Sunday, February 25, 2007

പോക്കരുടെ അപേക്ഷ.

പതിവ്‌ പോലെ പോക്കര്‍ കുട്ടന്നായരുടെ ശ്രീകൃഷ്ണവിലാസത്തിലെ പുട്ടും കടലയും തട്ടുന്നതിനിടയിലാണ്‌ തലേന്ന് രാത്രി താടിക്കോയ പോത്ത്‌ വാങ്ങാനായി പെരുമ്പിലാവ്‌ ചന്തയ്ക്ക്‌ പോയെന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങൂ എന്നും കുട്ടന്നായര്‍ പറഞ്ഞറിയുന്നത്‌. അപ്പോള്‍ തന്നെ അന്നത്തെ ഈവനിംഗ്‌ വാക്ക്‌ താടിക്കോയയുടെ വീടുവഴിയാകട്ടേ എന്ന് പോക്കര്‍ തീരുമാനിക്കുകയും ചെയ്തു.

ഇത് പറയുമ്പോള്‍ തന്നെ കുട്ടന്നായര്ക്ക് അറിയാമായിരുന്നു പോക്കര്‍ ഇന്ന് ആ വഴി പോവുമെന്നും ഇന്ന് തന്നെ തിരിച്ചെത്തുന്ന താടിക്കോയയുടെ പിടിയില്‍ പെടുമെന്നും... എല്ലാം ഓര്‍ത്തപ്പോള്‍ നായരുടെ മനസ്സിലും ചുണ്ടിലും ചിരി പൊടിഞ്ഞു.

മത്തിച്ചാറൊഴിച്ച ചോറുണ്ട്‌ സഹചാരിയായ ചാക്കുമായി പോക്കര്‍ താടിക്കോയയുടെ വീട്‌ ലക്ഷ്യമാക്കി നീങ്ങി.

താടിക്കോയയ്ക്‌ രണ്ട്‌ ഭാര്യമാരായിരുന്നു. പരസ്പരം സ്റ്റണ്ട്‌ നടത്തിയിട്ട്‌ ഒരു കാര്യവുമില്ലന്ന് ബോധ്യമായി രമ്യതയില്‍ കഴിയുന്ന അവര്‍ ഏത്‌ സമയവും തിരിച്ചെത്താവുന്ന ഭര്‍ത്താവിനെ കാത്തിരുന്ന് ചെറുതായി ഉറക്കം പിടിച്ചതേയുള്ളൂ.

ഭര്‍ത്താവിന്റെ കാല്‍ പെരുമാറ്റം. ഇരുട്ടില്‍ എത്തിയ ഭര്‍ത്താവിനെ ഒന്നാം ഭാര്യ കൈപിടിച്ച് പതുക്കെ തന്റെ അരികിലേക്ക്‌ വലിച്ചടുപ്പിച്ചു. അപ്പോഴാണ്‌ എതിര്‍ വശത്ത്‌ നിന്ന് മറ്റൊരാള്‍ അങ്ങോട്ടും പിടിച്ച്‌ വലിക്കുന്നത്‌ മനസ്സിലായത്‌. അവള്‍ക്കുറപ്പായി അത്‌ തന്റെ സപത്നിയാണെന്ന്. അതോടെ അവര്‍ കൂടുതല്‍ ശക്തിയായി വലിച്ചു. അതിനനുസരിച്ച്‌ എതിര്‍വശത്ത്‌ നിന്നുള്ള വലിയും ശക്തമായി. ഇരുവശത്തേക്കുമുള്ള വലിയുടെ ശക്തി കൂടികൂടി വന്നതോടെ തന്റെ കൈ പറിഞ്ഞ്‌ പോവുമെന്ന് തോന്നിയ പോക്കര്‍ അലറി വിളിച്ചു. ശബ്ദം കേട്ടപ്പോഴാണ്‌ ഇത്‌ ഭര്‍ത്താവല്ലന്നും മറ്റാരോ ആണെന്നും താടിക്കോയയുടെ ഭാര്യമാര്‍ക്ക്‌ ബോധ്യമായത്‌.


വീട്ടില്‍ വിളക്ക്‌ തെളിഞ്ഞപ്പോഴാണ്‌ ഒടിഞ്ഞ്‌ തൂങ്ങിയ കൈകളുമായി ഒരാള്‍ ബോധമറ്റുകിടക്കുന്നത്‌ കണ്ടത്‌. അതോടെ അവരും അലറി വിളിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ ആദ്യം നാട്ടുവൈദ്യന്റെ വൈദ്യശാലയിലും പിന്നീട്‌ പോലീസ്‌ സ്റ്റേഷനിലും എത്തിച്ചു.

അന്ന് പോക്കരിന്റെ കേസിന്റെ വിധി പറയുന്ന ദിവസം. പ്രതിക്കൂട്ടിലെ പോക്കരെ നോക്കി ജഡ്ജി ചോദിച്ചു. "താങ്കള്‍ക്ക്‌ ശിക്ഷ വിധിക്കാന്‍ പോവുന്നു. അതിന്‌ മുമ്പ്‌ പ്രതിക്ക്‌ കോടതിയുടെ മുമ്പാകെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ...?"

