്തികുര്‍ശ്ശി നന്ദി കെട്ടോ

ഇടങ്ങള്‍|idangal said...

ഇത്തിരീ നന്നായിരിക്കുന്നു, രസകരമാണ് ഇത്തരം കഥകള്‍,
പക്ഷെ ഭാഷാ ശൈലി ഉപയൊഗിക്കുന്നതില്‍ ഒന്നുകൂടി ശ്രദ്ധിക്കുക, ഇത്തരം കഥകളില്‍ പ്രാദേശികമായ അത്തരം ശൈലിയാണ് അതിനെ മനൊഹരവും രസകരവുമാക്കുന്നത്.

നന്ദി,

-അബ്ദു-

ഞാന്‍ ഇരിങ്ങല്‍ said...

ഇത്തിരിവെട്ടമേ..
പോക്കരിനെ ഞമ്മക്ക് പുടിച്ചൂട്ടാ പുള്ളേ...
ങ്ങക്കറിയൊ..ബന്ന് ബന്ന് നാട്ടുമ്പൊറത്തെ ചായക്കടയും ബഞ്ചിര്‍ലിരുന്നുള്ള ആ പത്രവായനയും ഒക്കെ മ്മക്ക് നഷ്ടായിരിക്കുന്നു.
“ഇന്ദിരാഗാന്ധിക്ക് ആരോ.. പണം അയച്ച കഥ അറിയാ‍ലൊ അല്ലേ...”
അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്‍റെ പച്ചപ്പ്. വളരെ ഇഷ്ടായി.
സ്നേഹത്തോടെ
രാജു

കുട്ടന്മേനൊന്‍::KM said...

ഇത്തിരീ ഇതും തകര്‍പ്പന്‍.

കിച്ചു said...

കൊള്ളാം ചുള്ളാ നിന്റെ പോക്കറുടെ കഥകള്‍. ആ വല്ലാപ്പേന്റെ മോഞായ അനക്ക് (ഐ മീന്‍ പോക്കറര്‍ക്ക്)പാതി രാശ്യം കിട്ടിയാനേ ആരായീനൂ നീ..

അരവിശിവ. said...

ഇത്തിരിയേ നല്ല സരസന്‍ സാധനം...ചിരിച്ച് ഒരു വഴിയ്ക്കായി...

ശ്രീ said...

അതു കലക്കി. ന്നാലും പാതി രാജ്യം കൊടുക്കാതിരുന്നതു കഷ്ടമായി. :)

ലിങ്ക് തന്നതിനു നന്ദി മാഷേ