പോക്കര്‍ തന്റെ രണ്ട്‌ കൈകളും കൂപ്പി " പൊന്ന്നേമാനേ... ഞാന്‍ കള്ളനാണ്‌. അന്നവിടെ കക്കാന്‍ കേറിയതായിരുന്നു. അതിന്‌ അങ്ങ്‌ തരുന്ന എന്ത്‌ ശിക്ഷയും പോക്കര്‌ എറ്റുവാങ്ങാം... പക്ഷേ ഒരപേക്ഷയുണ്ട്‌... എന്നെക്കൊണ്ട് രണ്ട്‌ കല്ല്യാണം കഴിപ്പിക്കുന്ന എന്ന ശിക്ഷമാത്രം വിധിക്കരുത്‌... എനിക്ക്‌ വേറെ ഒന്നും പറയാനില്ല.

കോടതിയില്‍ ഉയര്‍ന്ന ചിരിയമര്‍ന്നപ്പോള്‍ തന്റെ ചിരിയുമടക്കി ജഡ്ജി ശിക്ഷാവാചകങ്ങള്‍ വായിക്കാന്‍ തുടങ്ങി...

18 comments:

Rasheed Chalil said...

പോക്കര്‍ വിശേഷങ്ങളുമായി ഒരു പോസ്റ്റുകൂടി.

സു | Su said...

ഹിഹിഹി പാവം പോക്കര്‍.

Unknown said...

ഇത്തിരീ നന്നായിട്ടുണ്ട്,
ഇത്തിരി നര്‍മ്മം ചേര്‍ത്ത് ഒത്തിരി ചിന്തിപ്പിക്കുന്ന കൊച്ചു കഥ.

ഏറനാടന്‍ said...

പോക്കറെ കണ്ടിട്ടൊരുപാട്‌ നാളായല്ലോ, ഇത്തിരിമാഷേ?
ന്നാലും വേഗം കഥ കഴിഞ്ഞപൊലെ, ഇത്തിരീടെ പൊലിപ്പിക്കാമായിരുന്നോ, ഉവ്വോ, അല്ലേ? ഇല്ലേ?

*** (ഇനി നക്ഷത്രം വെച്ച്‌ പോസ്‌റ്റുകള്‍ വിലയിടുന്നതാണ്‌)
:)

മുസ്തഫ|musthapha said...

ഹഹഹ... അവസാനത്തെ ആ അപേക്ഷ കലക്കി :)

മഴത്തുള്ളി said...

ആ പോക്കറെ ഒരു അഞ്ച് കല്യാണം കഴിപ്പിക്കുവാ വേണ്ടെ... അയാള്‍ടെ സ്വഭാവം അതല്ലേ..എന്നാലെ അയാള്‍ പഠിക്കൂ ;) ഹി ഹി.

ഇതുപോലുള്ള കൊച്ചുകൊച്ചു കഥകള്‍ എനിക്ക് വളരെയിഷ്ടമാണ്.

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

ഹെഹെഹെ ഇത്തിരീ
ഇതല്‍പ്പം കടന്ന ചിന്തയാണല്ലോ. കെട്ടണ്ടട്ടാ. രണ്ട് കെട്ട് കെട്ടണ്ട.
:)

-സുല്‍

ഫാ.ബെന്യാമിന്‍ said...

ഉന്നും കെട്ടാതെ തന്നെ പോക്കരിന്റെ രണ്ട് കയ്യുടേം പരിപ്പെളകിക്കിട്ടി. ഇനിയിപ്പൊ അയാളു രണ്ടല്ല, നാലു കെട്ടീട്ടെന്ത് കാര്യം. കഥ രസിച്ചു ഇത്തിരീ.

krish | കൃഷ് said...

പോക്കരുടെ അപേക്ഷ കൊള്ളാം.
പോക്കരെ കോയയുടെ വീട്ടിലേക്ക്ക്ക്‌ റഫര്‍ ചെയ്ത കുട്ടന്‍നായര്‍ക്ക്‌ ശിക്ഷയൊന്നും കിട്ടീല്ലേ.

അപ്പു ആദ്യാക്ഷരി said...

:-) :-)) :-))) സുന്ദര്‍

വിചാരം said...

ഇത്തിരിര്യേ.. ഈ കഥ ഇപ്പം പറഞ്ഞത് നന്നായിട്ടോ അല്ലെങ്കില്‍ ഞാന്‍ മറ്റൊന്നു കെട്ടാനുള്ള ആലോചനായിരുന്നു എന്തായാലും ഇനിയില്ല മോനെ ഉള്ളതുകൊണ്ടോണം പോലെ ഞാന്‍ കഴിഞ്ഞോളാമേ ...

കരീം മാഷ്‌ said...

നഞ്ഞെന്തിനാ നാനാഴി

Rasheed Chalil said...

സു, പൊതുവാള്‍,ഏറനാടന്‍, അഗ്രജന്‍, മഴത്തുള്ളി, സുല്‍, ഇക്കാസ്,കൃഷ്, അപ്പു, വിചാരം, കരീം മാഷ്... എല്ലാവര്‍ക്കും ഒത്തിരി നന്ദി.

അപ്പു ആദ്യാക്ഷരി said...

ithireeee..... welcome back!! എവിടാരുന്നു കുറേ ദിവസം?

Sona said...

കഥ ശരിക്കും രസിപ്പിച്ചു..ഹ ഹ ഹ...

Rasheed Chalil said...

അപ്പു, സോനാ നന്ദി കെട്ടോ.

കുറുമാന്‍ said...

ഇത്തിരീ.....കൊടുകൈ.....ഈ സീരീസ് അങ്ങട് ഇടക്കിടക്ക് പോന്നോട്ടെ.